മിക്കവരും ദിവസം തുടങ്ങുന്നത് തന്നെ ചൂടുള്ള ഒരു കപ്പ് ചായയോടെയാണ്. ശരീരത്തിനും മനസിനും ഒരുപോലെ ഉണര്‍വേകാനാണ് ഇത്തരത്തില്‍ രാവിലെ തന്നെ നാം ചായയെ ആശ്രയിക്കുന്നത്. തുടര്‍ന്നങ്ങോട്ട് രാത്രി വരെയുള്ള സമയത്തിനകം മൂന്നോ നാലോ കപ്പ് ചായ വരെ അകത്താക്കുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. 

ചായ അധികം കഴിക്കുന്നത് ആരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുമെന്ന് പലരും പറഞ്ഞുകേള്‍ക്കാറുണ്ട്, അല്ലേ?  പ്രത്യേകിച്ച് മധുരം ചേര്‍ത്ത് കഴിക്കുന്ന ചായ. യഥാര്‍ത്ഥത്തില്‍ ചായ നമുക്ക് അത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കുമോ? 

നീണ്ട കാലങ്ങളായി പല പഠനങ്ങളും ഈ വിഷയത്തില്‍ നടന്നു. ചില പഠനങ്ങള്‍ ചായയുടെ ഗുണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. ചില പഠനങ്ങളാകട്ടെ, ചായയുടെ ദോഷവശങ്ങളെ ഉയര്‍ത്തിക്കാട്ടി. എന്തായാലും ചായയുടെ മികച്ചൊരു ഗുണം എന്ന പേരില്‍ ഏറ്റവും പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 

'യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് ചൈനയില്‍ നിന്നുള്ള ഗവേഷകസംഘം നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. പതിവായി ചായ കഴിക്കുന്നവരില്‍, മരണത്തിന് വരെ കാരണമാകുന്ന ഹൃദ്രോഗങ്ങള്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറവാണെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. അതിനാല്‍ത്തന്നെ, ആയുസ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ചായയ്ക്കും പരോക്ഷമായൊരു പങ്കുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഒരു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളിച്ചാണേ്രത ഗവേഷകര്‍ പഠനം നടത്തിയത്. ഹൃദയാഘാതം, പക്ഷാഘാതം, ക്യാന്‍സര്‍ എന്നീ രോഗാവസ്ഥകളൊന്നുമില്ലാത്ത ആളുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഇതില്‍ അമ്പതുകാരായ ആളുകളുടെ കൂട്ടമെടുക്കുകയാണെങ്കില്‍, പതിവായി ചായ കഴിക്കാത്തവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും പക്ഷാഘാതവുമെല്ലാം നേരത്തേ പിടിപെടുന്നതായി കണ്ടുവെന്നാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്ന വിവരം. പതിവായി ചായ കുടിക്കുന്നവരിലാകട്ടെ, മറുവിഭാഗത്തെ അപേക്ഷിച്ച് ഈ സാധ്യതകളെല്ലാം 20 ശതമാനത്തോളം കുറവാണ് കണ്ടതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

ചായകളില്‍ തന്നെ ഗ്രീന്‍ ടീയാണ് ഇത്തരത്തില്‍ ഏറ്റവും പ്രയോജനപ്പെടുന്നതെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. ഗ്രീന്‍ ടീക്ക് പിന്നാലെ ബ്ലാക്ക് ടീയും ഇടം പിടിച്ചിരിക്കുന്നു. 

Also Read:- ചായയും 'എക്‌സ്‌പെയര്‍' ആകും; ശ്രദ്ധിക്കാറുണ്ടോ ഇക്കാര്യം?...