ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒരു ചിത്രമുണ്ട്. കല്‍പറ്റ എംഎല്‍എയായ സി കെ ശശീന്ദ്രന്‍ ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കുള്ള അരിയുമായി നടന്നുകയറുന്ന ചിത്രം. ഒരു സാധാരണക്കാരന്റെ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നതിനാലാണ് അസാധാരണമാം വിധം ആ ചിത്രം ശ്രദ്ധ നേടിയത്. 

സി കെ ശശീന്ദ്രന്റെ ജീവിതരീതികള്‍ ഇതിന് മുമ്പും പലപ്പോഴായി, പ്രശംസിക്കപ്പെട്ടിട്ടുണ്ട്. കൃഷിയോടും മണ്ണിനോടും അദ്ദേഹം കാണിക്കുന്ന അടുപ്പവും, ദൈനംദിനജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യവും തന്നെയാണ് ഇതിനെല്ലാം കാരണമായി വന്നത്. ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിലും കാണാം, ചെരുപ്പില്ലാതെയാണ് അദ്ദേഹം നടക്കുന്നത്. 

അതൊരുപക്ഷേ, ലളിതജീവിതത്തിന്റെ ഒരു പര്യായമായിരിക്കാം. എങ്കിലും നഗ്‌നമായ പാദങ്ങളോടെ നടക്കുന്നതില്‍ ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. പ്രകൃതിവാദികള്‍ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കള്‍ വരെ ഇതിനെ ന്യായീകരിച്ച് പല കാലങ്ങളിലും രംഗത്തെത്തിയിട്ടുണ്ട്. 

അറിയപ്പെടുന്ന ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. ജൊനാഥന്‍ കെപ്ലാന്‍ പറയുന്നു- ചെരിപ്പില്ലാതെ നടക്കുമ്പോള്‍ ഒരു മനുഷ്യശരീരത്തിന്റെ ആകെ സന്തുലിതാവസ്ഥയെത്തന്നെ അത് പരിപോഷിപ്പിക്കുമത്രേ. നടക്കാന്‍ പാകമാകുമ്പോള്‍ മുതല്‍, കുട്ടികളെ നമ്മള്‍ ചെരുപ്പ് ധരിപ്പിച്ച് തുടങ്ങുന്നു. പിന്നീടങ്ങോട്ട് ആ കുട്ടിയുടെ പാദത്തിന്റെ ഘടന, നടത്തത്തിന്റെ ഘടന- എല്ലാം ചെരുപ്പിന് അനുസരിച്ചായി മാറുന്നു. 

ചെരുപ്പ് ധരിച്ച് നടക്കുമ്പോള്‍, കാലിലെ പല പേശികളും ഉപയോഗിക്കപ്പെടാതെ, അങ്ങനെതന്നെ കിടക്കുമത്രേ. ഇത് ശീലത്തിന്റെ ഭാഗമായി ശരീരം സ്വാഭാവികമായി ഏറ്റെടുക്കും. എന്നാല്‍, ഒരിക്കലെങ്കിലും ആ ശീലത്തെ ഭേദിച്ചാല്‍ മാത്രമേ അതിന്റെ ഗുണങ്ങള്‍ അറിവാവുകയുള്ളൂവെന്നും പ്രഗത്ഭര്‍ പറയുന്നു. 

'ചില ചെരുപ്പുകള്‍ ഭയങ്കര സുഖമാണ് ധരിക്കാന്‍. അവയുടെ മെറ്റീരിയല്‍ അത്തരത്തിലുള്ളവയാണ്. എന്നാല്‍ ശരീരത്തിനാകെ ബലം നല്‍കാന്‍ ഉതകുന്ന ചില പേശികളുടെ സ്വതന്ത്രമായ ചലനത്തെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് നമ്മളൊരിക്കലും ബോധവാന്മാരാകുന്നില്ല..'- പോഡിയാട്രിസ്റ്റായ ഡോ. ബ്രൂസ് പിങ്കര്‍ പറയുന്നു. 

ചെരുപ്പ് ഉപയോഗിക്കാതിരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...

1. തറയില്‍ നഗ്‌നമായ പാദങ്ങളൂന്നി നടക്കുമ്പോള്‍, പാദങ്ങളുടെ ഘടന കൂടുതല്‍ മെച്ചപ്പെടുകയും, അതിലൂടെ ശരീരത്തെ ആകെയും 'ബാലന്‍സ്' ചെയ്യാന്‍ കഴിയുകയും ചെയ്യുന്നു. 

2. നമ്മളുപയോഗിക്കുന്ന പല ചെരുപ്പുകളും പുറം വേദന, കാലുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എവിടെയാണ് ചെരുപ്പ്- കാലിനെ നിയന്ത്രിക്കുന്നത് എന്നതിന് അനുസരിച്ചാണ് ഇത്തരം വിഷമതകളുണ്ടാകുന്നത്. അവയെയെല്ലാം മറികടക്കാം. 

3. പേശികള്‍ക്ക് ആവശ്യമായ ബലം ഉറപ്പുവരുത്താന്‍ സഹായിക്കുന്നു. 

4. ചെരുപ്പ് ധരിക്കാതെ പുല്ലുവിരിച്ചയിടങ്ങളിലൂടെ നടക്കുന്നത്, മാനസികമായ ഉല്ലാസം നല്‍കുന്നു. വിഷാദം, സമ്മര്‍ദ്ദം എന്നിവയ്ക്ക് തടയിടുന്നതിനും ഇത് സഹായിക്കുന്നു. 

5. ഉറക്കമില്ലായ്മയെ പരിഹരിക്കാന്‍ ചെരുപ്പ് ധരിക്കാതെ അല്‍പനേരം നടക്കുന്നത് സഹായകമാണെന്ന് പ്രകൃതിചികിത്സകര്‍ അവകാശപ്പെടുന്നു. 

6. ശരീരവേദനകളാല്‍ അസ്വസ്ഥപ്പെടുന്നവര്‍ക്ക്, ഒരു യോഗയെന്നോണം ചെരുപ്പില്ലാത്ത നടത്തത്തെ കാണാമെന്നും പാരമ്പര്യ ചികിത്സകര്‍ പറയുന്നു. 

7. മണ്ണിലോ, നേരത്തേ സൂചിപ്പിച്ചത് പോലെ പുല്ലിലോ മാത്രമല്ല അല്‍പം പരുത്ത പ്രതലങ്ങളിലൂടെ വരെ നഗ്‌നമായ പാദങ്ങളോടെ നടക്കുമ്പോള്‍ ശരീരത്തിന് പതിവിലധികം ഊര്‍ജ്ജം ലഭിക്കുന്നു. 

അതേസമയം ചെരുപ്പ് ഉപയോഗിക്കാതെ എവിടെയെല്ലാം നടക്കാം എന്നതിനെക്കുറിച്ച് യുക്തിപരമായ തീരുമാനങ്ങള്‍ ആവശ്യം തന്നെയാണ്. പുതിയ കാലത്ത് തൊഴിലിടങ്ങളിലോ, പൊതുനിരത്തിലോ, നഗരങ്ങളിലോ ഒന്നും ചെരുപ്പ് ഉപയോഗിക്കാതെ നടക്കാനാവില്ല. അലക്ഷ്യമായ നടത്തം അത്ര സുരക്ഷിതവുമല്ല. എങ്കിലും വീട്ടുപരിസരങ്ങള്‍- പാര്‍ക്കോ ഉദ്യാനങ്ങളോ പോലുള്ളയിടങ്ങളില്‍ എല്ലാം അല്‍പനേരം ചെരുപ്പ് ഉപേക്ഷിച്ച് നടക്കാന്‍ ആര്‍ക്കും കഴിയും. ഇത് വളരെയധികം മാറ്റം ശരീരത്തിനും മനസിനും നല്‍കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അവകാശപ്പെടുന്നത്.