Asianet News MalayalamAsianet News Malayalam

'30 വയസ് കഴിഞ്ഞ എല്ലാവരും പ്രമേഹ പരിശോധന നടത്തണം'; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

'പ്രമേഹ പരിരക്ഷയ്ക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിന സന്ദേശം. 30 വയസ് കഴിഞ്ഞ എല്ലാവരും പരിശോധന നടത്തി പ്രമേഹമോ മറ്റ് ജീവിതശൈലീ രോഗങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

Health minister veena george post about World Diabetes Day
Author
Thiruvananthapuram, First Published Nov 14, 2021, 11:20 AM IST

ഇന്ന് ലോക പ്രമേഹ ദിനം (World Diabetes Day). 'പ്രമേഹ പരിരക്ഷയ്ക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിന സന്ദേശം. പ്രമേഹം (Diabetes) കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിക്കുന്നതിനും ജനങ്ങള്‍ക്ക് ഇന്‍സുലിന്‍ (insulin) ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആരോഗ്യരംഗം സജ്ജമാക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി (health minister) വീണാ ജോര്‍ജ് (veena george) ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ചിട്ടയായ വ്യായമാത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. രോഗനിര്‍ണയത്തിലെ കാലതാമസമാണ് പ്രമേഹ രോഗത്തെ സങ്കീര്‍ണമാക്കുന്നത്. അതിനാല്‍ 30 വയസ് കഴിഞ്ഞ എല്ലാവരും പരിശോധന നടത്തി പ്രമേഹമോ മറ്റ് ജീവിതശൈലീ രോഗങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി കുറിച്ചു. 

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ഇന്ന് ലോക പ്രമേഹ ദിനം. 'പ്രമേഹ പരിരക്ഷയ്ക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിന സന്ദേശം. പ്രമേഹം കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിക്കുന്നതിനും ജനങ്ങള്‍ക്ക് ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആരോഗ്യരംഗം സജ്ജമാക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ ഇതിന് മുമ്പ് നടന്ന പഠനങ്ങളില്‍ പ്രമേഹ രോഗം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐ.സി.എം.ആറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കേരളത്തിലെ 35 ശതമാനത്തോളം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ സ്ഥിതിവിശേഷത്തെ ഫലപ്രദമായി നേരിടുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് അമൃതം ആരോഗ്യം, നയനാമൃതം, പാദസ്പര്‍ശം തുടങ്ങിയ നിരവധി പദ്ധികളാണ് നടപ്പിലാക്കി വരുന്നത്. അമൃതം ആരോഗ്യം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ ആശുപത്രികളിലും ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളെയും ജീവിതശൈലി രോഗങ്ങള്‍ക്കായി സ്‌ക്രീനിങ് നടത്തുക, രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കുക, ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ഏകദേശം 1.27 കോടിയോളം ജനങ്ങളെ ഈ പദ്ധതിയുടെ കീഴില്‍ സ്‌ക്രീനിങ് നടത്തുകയും ഒമ്പത് ലക്ഷത്തോളം പ്രമേഹ രോഗികളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ രോഗികള്‍ക്കെല്ലാം മതിയായ ചികിത്സ നല്‍കുന്നതിനും അമൃതം ആരോഗ്യം പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്.

ചിട്ടയായ വ്യായമാത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. രോഗനിര്‍ണയത്തിലെ കാലതാമസമാണ് പ്രമേഹ രോഗത്തെ സങ്കീര്‍ണമാക്കുന്നത്. അതിനാല്‍ 30 വയസ് കഴിഞ്ഞ എല്ലാവരും പരിശോധന നടത്തി പ്രമേഹമോ മറ്റ് ജീവിതശൈലീ രോഗങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇനി രോഗം കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ തേടണം.

 

Also Read: പാവയ്ക്ക മുതല്‍ കോവയ്ക്ക വരെ; പ്രമേഹം നിയന്ത്രിക്കുന്ന 10 ഭക്ഷണങ്ങൾ ഇതാ...

Follow Us:
Download App:
  • android
  • ios