Asianet News MalayalamAsianet News Malayalam

കരളിന്‍റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അറിയാം ഈ ലക്ഷണങ്ങള്‍...

ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികള്‍. 

Health of your liver symptoms are  here
Author
Thiruvananthapuram, First Published Mar 2, 2020, 9:35 AM IST

ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികള്‍. എന്നാല്‍ കരളിന്‍റെ പ്രവര്‍ത്തനം താളംതെറ്റുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രക്രിയകളൊക്കെ തടസപ്പെടുകയും അനാരോഗ്യം പിടിപെടുകയും ചെയ്യും. എന്നാല്‍ തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികില്‍സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും. 

അമിത മദ്യപാനവും  പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ  ചില ലക്ഷണങ്ങള്‍ നോക്കാം. 

ഒന്ന്... 

ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറുന്നത് കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുമ്പോഴാണ്. കരളിന്‍റെ അനാരോഗ്യം കാരണം സംഭവിക്കുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്‍റെ പ്രധാന ലക്ഷണമാണിത്. 

രണ്ട്...

കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഇതിന്‍റെ പ്രധാന ലക്ഷണം. മൂത്രം കടുംനിറത്തിലായിരിക്കും. ചിലപ്പോള്‍ കടും ചുവപ്പ് നിറത്തിലും മൂത്രം കാണപ്പെടും. ഇതൊക്കെ മഞ്ഞപ്പിത്തത്തിന്റെയോ കരള്‍രോഗത്തിന്‍റെയോ ലക്ഷണമായി വേണം കാണേണ്ടത്.

മൂന്ന്... 

ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടുന്നത് ചിലപ്പോള്‍ കരളിന് അസുഖം ബാധിക്കുമ്പോഴാണ്. 

നാല്...

ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.

അഞ്ച്...

ശരീരത്തില്‍ എവിടെയെങ്കിലും ചെറിയ മുറിവ് ഉണ്ടാകുമ്പോള്‍ നിലയ്‌ക്കാതെ രക്തം വരുന്നത്, ചിലപ്പോഴെങ്കിലും കരള്‍രോഗം കാരണമായിരിക്കും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ കരള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ തടസപ്പെടുന്നത് കരള്‍രോഗ ലക്ഷണമായി കണക്കാക്കാം.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. 


 

Follow Us:
Download App:
  • android
  • ios