Asianet News MalayalamAsianet News Malayalam

എല്ലുകള്‍ ദുര്‍ബലമായി എളുപ്പത്തില്‍ പൊട്ടിപ്പോകുന്ന അവസ്ഥ; ഇത് വരാതിരിക്കാൻ...

എല്ലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയും എളുപ്പത്തില്‍ പൊട്ടലുണ്ടാകുന്ന അവസ്ഥ വരെയെത്തുകയും ചെയ്യുന്ന രോഗമാണ് അസ്ഥിക്ഷയം. ഇത് പ്രായം എന്ന ഘടകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.

health tips to avoid osteoporosis hyp
Author
First Published Oct 20, 2023, 12:15 PM IST

എല്ലുകളാണല്ലോ നമ്മുടെ ശരീരത്തിന് ഘടന നല്‍കുന്നതും അതിനെ തൂണുപോലെ പിടിച്ചുനിര്‍ത്തുന്നതുമെല്ലാം. ഓരോ അവയവത്തിന്‍റെയും ശരിയായ നിലനില്‍പിനും പ്രവര്‍ത്തനത്തിനുമെല്ലാം എല്ല് കേടുകൂടാതെ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ പ്രായമേറുംതോറും നമ്മുടെ എല്ലുകളുടെ ബലം പതിയെ ക്ഷയിച്ചതുടങ്ങും. ഇത് പിന്നീട് ചെറിയൊരു വീഴ്ചയിലോ പരുക്കിലോ തന്നെ എല്ല് പൊട്ടുന്ന അവസ്ഥയിലേക്ക് വരെ എത്താം.

ഇത്തരത്തില്‍ എല്ലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയും എളുപ്പത്തില്‍ പൊട്ടലുണ്ടാകുന്ന അവസ്ഥ വരെയെത്തുകയും ചെയ്യുന്ന രോഗമാണ് അസ്ഥിക്ഷയം. ഇത് പ്രായം എന്ന ഘടകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. അതായത് നേരത്തെ മുതല്‍ തന്നെ എല്ലുകള്‍ ബാധിക്കപ്പെടുന്ന അവസ്ഥയെന്ന് പറയാം. അസ്ഥിക്ഷയം അല്ലെങ്കില്‍ 'ഓസ്റ്റിയോപോറോസിസ്' എന്ന രോഗാവസ്ഥയെ കുറിച്ച് കാര്യമായ അവബോധം ജനങ്ങളിലുണ്ടാക്കുന്നതിന് എല്ലാ ഒക്ടോബര്‍ 20ഉം ലോക അസ്ഥിക്ഷയ ദിനമായി ആചരിക്കാറുണ്ട്. 

ഇന്ന്, അസ്ഥിക്ഷയമെന്ന രോഗാവസ്ഥയെ കുറിച്ച് പറയുന്നതിനൊപ്പം തന്നെ ഇതിനെ പ്രതിരോധിക്കാൻ, അതായത് അസ്ഥിക്ഷയം പിടിപെടാതിരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്...

ഒന്ന്...

നമുക്കറിയാം എല്ലുകളുടെ ആരോഗ്യത്തിനും നിലനില്‍പിനും ഏറെ ആവശ്യമായിട്ടുള്ള ഘടകമാണ് കാത്സ്യം. എല്ലിന് കാത്സ്യം ഫലപ്രദമായി വരണമെങ്കില്‍ ഒപ്പം വൈറ്റമിൻ -ഡിയും ആവശ്യമാണ്. ഈ രണ്ട് ഘടകങ്ങളുടെയും അഭാവം ദീര്‍ഘകാലം ഉണ്ടാകുന്നതിന്‍റെ ഭാഗമായി അസ്ഥിക്ഷയം പിടിപെടുന്നവരുണ്ട്. അതിനാല്‍ തന്നെ കാത്സ്യം- വൈറ്റമിൻ-ഡി എന്നിവ കുറയാതെ നോക്കുക. പ്രധാനമായും ഭക്ഷണത്തിലൂടെയാണ് കാത്സ്യം നേടാനാവുക. വൈറ്റമിൻ ഡിയാണെങ്കില്‍ സൂര്യപ്രകാശത്തിലൂടെയും അതുപോലെ തന്നെ ഭക്ഷണത്തിലൂടെയും നേടാം. 

രണ്ട്...

പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച് ശരീരഭാരം സൂക്ഷിക്കലാണ് അടുത്തതായി ശ്രദ്ധിക്കേണ്ടുന്ന കാര്യം. എല്ലുകളുടെ ആരോഗ്യകരമായ നിലനില്‍പിന് ഇത് ഏറെ ആവശ്യമാണ്. അമിതവണ്ണമാകാതെയും അതുപോലെ തന്നെ തീരെ വണ്ണം കുറയാതെയും ശ്രദ്ധിക്കണം. ബാലൻസ്ഡ് ആയൊരു ഡയറ്റും ആരോഗ്യകരമായ ജീവിതരീതിയും ഇതിനായി പിന്തുടരാം. 

മൂന്ന്...

എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന മറ്റൊരു ഘടകമാണ് പ്രോട്ടീൻ. കേടുപാടുകള്‍ പറ്റിയ കോശകലകളെ ശരിയാക്കിയെടുക്കുന്നതിന് പ്രോട്ടീൻ ആവശ്യമാണ്. ഇറച്ചി, മുട്ട- എല്ലാം ഇതിനായി കഴിക്കാം. വെജിറ്റേറിയൻസിനാണെങ്കില്‍ പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, ക്വിനോവ, കോട്ടേജ് ചീസ് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. 

നാല്...

പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ശീലം ഉപേക്ഷിക്കുന്നതാണ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്. അല്ലാത്ത പക്ഷം അസ്ഥിക്ഷയസാധ്യത ഏറുന്നു.

അഞ്ച്...

കായികാധ്വാനമേതുമില്ലാത്ത ജീവിതരീതി നല്ലല്ല. ഇത് ആകെ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം തന്നെ എല്ലുകളെയും ബാധിക്കുന്നു. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച ഭക്ഷണം- വ്യായാമം എന്നിവ എപ്പോഴും ഉറപ്പുവരുത്തുക.

Also Read:- ദിവസങ്ങള്‍ നീളുന്ന ചുമ, കിതപ്പ്- കൂടെ തുമ്മലും ജലദോഷവും; ഇത് വെറുതെയല്ല...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios