ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശൈലി രോഗങ്ങളിലൊന്നാണ് രക്തസമ്മർദ്ദം. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിലൂടെയും ദൈനംദിന ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിലൂടെയും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും.

രക്തസമ്മര്‍ദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും അപകടകരമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും.

പഴങ്ങളും പച്ചക്കറികളും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 100 ഗ്രാം തക്കാളിയിൽ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍(യുഎസ്ഡിഎ) വ്യക്തമാക്കുന്നത്. 

ഇത് സോഡിയത്തിന്റെ ദോഷഫലങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ഉയർന്ന ബിപി ഉള്ള ആളുകൾക്ക് സോഡിയം കുറയ്ക്കാൻ നിർദ്ദേശിക്കുന്നതിനാൽ, തക്കാളിയുടെ ഡൈയൂററ്റിക് (diuretic) ഗുണങ്ങൾ മൂത്രത്തിലൂടെ അധിക സോഡിയം ഒഴിവാക്കാൻ സഹായിക്കുന്നു.

 

 

തക്കാളി പോലെ തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് കാരറ്റും. കാരറ്റിലെ ഫൈബറും പൊട്ടാസ്യവും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. പൊട്ടാസ്യം രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിനും മറ്റ് ഹൃദയ പ്രശ്നങ്ങൾക്കും സാധ്യത കുറയ്ക്കുന്നു. 

ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഹൃദയ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണ്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് 'ലിപ്പോപ്രോട്ടീൻ' അല്ലെങ്കിൽ രക്തത്തിലെ “മോശം” കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തക്കാളി കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. ഇനി എങ്ങനെയാണ് തക്കാളി കാരറ്റ് ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

തക്കാളി                     1 എണ്ണം( ചെറുതായി അരിഞ്ഞത്)
കാരറ്റ്                          1 എണ്ണം
പുതിനയില              ആവശ്യത്തിന്
ഇഞ്ചി                          അര ടീസ്പൂൺ
നാരങ്ങ നീര്             അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും അൽപം വെള്ളം ചേർത്ത് ഒരുമിച്ച് ജ്യൂസ് പരുവത്തിൽ അടിച്ചെടുക്കുക..ശേഷം തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം..