മഞ്ഞുകാലം പണ്ടൊക്കെ ജോലിയില്ലാതെയും കാര്യമായ ഭക്ഷണമില്ലാതെയുമെല്ലാം കഷ്ടപ്പെടുന്ന കാലമാണ്. അതിലേക്കായി ഭക്ഷണസാധനങ്ങള്‍ ഒരുക്കിവയ്ക്കുന്ന സമയമാണ് ശരത്കാലം

കാലാവസ്ഥയും കാലാവസ്ഥാവ്യതിയാനവുമെല്ലാം മനുഷ്യരെ ശാരീരികമായും മാനസികമായുമെല്ലാം ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യാറുണ്ട്. ചില സീസണില്‍ അകാരണമായി വിഷാദമോ, നിരാശയോ ദുഖമോ അനുഭവിക്കുന്നവരുണ്ട്. അതുപോലെ തന്നെ ചില സീസണ്‍- പ്രത്യേകിച്ച് വേനലില്‍ അസ്വസ്ഥത- മുൻകോപമെല്ലാം പ്രശ്നമായി വരുന്നവരുണ്ട്. ഇതിന് പുറമെ ശാരീരികപ്രശ്നങ്ങള്‍ വേറെയുമുണ്ട്.

ഇന്ത്യയില്‍ സെപ്തംബര്‍, ഓക്ടോബര്‍, നവംബര്‍ മാസങ്ങള്‍ ശരത്കാലമാണ്. ഇലകളെല്ലാം കൊഴിഞ്ഞ് ശിഖിരങ്ങള്‍ മാതരമായി മരങ്ങള്‍ നില്‍ക്കുന്ന കാഴ്ച. ചൂട് കുറഞ്ഞ് പതിയെ തണുപ്പ് പിടിച്ച് മഞ്ഞുകാലത്തിലേക്കുള്ള പുറപ്പാടാണ് ഈ മാസങ്ങള്‍. വിളവെടുപ്പ് കാലം എന്നും പറയാം. 

മഞ്ഞുകാലം പണ്ടൊക്കെ ജോലിയില്ലാതെയും കാര്യമായ ഭക്ഷണമില്ലാതെയുമെല്ലാം കഷ്ടപ്പെടുന്ന കാലമാണ്. അതിലേക്കായി ഭക്ഷണസാധനങ്ങള്‍ ഒരുക്കിവയ്ക്കുന്ന സമയമാണ് ശരത്കാലം. വിളവെടുക്കുന്ന പല ഉത്പന്നങ്ങളും ഇങ്ങനെ ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിക്കുന്ന തിരക്കുപിടിച്ച സമയം.

മനുഷ്യരും മൃഗങ്ങളുമെല്ലാം മുൻകാലങ്ങളില്‍ ഈ മാസങ്ങളാകുമ്പോള്‍ മഞ്ഞുകാലത്തിലേക്കുള്ള ഒരുക്കങ്ങളിലായിരിക്കും. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. എല്ലാ സീസണിലും മനുഷ്യരുടെ ജീവിതരീതികള്‍, ഭക്ഷണം എല്ലാം ഏറെക്കുറെ ഒന്നായിരിക്കുന്നു. 

എങ്കിലും ഇല പൊഴിയുന്ന ഈ സീസണില്‍ ചിലരെ അകാരണമായി ദുഖങ്ങള്‍ മൂടാറുണ്ട്. നിങ്ങള്‍ക്ക് അങ്ങനെ അനുഭവമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ഗുണകരമാകുന്ന ചില വിവരങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍...

സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (SAD) അഥവാ 'സാഡ്' എന്ന് വിളിക്കുന്ന ഡിപ്രഷൻ (വിഷാദം) ആണ് ഈ സീസണില്‍ ചിലരെ ബാധിക്കുന്നത്. പകല്‍ സൂര്യപ്രകാശം കുറഞ്ഞിരിക്കും ഈ കാലത്ത്. ഇതാണ് ചിലരെ വിഷാദത്തിലേക്ക് നയിക്കുന്നതത്രേ. കാരണം നമ്മുടെ ശരീരത്തിന് അതിന്‍റേതായൊരു ജൈവ ക്ലോക്കുണ്ട്. നമ്മുടെ ശീലങ്ങള്‍ക്ക് അനുസരിച്ച് അത് ഓടിക്കൊണ്ടിരിക്കുകയാണ്. വെളിച്ചവും ഇരുട്ടുമെല്ലാം ഈ ക്ലോക്കിന്‍റെ പ്രവര്‍ത്തനത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. 

പക്ഷേ പെട്ടെന്ന് വെളിച്ചത്തിന്‍റെ കാര്യത്തില്‍ വ്യത്യാസം വരുമ്പോള്‍ ശരീരത്തിന്‍റെ ക്ലോക്കിനും ആശയക്കുഴപ്പം വരുന്നു. ഇത് ഉറക്കത്തെയും മാനസികാരോഗ്യത്തെയുമെല്ലാം ബാധിക്കാം. പകല്‍സമയത്തെ വെളിച്ചം കുറയുന്നത് 'സെറട്ടോണിൻ' അഥവാ സന്തോഷം നിദാനം ചെയ്യുന്ന ഹോര്‍മോണിന്‍റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. ഇതും ദുഖത്തിലേക്ക് നയിക്കം. 

അതുപോലെ തന്നെ 'ഡള്‍' അഥവാ മങ്ങിയിരിക്കുന്ന അന്തരീക്ഷം പലരിലും ഗൃഹാതുരത്വം- ഓര്‍മ്മകള്‍ എന്നിവയെല്ലാം ഉണര്‍ത്താം. ഇതും ചിലരില്‍ നൊമ്പരമാണുണ്ടാക്കുക. ഒരുതരം നഷ്ടബോധത്തിലേക്ക് മനസ് വീഴുകയാണ്. 

സീസണല്‍ വിഷാദത്തെ മറികടക്കാൻ...

ഇങ്ങനെ സീസണലായി ശരത്കാലത്തില്‍ വരുന്ന വിഷാദത്തെ മറികടക്കാൻ ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്. കൂടുതല്‍ സമയം വീടിന് പുറത്ത് ചിലവിടലാണ് ഒരു പരിഹാരം. ഗാര്‍ഡനിംഗ്, നടക്കാൻ പോവുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാം. 

വ്യായാമമാണ് പിന്നെയുള്ളൊരു മാര്‍ഗം. നിര്‍ബന്ധമായും ദിവസത്തില്‍ അല്‍പസമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. അത് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വച്ചുതന്നെ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ നല്ലതാണ്. കഴിയുന്നതും സൂര്യപ്രകാശം നേടിയെടുക്കാൻ ശ്രദ്ധിക്കണം. ഇത് കാര്യമായ മാറ്റങ്ങള്‍ നിങ്ങളിലുണ്ടാക്കും. സെറട്ടോണിൻ ഉത്പാദനവും വര്‍ധിക്കും. 

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ലീൻ പ്രോട്ടീനുമടങ്ങുന്ന നല്ലൊരു ബാലൻസ്ഡ് ഡയറ്റ് പാലിക്കുന്നതും സീസണല്‍ വിഷാദത്തെ മറികടക്കാൻ നല്ലതാണ്. സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളിലെല്ലാം ഏര്‍പ്പെടുന്നത് നല്ലതാണ്. ഇഷ്ടമുള്ള ഹോബികള്‍, വിനോദകാര്യങ്ങള്‍ എന്നിവയിലെല്ലാം ഏര്‍പ്പെടാം. ഒപ്പം തന്നെ സുഹൃത്തുക്കള്‍ - പ്രിയപ്പെട്ടവര്‍ എന്നിവരുമായി സംസാരിക്കുന്നതും പുറത്തുപോകുന്നതുമെല്ലാം ഏറെ നല്ലതാണ്. നമുക്ക് ഒട്ടും സാധിക്കുന്നില്ല- സ്വയം തീരെയും കൈകാര്യം ചെയ്യാനാകുന്നില്ല എന്ന് തോന്നിയാല്‍ തീര്‍ച്ചയായും മെഡിക്കല്‍ സഹായം തേടാൻ മടി കാണിക്കരുത്. ഇതില്‍ ഒരിക്കലും നാണക്കേട് തോന്നേണ്ടതില്ല- സഹജമായ പ്രശ്നമാണെന്ന് മനസിലാക്കുക. 

Also Read:- സ്ട്രെസും ഉറക്കമില്ലായ്മയും കൂട്ടത്തില്‍ ആരോടും ഇടപഴകാതിരിക്കലും; ഈ ശീലങ്ങളുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo