ചിലരിൽ താരൻ, ചൊറിച്ചിൽ, തലയോട്ടിയിലെ അമിതമായ എണ്ണമയം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മഴക്കാലം എത്തുന്നതോടെ ഈ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകാം.
മഴക്കാലം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം തലമുടിയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, അമിതമായി വിയർക്കൽ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യങ്ങളാണ്. ചിലരിൽ താരൻ, ചൊറിച്ചിൽ, തലയോട്ടിയിലെ അമിതമായ എണ്ണമയം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മഴക്കാലം എത്തുന്നതോടെ ഈ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകാം. മഴക്കാലത്ത് മുടിയുടെ സംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1. തലമുടിയും തലയോട്ടിയും കൃത്യമായി കഴുകുക
വിയർപ്പ്, അഴുക്ക്, തലയോട്ടിയിലെ അമിതമായ എണ്ണമയം എന്നിവ നീക്കം ചെയ്യാൻ മുടി കൃത്യമായി കഴുകേണ്ടത് അത്യാവശ്യമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുടി കഴുകാം. എന്നാൽ അമിതമായി മുടി കഴുകുന്നത് ഒഴിവാക്കണം. ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുകയും മുടിയെ വരണ്ടതാക്കി മാറ്റുകയും ചെയ്യും.
2. ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക
ഷാംപൂ തലയോട്ടി വൃത്തിയാക്കാൻ സഹായിക്കുമ്പോൾ, കണ്ടീഷണർ മുടിയുടെ ഈർപ്പവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു. ഇത് മുടി കെട്ടുപിണയുന്നതും പൊട്ടിപ്പോകുന്നതും തടയും. അതേസമയം ഡോക്ടറുടെ നിർദേശമില്ലാതെ മെഡിക്കേറ്റഡ് ഷാംപൂകൾ ഉപയോഗിക്കരുത്. ഇത് തലയോട്ടി കൂടുതൽ വരണ്ടതാക്കാനും ചൊറിച്ചിലിനും കാരണമായേക്കാം.
3. മഴ നനഞ്ഞാൽ ഉടൻ മുടി കഴുകുക
മഴവെള്ളത്തിൽ തലയോട്ടിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന പല ഘടകങ്ങളും അടങ്ങിയിരിക്കാം. അതിനാൽ മഴവെള്ളം കൂടുതൽ സമയം തലയിൽ വച്ചുകൊണ്ടിരിക്കരുത്. മഴ നനഞ്ഞ് വീട്ടിലെത്തിയാൽ ഉടൻ തന്നെ ശുദ്ധമായ വെള്ളത്തിൽ മുടി കഴുകുകയും നന്നായി ഉണക്കുകയും വേണം.
4. നനഞ്ഞ മുടി കെട്ടി വയ്ക്കുകയോ സ്റ്റൈൽ ചെയ്യുകയോ അരുത്
മുടി നനഞ്ഞിരിക്കുന്ന സമയത്ത് കെട്ടിവയ്ക്കാനോ പലതരത്തിൽ സ്റ്റൈൽ ചെയ്യാനോ ശ്രമിക്കരുത്. നനഞ്ഞിരിക്കുമ്പോൾ മുടിക്ക് ബലം കുറവായിരിക്കും. ഇത് മുടി കെട്ടുപിണയാനും പൊട്ടിപ്പോകാനും ഫംഗസ് അണുബാധകൾ ഉണ്ടാകാനും കാരണമാകും.
5. ഹീറ്റ് - കെമിക്കൽ ട്രീറ്റ്‌മെന്റുകൾ പരിമിതപ്പെടുത്തുക
മഴക്കാലത്ത് ബ്ലോ ഡ്രയറുകൾ, ഹെയർ കളറിംഗ്, മറ്റ് കെമിക്കൽ ട്രീറ്റ്‌മെന്റുകൾ എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക. ഇത് മുടിയുടെ ഘടനയെ നശിപ്പിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്യും.
6. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷണക്രമത്തിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവ അടങ്ങിയ ആഹാരങ്ങൾ ഉൾപ്പെടുത്തുന്നത് മുടിക്ക് കരുത്തും ആരോഗ്യവും നൽകാൻ സഹായിക്കും. കൂടാതെ അമിതമായ താരൻ, വിട്ടുമാറാത്ത ചൊറിച്ചിൽ, കടുത്ത മുടികൊഴിച്ചിൽ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു ചർമ്മരോഗ വിദഗ്ദ്ധന്റെ സഹായം തേടാൻ മടിക്കരുത്.


