Asianet News MalayalamAsianet News Malayalam

പ്രമേഹം കാരണമുണ്ടാവുന്ന പ്രധാന 6 ദന്താരോഗ്യ പ്രശ്നങ്ങൾ

പ്രമേഹരോഗികളിൽ വായിലെ ഉമിനീരിന്റെ അളവ് കുറഞ്ഞ് ചെറിയ വരൾച്ച അനുഭവപ്പെടാറുണ്ട്. സാധാരണയായി ഉമിനീരിന്റെ പ്രവർത്തനമാണ് ദന്തക്ഷയം തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. അതുകൊണ്ടു തന്നെ പ്രമേഹരോഗി കളിൽ ഉമിനീർ കുറയുന്നത് കാരണം ഭക്ഷണാവശിഷ്ടങ്ങൾ യഥാസമയം പൂർണമായും നീക്കപ്പെടാതെ അണുക്കളുടെ രാസപ്രവർത്തനം ത്വരിതപ്പെട്ട് അമ്ലസ്വഭാവം കൈവരുകയും ഒടുവിൽ തീവ്രമായ തോതിൽ ദന്തക്ഷയം ഉണ്ടാകാനും കാരണമാവുന്നു.

How does diabetes affect dental
Author
Trivandrum, First Published May 11, 2019, 7:06 PM IST

പ്രമേഹരോ​ഗികളുടെ എണ്ണം ഇന്ന് കൂടി വരികയാണല്ലോ. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിനൊരു പ്രധാന കാരണം. പാരമ്പര്യവും ഒരു ഘടകമായി വർത്തിക്കുന്നു. പ്രമേഹവും മോണ രോഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അത് മാത്രമല്ല പ്രമേഹരോഗികളിൽ വായിലും പല്ലുകളിലും ചില വ്യതിയാനങ്ങൾ സംഭവിക്കാറുമുണ്ട്. മറ്റെല്ലാ അവയവങ്ങളുടെയും സംരക്ഷണം പോലെ തന്നെ പ്രമേഹരോഗികൾ അതീവ ശ്രദ്ധ പുലർത്തേണ്ട ഒന്നാണ് അവരുടെ ദന്തസംരക്ഷണം.

പ്രമേഹം കാരണമുണ്ടാവുന്ന പ്രധാന ദന്താരോഗ്യ പ്രശ്നങ്ങൾ

1. മോണരോഗം

മോണരോഗവും പ്രമേഹവും തമ്മിൽ ഒരു ദ്വിദിശ ബന്ധം(two way relationship)ആണുള്ളത്. മോണരോഗമുള്ള വരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ നന്നേ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. അതുപോലെ തന്നെ അനിയന്ത്രിതമായ പ്രമേഹമുള്ളവരിൽ മോണരോഗത്തിന്റെ സാധ്യതയും മൂന്ന് മുതൽ നാല് മടങ്ങ് വർദ്ധിക്കുന്നു. 
പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങളിൽ ആറാമത്തേതിൽ മോണരോഗത്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2018–ലെ അന്താ രാഷ്ട്ര പ്രമേഹ ചികിത്സാ മാർഗനിർദേശങ്ങളിൽ പ്രമേഹ രോഗിയുടെ പല്ലിന്റെയും മോണയുടെയും പരിശോധനകൂടി പ്രാരംഭ പരിശോധനകളിൽ നടത്തണമെന്ന് അനുശാസിക്കുന്നുണ്ട്.

2. ദന്തക്ഷയവും മറ്റ് പ്രശ്നങ്ങളും

പ്രമേഹരോഗികളിൽ വായിലെ ഉമിനീരിന്റെ അളവ് കുറഞ്ഞ് ചെറിയ വരൾച്ച അനുഭവപ്പെടാറുണ്ട്. സാധാരണയായി ഉമിനീരിന്റെ പ്രവർത്തനമാണ് ദന്തക്ഷയം തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. അതുകൊണ്ടു തന്നെ പ്രമേഹരോഗി കളിൽ ഉമിനീർ കുറയുന്നത് കാരണം ഭക്ഷണാവശിഷ്ടങ്ങൾ യഥാസമയം പൂർണമായും നീക്കപ്പെടാതെ അണുക്കളുടെ രാസപ്രവർത്തനം ത്വരിതപ്പെട്ട് അമ്ലസ്വഭാവം കൈവരുകയും ഒടുവിൽ തീവ്രമായ തോതിൽ ദന്തക്ഷയം ഉണ്ടാകാനും കാരണമാവുന്നു. ഇത് കൂടാതെ നാവിനും കവിളിനും എരിച്ചിലും പുകച്ചിലും ഇടയ്ക്കിടെ അനുഭവപ്പെടുന്നു. നാവിലെ രസമുകുളങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നതിന്റെ ഫലമായി രുചിയ്ക്ക് വ്യത്യാസം അനുഭവപ്പെടുകയും ചെയ്യും.

3. അസ്ഥിയുടെ തേയ്മാനം

പല്ലുകള്‍ നഷ്ടപ്പെടുന്ന പ്രമേഹരോഗി കൃത്രിമ ദന്തങ്ങൾ വയ്ക്കുമ്പോഴും അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. സാധാര ണയിൽ നിന്നും വ്യത്യസ്തമായ അതീവ ത്വരിത വേഗത്തിൽ അസ്ഥി തേഞ്ഞു പോകുകയും അതിന്റെ ഫലമായി വായിലെ അണയുടെ നീളവും വീതിയും ഇടയ്ക്കിടെ മാറാനും കാരണമാവുന്നു. അത് കാരണം ഒരു വർഷം മുമ്പ് ഉണ്ടായിരുന്ന അളവിൽ നിർമ്മിച്ച വയ്പുപല്ലുകൾ ഉറപ്പില്ലാതാവുകയും ചവയ്ക്കുന്ന സമയത്തോ അല്ലാതെയോ ഊരി വരികയും ചെയ്യും. അതിനാൽ പ്രമേഹ രോഗികൾക്ക് വയ്പുപല്ലുകൾ ഇടയ്ക്കിടെ മാറ്റേണ്ടി വരാറുണ്ട്.

4. വായ്നാറ്റം

പ്രമേഹരോഗികളിൽ രാസപ്രവർത്തനം മൂലം സാധാരണയിൽ നിന്നും ഉയർന്ന തോതിൽ കീറ്റോൺ സംയുക്തങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയുടെ ഗന്ധം രോഗിയുടെ ശ്വാസത്തിലും കലരാറുണ്ട്. വായ്നാറ്റത്തിന് കാരണമാവുന്ന അസ്ഥിര നൈസർഗിക സംയുക്തങ്ങൾ ഇവിടെ അളവിൽ കൂടുതൽ ഉണ്ടാവുന്നു. പല്ലിൽ അടിഞ്ഞിരിക്കുന്ന അഴുക്ക് അഥവാ കക്ക കൂടിയാവുമ്പോൾ ഈ പ്രവർത്തനം ത്വരിതപ്പെടുന്നു.

5. അടിക്കടി ഉണ്ടാവുന്ന പഴുപ്പ്

സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികളിൽ മോണയിലെ പഴുപ്പ് അടിക്കടി കാണപ്പെടാറുണ്ട്. മോണരോഗത്തിന്റെ പ്രാരംഭചികിത്സയായ പല്ല് വൃത്തിയാക്കുക എന്നതിനോടൊപ്പം പ്രമേഹം കൂടി നിയന്ത്രിച്ച് നിർത്തി ആവശ്യമായ ആന്റി ബയോട്ടിക് മരുന്നുകളും കഴിക്കേണ്ടത് അത്യാവശ്യമാണ്.

6. മറ്റ് പ്രശ്നങ്ങൾ

ശരീരത്തിലെ മറ്റേത് ഭാഗങ്ങളിലെയും പോലെ തന്നെ വായിലെയും ശസ്ത്രക്രിയയ്ക്ക് ശേഷമോ, അല്ലെങ്കിൽ പല്ല് എടുത്തതിന് ശേഷമോ മുറിവുണങ്ങാൻ കാലതാമസം നേരിടേണ്ടി വരുന്നതും പ്രമേഹരോഗികളിൽ കാണുന്ന മറ്റൊരു പ്രശ്നമാണ്. ചില രോഗികളിൽ വായിൽ കാണപ്പെടുന്ന ത്വക്ക് രോഗങ്ങളിലൊന്നായ ഓറൽ ലൈക്കൻ പ്ലാനസ് എന്ന അസുഖവും വർദ്ധിച്ച തോതിൽ കണ്ടുവരാറുണ്ട്.

കടപ്പാട് :
ഡോ.മണികണ്ഠൻ ജി ആർ
Consultant Periodontist
Trivandrum.

Follow Us:
Download App:
  • android
  • ios