ഈ കൊവിഡ് കാലത്ത് പുറത്ത് നിന്ന് അവശ്യസാധനങ്ങൾ വാങ്ങി വീട്ടിലെത്തി കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. പി. രഘു റാം പറയുന്നു.

വീട്ടിലെത്തി കഴിഞ്ഞാൽ പച്ചക്കറികളും പഴങ്ങളും കൈകാര്യം ചെയ്യുന്നതിനുമുമ്പ്, സോപ്പും വെള്ളവും ഉപയോഗിച്ച് ആദ്യം നിങ്ങളുടെ കൈകൾ വൃത്തിയായി കഴുകുക. ശേഷം പഴങ്ങളും പച്ചക്കറികളും ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകണമെന്ന് ഡോ.രഘു റാം പറയുന്നു.

നിങ്ങൾ പലചരക്ക് സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുമ്പോൾ മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കുക, നിങ്ങളുടെ കണ്ണുകൾ, വായ, മൂക്ക് എന്നിവ തൊടുന്നത് ഒഴിവാക്കുക. സാധിക്കുമെങ്കിൽ സഞ്ചിയുടെ പിടി സാനിറ്റൈസർ ഉപയോ​ഗിച്ച് വൃത്തിയാക്കാൻ ശ്രമിക്കുക. വാങ്ങിയ സാധനങ്ങൾ സംഭരിച്ചതിനുശേഷവും കെെകൾ വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണെന്ന് ഡോ.രഘു റാം പറയുന്നു.

കൊവിഡ് 19; പച്ചക്കറിയും പഴങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

‌പാചകത്തിനിടെയും കെെകൾ വൃത്തിയായി കഴുകേണ്ടത് വളരെ പ്രധാനമാണ്. പച്ചക്കറികൾ പാചകം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക. പുറത്ത് പോകുമ്പോഴെല്ലാം കയ്യിൽ ഒരു സാനിറ്റൈസർ കരുതുക.

പേയ്‌മെന്റ് മെഷീനുകൾ, വാതിലുകളുടെ പിടി എന്നിവയിൽ പിടിച്ച ശേഷം സാനിറ്റൈസർ ഉപയോ​ഗിച്ച് കെെകൾ കഴുകേണ്ടതും വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

മാർക്കറ്റിൽ നിന്ന് നിങ്ങൾ മടങ്ങിയെത്തുമ്പോൾ, ആദ്യം 20 സെക്കൻഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.