Asianet News MalayalamAsianet News Malayalam

Mosquitoes: കൊതുകിനെ തുരത്താന്‍ വീടിനുള്ളില്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

മാരകമായ പല രോഗങ്ങളും പരത്തുന്നതിൽ ഏറ്റവും വലിയ വില്ലൻ കൊതുകാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്. ചുറ്റുവട്ടത്ത് ഇത്തരം സാഹചര്യമുണ്ടെങ്കില്‍ അത് ഒഴിവാക്കുകയാണ് കൊതുകിനെ തുരത്താന്‍ ആദ്യം ചെയ്യേണ്ടത്. 

how to get rid of mosquitoes in home
Author
Thiruvananthapuram, First Published Jan 28, 2022, 12:06 PM IST

കൊതുക് (Mosquito) കടി സഹിക്കാൻ വയ്യാതെ കൊച്ചി കോർപറേഷന് എതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട് (vinay fort). ‘ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതരമായ പ്രശ്നം. ദയവായി ഞങ്ങളെ രക്ഷിക്കണേ’ എന്ന അടിക്കുറിപ്പോടെ രക്തം ഊറ്റിക്കുടിക്കുന്ന കൊതുകിന്റെ കാർട്ടൂൺ ചിത്രം വിനയ് ഫോർട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ‘ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിൻ കോർപറേഷൻ; അധികാരികൾ കണ്ണു തുറക്കുക’- വിനയ് ഫോർട്ട് പോസ്റ്റ് ചെയ്ത ഫോട്ടോയുടെ ഉള്ളടക്കം ഇങ്ങനെ. 

 

മാരകമായ പല രോഗങ്ങളും പരത്തുന്നതിൽ ഏറ്റവും വലിയ വില്ലൻ കൊതുകാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്. ചുറ്റുവട്ടത്ത് ഇത്തരം സാഹചര്യമുണ്ടെങ്കില്‍ അത് ഒഴിവാക്കുകയാണ് കൊതുകിനെ തുരത്താന്‍ ആദ്യം ചെയ്യേണ്ടത്. അതുപോലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ശ്രദ്ധിക്കണം. 

കൊതുകിനെ തുരത്താന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. 

രണ്ട്...

കൊതുകുവലകൾ ഉപയോഗിച്ച് വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം.

മൂന്ന്...

കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം. 

നാല്...

ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ തുരത്താന്‍ നല്ലതാണ്. അതുപോലെതന്നെ,  നാരങ്ങയും ഗ്രാമ്പൂവും കറുവപ്പട്ടയും ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിന് ശേഷം റൂമില്‍ സ്പ്രേ ചെയ്താല്‍ കൊതുക് ശല്യം ഉണ്ടാവില്ല എന്നാണ് 'സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍' തന്നെ അഭിപ്രായപ്പെടുന്നത്. 

അഞ്ച്...

വേപ്പില എണ്ണ ശരീരത്ത് പുരട്ടുന്നത് കൊതുക് കടിക്കാതിരിക്കാന്‍ സഹായിക്കുമെന്നാണ് 'അമേരിക്കന്‍ മൊസ്കിറ്റോ കണ്‍ട്രോള്‍ അസോസിയേഷ'ന്‍റെ ജേണലില്‍ പറയുന്നത്. അതുപോലെ തന്നെ, കര്‍പ്പൂരത്തിനൊപ്പം ആര്യവേപ്പില കൂടി ഉണക്കി കത്തിച്ചാല്‍ കൊതുക് വരില്ല. വേപ്പെണ്ണ മുറിയില്‍ സ്പ്രേ ചെയ്യുന്നതും കൊതുകിനെ ഓടിക്കാന്‍ നല്ലതാണ്. 

ആറ്...

പച്ചക്കര്‍പ്പൂരം വീടിനകത്ത് 20 മിനിറ്റ് കത്തിച്ചു വയ്ക്കുന്നതും കൊതുകിനെ ഓടിക്കാനുള്ള വഴിയാണ്. 

ഏഴ്...

തുളസിയില പുകയ്ക്കുകയോ മുറിയില്‍ വയ്ക്കുകയോ ചെയ്യുന്നത് കൊതുകിനെ തുരത്താനുള്ള മറ്റൊരു വഴിയാണ്. മുറിക്കുള്ളില്‍ കൊതുക് പ്രവേശിക്കാതിരിക്കാന്‍ ജനാലകളിലോ വാതിലിന് പുറത്തോ തുളസിയില വയ്ക്കാം. 

എട്ട്...

പുതിന ഇലയും കര്‍പ്പൂരവും ഒരുമിച്ച് കത്തിക്കുന്നതും കൊതുകിനെ തുരത്താന്‍ സഹായിക്കാം. അതുപോലെ തന്നെ, മിൻറ്റ് വാട്ടര്‍ റൂമില്‍ സ്പ്രേ ചെയ്യുന്നതും നല്ലതാണ്. 

Also Read: ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, കൊതുക് ശല്യം സഹിക്കാനാവുന്നില്ലെന്ന് വിനയ് ഫോ‍ർട്ട്

Follow Us:
Download App:
  • android
  • ios