Asianet News MalayalamAsianet News Malayalam

വാതില്‍ പൂട്ടിയില്ലേ, ഗ്യാസ് ഓഫ് ചെയ്തില്ലേ എന്നെല്ലാം പേടി; ആംഗ്സൈറ്റി കുറയ്ക്കാൻ ചെയ്യേണ്ടത്...

ആംഗ്സൈറ്റിയുള്ളവര്‍ അല്‍പം ചിട്ട പാലിക്കുന്നത് നന്നായിരിക്കും. എല്ലാത്തിനും ഇത്തിരി സമയം അധികം നീക്കിവയ്ക്കുക. ധൃതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നത് ആംഗ്സൈറ്റി കൂട്ടും. 

how to manage anxiety here are few effective tips
Author
First Published Feb 7, 2024, 11:08 AM IST

ശാരീരികാരോഗ്യപ്രശ്നങ്ങള്‍ പോലെ പ്രധാനമാണ് മാനസികാരോഗ്യപ്രശ്നങ്ങളും. മാനസികാരോഗ്യപ്രശ്നങ്ങളില്‍ തന്നെ ഏറ്റവും സാധാരണമായി കണ്ടുവരുന്ന പ്രശ്നങ്ങളാണ് വിഷാദവും (ഡിപ്രഷൻ) ഉത്കണ്ഠയും (ആംഗ്സൈറ്റി). ഇക്കൂട്ടത്തില്‍ ആംഗ്സൈറ്റിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ആംഗൈസ്റ്റിയുള്ളവര്‍ക്ക് നിത്യജീവിതത്തില്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. മിക്ക വിഷയങ്ങളിലും പേടി, അസ്വസ്ഥത, ആശങ്ക എന്നിങ്ങനെയുള്ള വൈകാരികാവസ്ഥകള്‍ തന്നെ അനുഭവിക്കുന്ന അവസ്ഥയാണ് ആംഗ്സൈറ്റി. ചില വിഷയങ്ങളെ ചുറ്റിപ്പറ്റി മാത്രമായി പതിവായി ഈ പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥയുമുണ്ടാകാം. 

തളര്‍ച്ച, അസ്വസ്ഥത, ശ്രദ്ധക്കുറവ്, മസിലുകളില്‍ സമ്മര്‍ദ്ദം എന്നിങ്ങനെ പല പ്രയാസങ്ങളും ആംഗ്സൈറ്റി മൂലമുണ്ടാകാം. ജോലി, ബന്ധങ്ങള്‍, സാമൂഹികജീവിതം എന്നിങ്ങനെ എല്ലാ മേഖലകളെയും വ്യക്തികളുടെ ഉത്കണ്ഠ നെഗറ്റീവായി ബാധിക്കാം. എന്നതിനാല്‍ തന്നെ ഇത് നിയന്ത്രിച്ച് മുന്നോട്ടുപോകേണ്ടത് വളരെ പ്രധാനമാണ്. ഇത്തരത്തില്‍ ആംഗ്സൈറ്റി നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ടിപ്സ് ആണിനി വിശദീകരിക്കുന്നത്. 

ആംഗ്സൈറ്റി അനുഭവപ്പെടുന്ന സമയത്ത് തന്നെ ഡീപ് ബ്രീത്തിംഗ് എടുക്കാൻ ശ്രമിക്കാം. ആംഗ്സൈറ്റി മൂലം നെഞ്ചിടിപ്പ് ഉയരുന്നത് തടയാനും ആംഗ്സൈറ്റി താഴാനുമെല്ലാം സഹായകമായ കാര്യമാണിത്. മൂക്കിലൂടെ വളരെ പതിയെ ശ്വാസമെടുക്കണം. ഏതാനും സെക്കൻഡുകള്‍ ഹോള്‍ഡ് ചെയ്യണം. ഇനി വായിലൂടെ വേണം ശ്വാസം പുറത്തേക്ക് വിടാൻ. ഇതുതന്നെ പല പ്രാവശ്യം ചെയ്തുനോക്കാം. 

ആംഗ്സൈറ്റിയുള്ളവര്‍ മസില്‍ റിലാക്സേഷൻ ടെക്നിക്കുകള്‍ പഠിച്ച് മനസിലാക്കി അത് ദിവസവും ചെയ്യുന്നത് നല്ലതാണ്. അതുപോലെ തന്നെ വ്യായാമവും പതിവാക്കണം. മൈൻഡ്‍ഫുള്‍നെസ്, മെഡിറ്റേഷൻ എന്നിവയും ആംഗ്സൈറ്റി കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. 

ഇതിന് പുറമെ മറ്റ് ചില കാര്യങ്ങള്‍ കൂടി ആംഗ്സൈറ്റി കുറയ്ക്കാൻ ചെയ്യാവുന്നതാണ്. ആംഗ്സൈറ്റിയുണ്ടാക്കുന്ന കാര്യങ്ങളെ പ്രത്യേകമായി തിരിച്ചറിയണം. ശേഷം നമ്മുടെ ചിന്തകളില്‍ ബോധപൂര്‍വമായ മാറ്റങ്ങള്‍ വരുത്തണം. അതായത് നെഗറ്റീവായ ചിന്തകളെ മാറ്റണം. പകരം പോസിറ്റീവായി അവയെ മാറ്റി ചിന്തിക്കാൻ ശ്രമിക്കണം. സാങ്കല്‍പിക ലോകത്തിലേക്ക് പോകുന്നതിന് പകരം യാഥാര്‍ത്ഥ്യത്തിലേക്ക് വരണം. എന്താണ് നടക്കുന്നത്, എന്താണ് യാഥാര്‍ത്ഥ്യം എന്ന് ചിന്തിക്കുക. 

ചിലര്‍ക്ക് വാതില്‍ പൂട്ടിയോ, ഗ്യാസ് ഓഫ് ചെയ്തോ, തേപ്പുപെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്തോ, മോട്ടര്‍ ഓഫ് ചെയ്തോ എന്നിങ്ങനെയൊക്കെയുള്ള ആശങ്ക പതിവായി വരാറുണ്ട്. അല്ലെങ്കില്‍ എവിടെയെങ്കിലും പോകുമ്പോള്‍ പ്രധാനപ്പെട്ട വല്ലതും എടുക്കാൻ മറന്നോ എന്നിങ്ങനെയൊക്കെ. ഇതിനെല്ലാം പരിഹാരമുണ്ട്. പതിവായി നിങ്ങളെ അലട്ടുന്ന ഇത്തരം പ്രശ്നങ്ങളെ ലിസ്റ്റ് ചെയ്യണം. എഴുതിത്തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. ശേഷം ഇവ എപ്പോഴും ഒരിക്കല്‍ കൂടി ഉറപ്പിച്ച് മനസിനെ ബോധ്യപ്പെടുത്താം. യാത്ര പോകുമ്പോള്‍ ലിസ്റ്റിലുള്ള എല്ലാം എടുത്തോ എന്ന് ഒന്നുകൂടി ഉറപ്പിക്കുക. പിന്നെ ഈ ആശങ്ക മനസില്‍ വരികയേ ഇല്ല. വന്നാലും മനസിന് കൃത്യമായ ഉത്തരമുണ്ട്. അതുപോലെ ഗ്യാസ് ഓഫ് ചെയ്തു, തേപ്പുപെട്ടി ഓഫ് ചെയ്തു, വീട് പൂട്ടി എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഉറപ്പിക്കണം. തുടര്‍ന്ന് ആംഗ്സൈറ്റി വരുമ്പോള്‍ തന്നെ അതിനുള്ള മറുപടി മനസ് നല്‍കും. ഇതിനെല്ലാം പ്രധാനമായും സമയം ക്രമീകരിക്കാൻ പഠിക്കണം.

ആംഗ്സൈറ്റിയുള്ളവര്‍ അല്‍പം ചിട്ട പാലിക്കുന്നത് നന്നായിരിക്കും. എല്ലാത്തിനും ഇത്തിരി സമയം അധികം നീക്കിവയ്ക്കുക. ധൃതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നത് ആംഗ്സൈറ്റി കൂട്ടും. 

വൈകാരികമായ കാര്യങ്ങളെ ചൊല്ലിയാണ് ആംഗ്സൈറ്റി വരുന്നത് എങ്കില്‍ അതെല്ലാം നിങ്ങള്‍ക്ക് ഒരു പേപ്പറിലോ പുസ്തകത്തിലോ എഴുതാം. ഇത് നല്ലൊരു പ്രാക്ടീസ് ആണ്. ആംഗ്സൈറ്റി കുറയ്ക്കാൻ വളരെയധികം സഹായിക്കും. ഒപ്പം തന്നെ പ്രിയപ്പെട്ടവരുടെയോ സുഹൃത്തുക്കളുടെയോ എല്ലാം പിന്തുണ തേടാവുന്നതാണ്. സാമൂഹികമായ ഉള്‍വലിയല്‍ ആംഗ്സൈറ്റി കൂട്ടും. അതേസമയം നമുക്ക് ദോഷമാകുന്ന തരത്തിലുള്ള ഇടപോടലുകളോടോ, കാര്യങ്ങളോടോ സമയോചിതമായി 'നോ' പറയാനും ശീലിക്കണം. അല്ലെങ്കില്‍ അവയെല്ലാം മോശമായി ബാധിക്കും. ഇതും ഏറെ പ്രധാനമാണ്. 

ആംഗ്സൈറ്റിയുള്ളവര്‍ മദ്യം- മറ്റ് ലഹരി പദാര്‍ത്ഥങ്ങളെ ഒരു തരത്തിലും ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവയെല്ലാം ആംഗ്സൈറ്റി കൂടുന്നതിലേക്കാണ് നയിക്കുക.

Also Read:- ഇടയ്ക്കിടെ പാദങ്ങള്‍ തളര്‍ന്നുപോകുന്നതായി തോന്നാറുണ്ടോ? കാരണം ഇതാകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios