കഴിയുന്നതും ദിവസത്തിന്‍റെ മധ്യത്തില്‍ - അതായത് വെയില്‍ താരതമ്യേന ഏറ്റവുമധികം വീഴുന്ന സമയത്ത് പുറത്ത് പോകാം. അല്‍പസമയം ചിലവിടാം. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്

വൈറ്റമിൻ -ഡി നമ്മുടെ ആരോഗ്യത്തിന് എത്രമാത്രം അത്യന്താപേക്ഷിതമാണെന്നത് ഇന്ന് മിക്കവരും തിരിച്ചറിയുന്നുണ്ട്. പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്നാണ് നമുക്ക് വൈറ്റമിൻ ഡി ലഭിക്കുന്നത്. ഇതിന് പുറമെ ചെറിയ അളവില്‍ മാത്രമാണ് ഭക്ഷണത്തിലൂടെ ലഭിക്കുക. സൂര്യപ്രകാശം തന്നെ പ്രധാന സ്രോതസ്.

ഇതിനാല്‍, തീരെ പുറത്തിറങ്ങാതിരിക്കുകയും വെയില്‍ കൊള്ളാതിരിക്കുകയും ചെയ്യുന്നവരിലാണ് കാര്യമായും വൈറ്റമിൻ ഡി കുറവ് കാണാറുള്ളത്. വൈറ്റമിൻ ഡി കുറയുന്നത് ആരോഗ്യത്തെ പല രീതിയിലും ദോഷകരമായി ബാധിക്കും. മുമ്പ് അധികപേരും ഇതെക്കുറിച്ചൊന്നും മനസിലാക്കിയിരുന്നില്ലെങ്കിലും ഇപ്പോള്‍ സാഹചര്യം മാറി.

കെട്ടിടങ്ങള്‍ക്കകത്തിരുന്ന് മാത്രം ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ആരോഗ്യപ്രശ്നങ്ങള്‍ പതിവാകുകയും അതിന് വൈറ്റമിൻ ഡി കുറവ് വലിയ കാരണമാകുന്നുണ്ടെന്ന് കണ്ടെത്തപ്പെടുകയും ചെയ്തിരിക്കുന്നു. തളര്‍ച്ച, ശരീരവേദന, വിളര്‍ച്ച, വിഷാദം, മുടി കൊഴിച്ചില്‍ എന്നിങ്ങനെ നിത്യജീവിതം ദുരിതപൂര്‍ണമാക്കുന്ന നിരവധി പ്രശ്നങ്ങളാണ് വൈറ്റമിൻ ഡി കുറവുണ്ടാക്കുക. 

മഞ്ഞുകാലത്താണെങ്കില്‍ ഈ പ്രശ്നങ്ങളെല്ലാം അധികരിക്കാൻ സാധ്യതയേറുകയാണ്. ഇതിനുള്ള കാരണം മനസിലായിരിക്കുമല്ലോ? 

മഞ്ഞുകാലത്ത് സൂര്യപ്രകാശം കുറവാണ് എത്തുന്നത്. ഇതുമൂലം വൈറ്റമിൻ ഡിയുടെ ആകിരണവും കുറയുന്നു. പുറത്തിറങ്ങുന്നവരില്‍ തന്നെ സൂര്യപ്രകാശം ആവശ്യത്തിന് കിട്ടാതിരിക്കാം. അപ്പോള്‍ കെട്ടിടങ്ങള്‍ക്ക് അകത്ത് തുടരുന്നവരുടെ കാര്യം പറയാനില്ലല്ലോ.

ശരിക്കും സൂര്യപ്രകാശം ഏല്‍ക്കുന്നുണ്ടെങ്കില്‍ ദിവസവും 8-10 മിനുറ്റ് നേരം വരെ വെയില്‍ നേരിട്ട് കൊണ്ടാല്‍ തന്നെ മുതിര്‍ന്ന ഒരു വ്യക്തിക്ക് ആവശ്യമായ വൈറ്റമിൻ ഡി ലഭ്യമാക്കാം. സ്കിൻ നിറം കൂടുതല്‍ ഇരുണ്ടവരാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സമയം വെയിലേറ്റെങ്കില്‍ മാത്രമേ വൈറ്റമിൻ ഡിയും ആവശ്യത്തിന് കിട്ടൂ. 

ഏതായാലും മഞ്ഞുകാലത്ത് വൈറ്റമിൻ ഡി കുറവുണ്ടായി അത് ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം?

കഴിയുന്നതും ദിവസത്തിന്‍റെ മധ്യത്തില്‍ - അതായത് വെയില്‍ താരതമ്യേന ഏറ്റവുമധികം വീഴുന്ന സമയത്ത് പുറത്ത് പോകാം. അല്‍പസമയം ചിലവിടാം. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിന് പുറമെ ദിവസവും നടക്കാൻ പോകുന്നത് പതിവാക്കാം. വെയില്‍- അല്ലെങ്കില്‍ സൂര്യപ്രകാശമേല്‍ക്കുക എന്ന ലക്ഷ്യത്തോടെ തന്നെ. ഇതിന് സഹായകമായിട്ടുള്ള വഴികളിലൂടെ വേണം നടക്കാൻ പോകാൻ.

ഇനി ഭക്ഷണത്തിലൂടെയും അല്‍പം വൈറ്റമിൻ ഡി നമുക്ക് കണ്ടെത്താം. ഇതിനായി കൊഴുപ്പടങ്ങിയ മത്സ്യം, മുട്ടയുടെ മഞ്ഞ, കൂണ്‍, പാല്‍, ഓറഞ്ച് ജ്യൂസ്, സെറില്‍സ് എന്നിങ്ങനെയുള്ള വിഭവങ്ങള്‍ കഴിക്കാം. 

വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്യലാണ് അടുത്തതായി ചെയ്യേണ്ടത്. ഇരുപതിലും താഴെ വൈറ്റമിൻ ഡി ആയാല്‍ സപ്ലിമെന‍റ്സ് എടുക്കാൻ ശ്രമിക്കണം. ഇതിന് ഡോക്ടറുടെ നിര്‍ദേശവും തേടണം. വൈറ്റമിൻ ഡി കുറയുന്നത് നമ്മള്‍ ഭക്ഷണത്തില്‍ നിന്ന് കാത്സ്യം ആകിരണം ചെയ്യുന്നതിനെയും തടയും. ഇതോടെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യവും ബാധിക്കപ്പെടാം. ഇക്കാര്യവും ഓര്‍മ്മിക്കേണ്ടതാണ്. 

Also Read:- '55 വയസിന് മുമ്പ് ബിപിയോ കൊളസ്ട്രോളോ ഉണ്ടെങ്കില്‍...'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo