ഡയറ്റിലും ജീവിതരീതികളില്‍ ആകെത്തന്നെയും പല ഘടകങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ ബിപി നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചിലരില്‍ എപ്പോഴും ബിപി ഉയര്‍ന്നുതന്നെ കാണിക്കാറുണ്ട്. അത് എന്തുകൊണ്ടാണ് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്

ബിപി അഥവാ രക്തസമ്മര്‍ദ്ദം ( Blood Pressure ) പൊതുവേ അത്ര ഗൗരവമുള്ള കാര്യമായി ആരും എടുത്തുകാണാറില്ല. വളരെ നിസാരമായി, 'ബിപിയുണ്ട്' എന്ന് പറഞ്ഞുപോകുന്നവരാണ് അധികപേരും. എന്നാല്‍ ബിപി അത്ര നിസാരമായി ( Hypertension Causes) കണക്കാക്കേണ്ട ഒരവസ്ഥയല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന് വെല്ലുവിളിയാകുന്ന പല ആരോഗ്യാവസ്ഥകളിലേക്കും നമ്മെ നയിക്കാന്‍ രക്തസമ്മര്‍ദ്ദത്തിനാകും. അതുകൊണ്ട് തന്നെ ബിപി നിയന്ത്രിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. 

മിക്കപ്പോഴും ബിപിയുള്ളവര്‍ തന്നെ അത് സ്വയമറിയാതെ പോകാറാണ് പതിവ്. ഗൗരവമായ എന്തെങ്കിലും സൂചനകള്‍ ശരീരം പ്രകടിപ്പിക്കുമ്പോള്‍ മാത്രം ആശുപത്രിയിലെത്തി പരിശോധനയിലൂടെ ബിപിയുണ്ടെന്ന് തിരിച്ചറിയുന്നവരാണ് ഏറെയും. ലക്ഷണങ്ങള്‍ പ്രകടമാകാത്ത പ്രശ്‌നമായതിനാല്‍ ബിപിയെ 'സൈലന്റ് കില്ലര്‍' അഥവാ നിശബ്ദ ഘാതകന്‍ എന്നും വിളിക്കാറുണ്ട്. 

ഡയറ്റിലും ജീവിതരീതികളില്‍ ആകെത്തന്നെയും പല ഘടകങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ ബിപി നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചിലരില്‍ എപ്പോഴും ബിപി ഉയര്‍ന്നുതന്നെ കാണിക്കാറുണ്ട്. അത് എന്തുകൊണ്ടാണ് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതിനുള്ള ചില കാരണങ്ങളാണ് പ്രധാനമായും പങ്കുവയ്ക്കാനുള്ളത്. 

ഒന്ന്...

ഡയറ്റ് ബിപിയുടെ കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നതായി നേരത്തേ സൂചിപ്പിച്ചുവല്ലോ. ഇതില്‍ തന്നെ ഉപ്പ് ആണ് വലിയൊരു ശതമാനവും നിര്‍ണായകമാകുന്നത്. ഉപ്പ് കുറയ്ക്കുന്നതിന് അനുസരിച്ച് ബിപിയും നിയന്ത്രിക്കാന്‍ സാധിക്കും. നമ്മള്‍ പാകം ചെയ്യുന്ന ഭക്ഷണത്തില്‍ നിന്ന് ഇത്തരത്തില്‍ ഉപ്പിന്റെ അളവ് കുറച്ചാലും ബാക്കി പുറത്ത് നിന്ന് വാങ്ങി ഉപയോഗിക്കുന്ന പാക്കേജ്ഡ് ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന ഉപ്പ് വില്ലനായി വരാം. അതിനാല്‍ ഉപ്പിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ തന്നെ പുലര്‍ത്തുക. 

രണ്ട്...

ഉപ്പ് (സോഡിയം) ശരീരത്തില്‍ അധികമാകുമ്പോള്‍ അതിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. മൂത്രത്തിലൂടെയാണ് ഇത്തരത്തില്‍ ഉപ്പ് പുറന്തള്ളപ്പെടുന്നത്. അങ്ങനെയാകുമ്പോള്‍ പൊട്ടാസ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ. അതിനാല്‍ പൊട്ടാസ്യം കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. സ്പിനാഷ്, ബ്രൊക്കോളി, തക്കാളി, നേന്ത്രപ്പഴം, ഓറഞ്ച്, അവക്കാഡോ, ഇളനീര്‍ എല്ലാം പൊട്ടാസ്യത്താല്‍ സമ്പന്നമാണ്. ഇങ്ങനെയുള്ള ഭക്ഷണങ്ങളൊന്നും തന്നെ ഡയറ്റില്‍ വരാതിരിക്കുന്നുവെങ്കില്‍ അത് പതിവായി ബിപി ഉയരാന്‍ ഇടയാക്കാം. 

മൂന്ന്...

മാനസിക സമ്മര്‍ദ്ദം അഥവാ 'സ്‌ട്രെസ്' അധികരിക്കുമ്പോള്‍ ബിപിയും വര്‍ധിക്കും. എല്ലായ്‌പോഴും ബിപി ഉയര്‍ന്നിരിക്കുന്നുവെങ്കില്‍ അതൊരുപക്ഷേ മാനസിക സമ്മര്‍ദ്ദങ്ങളെ വരുതിയിലാക്കാന്‍ സാധിക്കുന്നില്ല എന്നതിന്റെ സൂചനയാകാം. അതിനാല്‍ സ്‌ട്രെസ്' നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുക. 

നാല്...

ഉറക്കം ശരിയായില്ലെങ്കിലും ബിപി കൂടാം. പതിവായി ഉറക്കപ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ പതിവായി ബിപിയും ഉയര്‍ന്നിരിക്കും. 2018ല്‍ 'ദ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഹൈപ്പര്‍ടെന്‍ഷന്‍' എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം ഉറക്കം ശരിയായി ലഭിക്കാത്തവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ബിപി ഉയരാന്‍ 48 ശതമാനത്തോളം അധികസാധ്യതയാണുള്ളത്. അത്രമാത്രം ഉറക്കത്തിന് ഇക്കാര്യത്തില്‍ പ്രാധാന്യമുണ്ടെന്ന് മനസിലാക്കുക. 

അഞ്ച്...

മദ്യപാനശീലമുള്ളവരാണെങ്കില്‍ പതിവായി മദ്യപിക്കുന്നത്, അധിക അളവില്‍ മദ്യപിക്കുന്നത് എല്ലാം ബിപി ഉയരാനിടയാക്കും. രക്തക്കുഴലുകളിലെ പേശികളെയാണ് ഇത് ബാധിക്കുന്നത്. രക്തക്കുഴലുകള്‍ കൂടുതല്‍ നേരിയതാവുകയും ഇതോടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കാന്‍ ഹൃദയത്തിന് അധികമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതായി വരുന്നു. ഇതെല്ലാം ഹൃദയാഘാതത്തിലേക്കോ, ഹൃദയസ്തംഭനത്തിലേക്കോ നയിക്കാന്‍ സാധ്യതകളേറെയാണ്. 

ആറ്...

മറ്റ് എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായും എല്ലായ്‌പോഴും ബിപി ഉയര്‍ന്നിരിക്കാം. പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖങ്ങള്‍. അതുകൊണ്ട് തന്നെ ബിപി എപ്പോഴും ഉയര്‍ന്നാണിരിക്കുന്നതെങ്കില്‍ അത്യാവശ്യം ശരീരം സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ വേണ്ട പരിശോധനകളെല്ലാം ഡോക്ടറുടെ നിര്‍ദശപ്രകാരം ചെയ്യുന്നത് ഉചിതമാണ്.

Also Read:- തലകറക്കവും നെഞ്ചിടിപ്പ് കൂടുന്നതും; കാരണം ഈ അസുഖമാകാം...