Asianet News MalayalamAsianet News Malayalam

Blood Pressure : ബിപിയെ നിസാരമായി കാണരുതേ; ഡോക്ടര്‍ പറയുന്നു...

ലോകത്തിനു മൊത്തം വയസ്സായിക്കൊണ്ടിരിക്കുന്നതുകൊണ്ടു തന്നെ 2030 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ 20 ശതമാനവും 65 വയസ്സുകഴിഞ്ഞവരാകും. അതുകൊണ്ടു തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കും

hypertension sometimes lead to death says doctor
Author
Trivandrum, First Published May 17, 2022, 5:06 PM IST

അമിത രക്തസമ്മര്‍ദ്ദം എന്നത് പൊതുവായി ( High Blood Pressure or Hypertension ) കാണുന്ന രോഗമാണിന്ന്. ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ ( Heart Diseases ) കൂട്ടുന്നതില്‍ നിര്‍ണ്ണായകമായ പങ്കുണ്ട് ഹൈപ്പര്‍ടെന്‍ഷന്. ലോകമെങ്ങും സംഭവിക്കുന്ന പക്ഷാഘാതങ്ങളില്‍ 54 ശതമാനവും കൊറോണറി ഹൃദ്രോഗങ്ങളില്‍ 47 ശതമാനവും സംഭവിക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ മൂലമാണെന്ന് കണക്കുകള്‍ പറയുന്നു.

ലോകാരോഗ്യ സംഘടന നല്‍കുന്ന കണക്കുകള്‍ പ്രകാരം 30നും 79നും ഇടയില്‍ പ്രായമുള്ളവരില്‍ 128 കോടി പേര്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ രോഗമുണ്ട്. ഇവരിലേറെയും താരതമ്യേന താഴ്ന്നതും ഇടത്തരവുമായ സാമ്പത്തികാവസ്ഥയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മറ്റൊരു വസ്തുത രോഗമുള്ളവരില്‍ 46 ശതമാനം പേരും രോഗബാധയുണ്ടെന്ന് അറിയാത്തവരാണ് എന്നതാണ്. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട രോഗമുണ്ടെന്നു തന്നെ അധികം പേരും അറിയുന്നത് ഹൃദയാഘാതമോ പക്ഷാഘാതമോ വരുമ്പോള്‍ അതിന് ചികിത്സ തേടുമ്പോള്‍ മാത്രമാണ്. 

ഇനി രോഗമുണ്ടെന്ന് അറിഞ്ഞവരില്‍ തന്നെ അസുഖത്തിന് അര്‍ഹമായ ചികിത്സ തേടുന്നരുടെ എണ്ണം 42 ശതമാനം മാത്രമേ വരൂ. അതേസമയം ഹൈപ്പര്‍ടെന്‍ഷന്‍ രോഗമുള്ളവരില്‍ അഞ്ചിലൊന്ന് പേര്‍ക്കു മാത്രമേ രോഗം നിയന്ത്രണ വിധേയമായി കൊണ്ടുപോകാന്‍ സാധിക്കുന്നുള്ളൂ എന്നതും ഓര്‍ത്തിരിക്കേണ്ട കാര്യമാണ്. ലോകമെങ്ങും നടക്കുന്ന അകാലമരണങ്ങളില്‍ ഹൈപ്പര്‍ടെന്‍ഷന്റെ പങ്ക് വളരെ വലുതാണ്. 2030 ആകുമ്പോഴേക്കും കുതിച്ചുയരാന്‍ സാധ്യതയുള്ള ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളുടെ എണ്ണത്തെ 33 ശതമാനത്തില്‍ താഴെ നിലനിര്‍ത്തുക എന്നതാണ് ലോകാരോഗ്യ സംഘടന ഒരു ലക്ഷ്യമായി കാണുന്നതു തന്നെ.

പ്രായം കൂടുംതോറും രോഗബാധയ്ക്കുള്ള സാധ്യതയും കൂടും. 60 വയസ്സു കഴിഞ്ഞവരില്‍ 65 ശതമാനം പേര്‍ക്കും ഹൈപ്പര്‍ടെന്‍ഷന്‍ അനുബന്ധ രോഗങ്ങളുണ്ടാകാം. ലോകത്തിനു മൊത്തം വയസ്സായിക്കൊണ്ടിരിക്കുന്നതുകൊണ്ടു തന്നെ 2030 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ 20 ശതമാനവും 65 വയസ്സുകഴിഞ്ഞവരാകും. അതുകൊണ്ടു തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കും.

ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ഈ രോഗത്തിന്റെ പിടിയിലാണെന്നത് രോഗത്തിന്റെ വ്യാപ്തിയും ഗൗരവവും വര്‍ധിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മാത്രം ഹൈപ്പര്‍ടെന്‍ഷന്‍ അനുബന്ധ രോഗങ്ങള്‍ മൂലമുള്ള മരണം 16.3 ലക്ഷം പേരാണ് 2016ല്‍ മാത്രം മരണപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. 
രക്തസമ്മര്‍ദ്ദം എന്നത് ഹൃദയം ഓരോതവണയും ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെ പമ്പ് ചെയ്യപ്പെടുന്ന രക്തം രക്തക്കുഴലുകളുടെ പാര്‍ശ്വങ്ങളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ തോതാണ്. 

ഹൃദ്രോഗങ്ങളിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്ന പ്രധാന കാരണമെന്നതിലുപരി വൃക്ക രോഗങ്ങള്‍, ഡിമെന്‍ഷ്യ തുടങ്ങിയ അവസ്ഥകളിലേക്കും രോഗികളെ എത്തിക്കുന്നു. ആഗോള തലത്തില്‍ ഹൈപ്പര്‍ടെന്‍ഷന്‍ ദിവസമായി ആചരിക്കുന്നത് മെയ് 17നാണ്. പൊതുജനങ്ങള്‍ക്കിടയില്‍ അമിതരക്തസമ്മര്‍ദ്ദം എന്ന നിലയില്‍ അറിയപ്പെടുന്ന ഹൈപ്പര്‍ടെന്‍ഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ച് ധാരണ ശക്തമാക്കുന്നതിനും വേണ്ടിയാണ് ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിക്കുന്നത്.  

''നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായി നിരീക്ഷിക്കൂ, നിയന്ത്രിക്കൂ, കൂടുതല്‍ കാലം ജീവിക്കൂ''  എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണം ഊന്നല്‍ നല്‍കുന്ന സന്ദേശം. ഹൃദയസംബന്ധമായ രോഗങ്ങളുടെ കാര്യത്തില്‍ അപകടസാധ്യതയുണ്ടാക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായ ഇടംപിടിച്ചിരിക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ ആണ്.
 
സാധാരണ ജനങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെടുന്ന ഹൈപ്പര്‍ടെന്‍ഷന്‍ ലെവല്‍ 140/90 mmHg എന്നതും പ്രമേഹരോഗവും വൃക്കരോഗവും ഉള്ളവരില്‍ 130/80 mmHg എന്നതുമാണ്. ഹൈപ്പര്‍ടെന്‍ഷന്‍ മരുന്നു മൂലമോ ജീവിത ശൈലീ നിയന്ത്രണത്തിലൂടെ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ നെഞ്ചുവേദന, ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനം തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളിലേക്ക് എത്താനുള്ള സാധ്യത പതിന്‍മടങ്ങാകും. ഹൃദയമിടിപ്പിലുണ്ടാകുന്ന ക്രമാതീതമായ വ്യതിയാനം പലപ്പോഴും പെട്ടെന്നുള്ള മരണത്തില്‍ പോലും എത്തിച്ചേക്കാവുന്ന അവസ്ഥയാണ്. ഈ രോഗത്തിന് പ്രത്യേകമായ ചികിത്സയില്ലെങ്കിലും സ്ഥിരമായി ചികിത്സ തുടര്‍ന്നില്ലെങ്കില്‍ ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് അതിവേഗം കീഴ്പ്പെടാനുള്ള സാധ്യത കൂടും.

ഭക്ഷണശീലത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തി ഹൈപ്പര്‍ടെന്‍ഷന്‍ രോഗത്തെ നമുക്ക് ഒരുപരിധി വരെ വരുതിയില്‍ നിര്‍ത്താം. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുകയും വ്യായാമം ശീലിക്കുകയും, ശരീരഭാരം നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ വര്‍ജ്ജിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക, ഡോക്ടറുടെ നിര്‍ദ്ദേശം സ്ഥിരമായും കൃത്യമായും പാലിക്കുക തുടങ്ങിയവയിലൂടെ ഹൈപ്പര്‍ടെന്‍ഷന്‍ രോഗത്തെ ഒരുപരിധി വരെ നിയന്ത്രിച്ചു നിര്‍ത്താനാവും.

ലേഖനം തയ്യാറാക്കിയത് : ഡോ. മനോജ് കുമാര്‍ പി (എംഡി, ഡിഎ9ബി, ഡിഎം)
സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് 
തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍

Also Read:- രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ?

Follow Us:
Download App:
  • android
  • ios