ഹൃദയമിടിപ്പ് പെട്ടെന്ന് കൂടുകയും തന്മൂലം ഹൃദയത്തില്‍ രക്തം കട്ട പിടിക്കുകയും ചെയ്യുന്നൊരു അവസ്ഥയാണിത്. ഹൃദയത്തിന്‍റെ മുകളിലെ രണ്ട് അറകളാണ് (ഏട്രിയ) ബാധിക്കപ്പെടുന്നത്

നമ്മള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത, അല്ലെങ്കില്‍ നമ്മുടെ അറിവിലില്ലാത്ത എത്രയോ തരം രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമാണ് ഈ ലോകത്ത് നിലനില്‍ക്കുന്നത്! അല്ലേ? പലപ്പോഴും വാര്‍ത്തകളിലൂടെയോ പഠനറിപ്പോര്‍ട്ടുകളിലൂടെയോ എല്ലാമാണ് നാം ഇത്തരത്തിലുള്ള അപൂര്‍വരോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയുമെല്ലാം കുറിച്ച് അറിയുന്നത്.

ഇപ്പോഴിതാ ഇത്തരത്തില്‍ യുഎസിലെ ഹൂസ്റ്റണില്‍ നിന്നുള്ളൊരു ബോഡി ബില്‍ഡറുടെ അനുഭവമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഐസ് വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സംഭവിച്ച പ്രശ്നങ്ങളും അതെത്തുടര്‍ന്ന് കണ്ടെത്തിയ അപൂര്‍വമായ ആരോഗ്യപ്രശ്നവുമാണ് ശ്രദ്ധ നേടുന്നത്.

ഫ്രാങ്ക്ലിൻ അരിബീന എന്ന ബോഡി ബില്‍ഡര്‍ക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. വെള്ളം കുടിച്ചുകൊണ്ടിരിക്കെ നെഞ്ചിലൊരു തടസം പോലെ തോന്നി. അതിന് മുമ്പ് അങ്ങനെയൊരു പ്രശ്നമുണ്ടായിട്ടേ ഇല്ല. പിന്നീട് തളര്‍ന്ന് താഴെ വീഴുകയും ചെയ്തു. സമാനമായ അവസ്ഥ തുടര്‍ന്നും പലതവണ ഉണ്ടായി. 

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുപതിലധികം തവണ ഈ പ്രശ്നം നേരിട്ട് അരിബീന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഒടുവില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്‍റെ പ്രശ്നം കണ്ടെത്തി. 'ഏട്രിയല്‍ ഫൈബ്രിലേഷൻ' അഖവാ എഎഫ് എന്ന് പറയുന്നൊരു അവസ്ഥയാണിത്. ഹൃദയത്തെയാണിത് ബാധിക്കുന്നത്. 

ഹൃദയമിടിപ്പ് പെട്ടെന്ന് കൂടുകയും തന്മൂലം ഹൃദയത്തില്‍ രക്തം കട്ട പിടിക്കുകയും ചെയ്യുന്നൊരു അവസ്ഥയാണിത്. ഹൃദയത്തിന്‍റെ മുകളിലെ രണ്ട് അറകളാണ് (ഏട്രിയ) ബാധിക്കപ്പെടുന്നത്. എഫ് ചിലരില്‍ ലക്ഷണങ്ങളൊന്നും കാണിക്കില്ല. ചിലരിലാണെങ്കില്‍ ഉയര്‍ന്ന നെഞ്ചിടിപ്പിന് പിന്നാലെ ശ്വാസതടസം, തലകറക്കം എന്നിവയെല്ലാം കാണാം.

ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ നഷ്ടപ്പെടുന്നൊരു അവസ്ഥ തന്നെയാണിത്. അരിബീനയുടെ കേസില്‍ അദ്ദേഹത്തിന് വില്ലനായി അവതരിച്ചത് ഐസ് വെള്ളമായിരുന്നു എന്നതാണ് സത്യം. ഇത് അദ്ദേഹം തന്നെ സ്വയം തിരിച്ചറിയുകയായിരുന്നു. 

ഒരിക്കല്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ തണുത്ത വെള്ളം കുടിച്ചതാണ്. അതേ പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കി വന്നതോടെ ഐസ് വെള്ളമാണ് പ്രശ്നമെന്ന സംശയം അരിബീനയെ അലട്ടി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അരിബീനയ്ക്കും അച്ഛനും സഹോദരിക്കുമെല്ലാം ഏട്രിയല്‍ ഫൈബ്രിലേഷൻ ഇടക്ക് സംഭവിക്കാൻ സാധ്യതയുള്ളതായും ഇവരില്‍ പാരമ്പര്യമായി ഈ സാധ്യത കിടക്കുന്നതായും കണ്ടെത്തി. 

തൊണ്ടയുടെ പിറകിലായുള്ള വേഗസ് എന്ന നാഡിയില്‍ ഐസ് വെള്ളം തട്ടുമ്പോഴാണത്രേ എഎഫ് ട്രിഗര്‍ ചെയ്യുന്നത്. തലച്ചോറില്‍ നിന്ന് നെഞ്ചിലേക്ക് വരുന്നതാണ് വേഗസ് നാഡി. ഇത് നെഞ്ചിടിപ്പ് (ഹൃദയമിടിപ്പ്) ബാലൻസ് ചെയ്ത് നിര്‍ത്തുന്നതില്‍ പങ്കാളിയാണ്. അതിനാലാണ് ഐസ് വെള്ളം കുടിക്കുമ്പോള്‍ എഎഫ് ട്രിഗറാകുന്നത്. 

എന്തായാലും അരിബീന ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഇപ്പോള്‍ പൂര്‍ണമായും ഈ അവസ്ഥയില്‍ നിന്ന് മോചിതനാവുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ ബോധവത്കരണം നടത്താനാണ് അരിബീന ആഗ്രഹിക്കുന്നത്. എഎഫിന്‍റെ ലക്ഷണങ്ങളെ കുറിച്ച് മനസിലാക്കാനും ഇത്തരം പ്രശ്നങ്ങളെ സമയബന്ധിതമായി എങ്ങനെ തിരിച്ചറിയാമെന്നതിനെ കുറിച്ചുമെല്ലാം ഇദ്ദേഹം വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ്.

Also Read:- ഹാര്‍ട്ട് ബ്ലോക്ക് മനസിലാക്കാം; ഈ ആറ് ലക്ഷണങ്ങളിലൂടെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo