രാജ്യത്ത് കൊവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ ആശങ്കകളോടെയും ഭയത്തോടെയുമാണ് ജനങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കാണുന്നത്. നേരത്തേ ജൂണ്‍ ജൂലൈ മാസങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു. 

ഇത് വലിയ ആശങ്കകള്‍ ആളുകള്‍ക്കിടയിലുണ്ടാക്കിയിരുന്നു. എന്നാല്‍ കണക്കുകളെ അടിസ്ഥാനപ്പെടുത്തി വസ്തുതാപരമായി വിലയിരുത്തല്‍ നടത്തിയ ശേഷമായിരുന്നു ആരോഗ്യരംഗത്തെ പ്രമുഖരുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യ അറിയിച്ചിരുന്നത്. 

തുടര്‍ന്ന് ജൂണ്‍ മാസത്തിലേക്ക് കടന്നതോടെ തന്നെ രാജ്യം ഈ മുന്നറിയിപ്പ് സത്യമായിരുന്നുവെന്ന് മനസിലാക്കുകയും ചെയ്തു. അത്രമാത്രം കേസുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന സമാനമായൊരു വാര്‍ത്ത വലിയ വിവാദങ്ങള്‍ക്കാണ് ഇപ്പോള്‍ വഴിയൊരുക്കിയിരിക്കുന്നത്. 

നവംബറില്‍ ഇന്ത്യയില്‍ കൊവിഡ് 19 വ്യാപകമാകുമെന്ന് 'ഐസിഎംആര്‍' (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്' സംഘടിപ്പിച്ച പഠനം ചൂണ്ടിക്കാട്ടുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതിന്റെ ആധികാരികത സംബന്ധിച്ച് വൈകാതെ ചോദ്യങ്ങളുയര്‍ന്നു. 

ഒടുവില്‍ വിശദീകരണവുമായി 'ഐസിഎംആര്‍' തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങള്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും. അതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ട്വിറ്ററിലൂടെയാണ് 'ഐസിഎംആര്‍' വ്യക്തമാക്കിയത്. 

നവംബര്‍ വരെ രാജ്യത്തെ സ്ഥിഗതികള്‍ നിയന്ത്രണവിധേയമായിരിക്കുമെന്നും അതിന് ശേഷം ഐസൊലേഷന്‍ ബെഡുകള്‍ക്കും, ഐസിയു ബെഡുകള്‍ക്കും, വെന്റിലേറ്ററുകള്‍ക്കുമെല്ലാം ക്ഷാമം നേരിടുമെന്നുമായിരുന്നു പഠനത്തിന്റെ വിശദാംശങ്ങള്‍ എന്ന പേരില്‍ വാര്‍ത്തകളില്‍ വന്നിരുന്നത്. ഇത്തരത്തിലുള്ള ഭാഗങ്ങള്‍ വലിയ തോതില്‍ പരിഭ്രാന്തി പടരാന്‍ ഇട വരുത്തിയിരുന്നു. 

Also Read:- ഇന്ന് 82 കൊവിഡ് കേസുകള്‍; സമ്പര്‍ക്കത്തിലൂടെ രോഗം ഒന്‍പത് പേര്‍ക്ക്, ഒരു മരണം...

ഇതുവരെ 3,32,000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 9,520 പേര്‍ മരിച്ചു. രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്.