ചൈനയിൽ നിന്ന് അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ ഇന്ത്യയിലെത്തി. രാജ്യത്ത് കൊറോണ വൈറസ് ഹോട്ട്‌സ്പോട്ടുകൾ വർദ്ധിക്കുകയാണോ കുറയുകയാണോ എന്ന് നിരീക്ഷിക്കുന്നതിനും ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുമെന്ന് ഐസി‌എം‌ആറിലെ എപ്പിഡെമിയോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് മേധാവി ഡോ. രാമൻ ആർ. ഗംഗാഖേദ്കർ പറ‍ഞ്ഞു.

  ദ്രുത പരിശോധനയിലൂടെ മാത്രമേ രോഗ വ്യാപനത്തിന്റെ തോത് കൃത്യസമയത്ത് മനസിലാക്കാനാകൂ എന്നാണ് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നത്.സമൂഹ വ്യാപനമില്ല എന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ അത് പൂര്‍ണമായി ഐ.സി.എം.ആര്‍ അംഗീകരിക്കുന്നില്ല. ദിവസേന ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഇനി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്‍ത്താനാകൂവെന്നതാണ് ഐസിഎംആർ വ്യക്തമാക്കുന്നത്. ചൈനയിൽ നിന്ന് 15 ലക്ഷം കിറ്റുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ചൈനയ്ക്ക് പുറമെ ദക്ഷിണ കൊറിയ, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ടെസ്റ്റിംഗ് കിറ്റുകൾ ലഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എപ്പിഡമിയോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഐസിഎംആർ മേധാവി ഡോ. ആർ ആർ ഗംഗാഖേദ്കർ പറ‍ഞ്ഞു.