വെള്ളിയാഴ്ച മുതൽ ഇന്ത്യ രാജ്യത്തെ കൊവിഡ് 19 ടെസ്റ്റിംഗ് പ്രോട്ടോകോളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ള വ്യക്തികളിൽ  നിന്ന് റൂട്ട് മാപ്പ് ഉണ്ടാക്കി നടത്തിയ കോൺടാക്റ്റ് ട്രേസിങ് പ്രകാരം നിരവധി കേസുകൾ പുതുതായി വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളവരിൽ രാഷ്ട്രീയ പ്രവർത്തകരുണ്ട്, സിനിമാ താരങ്ങളുണ്ട്, ഉന്നതോദ്യോഗസ്ഥരുണ്ട്. പലരിലും ലക്ഷണങ്ങൾ പ്രകടമല്ല എന്നതും ശ്രദ്ധേയമാണ്.  

എന്നാൽ, ഇന്ത്യയിലെ കൊറോണാ വൈറസ് ബാധ ഇത്രകണ്ട് പടരാനുള്ള ഒരു കാരണം പരിശോചിച്ച് അസുഖബാധിതരെ കണ്ടെത്തുന്നതിൽ വരുന്ന വീഴ്ചയാണ് എന്ന് വിദഗ്ധർ പറയുന്നു. അതിനു പ്രധാനകാരണം ഒരു ദിവസം പരിശോധനയ്‌ക്കെടുക്കാവുന്ന സാമ്പിളുകളുടെ കാര്യത്തിൽ സർക്കാർ ലാബുകൾക്കുള്ള പരിമിതിയാണ്. ഇക്കാര്യത്തിൽ വേണ്ട സൗകര്യം ഒരുക്കാൻ കഴിയുന്ന സ്വകാര്യ രംഗത്തെ ലാബുകളെ ഇക്കാര്യത്തിൽ വിശ്വാസത്തിലെടുക്കാത്ത സർക്കാർ നടപടിയും ഇവിടെ വിമർശിക്കപ്പെടുന്നുണ്ട്.

ഇപ്പോൾ ഒരു ദിവസം ടെസ്റ്റ് ചെയ്യുന്നതിന്റെ അമ്പത് ഇരട്ടിയെങ്കിലും വെച്ച് ടെസ്റ്റ് ചെയ്താൽ മാത്രമേ ഇന്ത്യയിൽ കൊവിഡ് 19 ബാധിക്കുന്നവരെ എത്രയും പെട്ടെന്ന് കണ്ടെത്താനും, അവരിൽ നിന്ന് സമ്പർക്കം മൂലം അസുഖം മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനും സാധിക്കൂ. ആദ്യത്തെ രോഗിയിൽ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട അന്ന് മുതൽ ഇന്നലെ, വെള്ളിയാഴ്ച വരെയും ഇന്ത്യയിൽ ആകെ ടെസ്റ്റ് ചെയ്തത് 14,376 സാമ്പിളുകൾ മാത്രമാണ്. ഇന്ത്യക്ക് ഇന്നത്തെ അവസ്ഥയിൽ നിത്യേന 10,000 സാമ്പിളുകളെങ്കിലും ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങളുണ്ട് എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഈ സംവിധാനങ്ങൾ ഉപയോഗിക്കപ്പെടാതെ പോകുന്നത് രാജ്യത്ത് വളരെ വലിയ ഒരു സാമൂഹിക സംക്രമണത്തിന് കാരണമാകുമെന്ന മുന്നറിയിപ്പാണ് അവർ നൽകുന്നത്. 

ഡോ. ലാൽസ് പാത്ത് ലാബ്സ്, ഡോ.ഡാങ്സ് പാത്ത് ലാബ്‌സ്, എസ്ആർഎൽ ഡയഗ്നോസ്റ്റിക്സ്, പാത്ത് കൈൻഡ് ലാബ്‌സ്, മെട്രോപോളിസ് ലാബ്‌സ്, സിൻജിൻ ഇന്റർനാഷണൽ തുടങ്ങിയ സ്വകാര്യ ലാബുകൾ കൊവിഡ് 19 പരിശോധനകൾക്കുവേണ്ടിയുള്ള പ്രൊപ്പോസലുകൾ ഐസിഎംആറിനു സമർപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് 5000 രൂപയാണ് അവർ ആവശ്യപ്പെടുന്ന തുക. എന്നാൽ അതുസംബന്ധിച്ച ഒരു സ്ഥിരീകരണം ഇനിയും സർക്കാരിന്റെയോ ഐസിഎംആറിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നാലഞ്ച് ദിവസത്തിനുള്ളിൽ ആ സ്ഥിരീകരണം വന്നാൽ, സ്വകാര്യ ലാബുകൾ പരിശോധന തുടങ്ങുകയും, ഇന്ന് നമ്മൾ കേൾക്കുന്ന സ്ഥിരീകരിച്ച കേസുകളുടെ എണ്ണം വളരെയധികം വർധിക്കുകയും ചെയ്തേക്കാം. 

" രോഗം ഇന്ത്യയിൽ പുരോഗമിക്കുന്നത് ക്രമാതീതമായ നിരക്കിലാണ്. അതിന്റെ അർത്ഥം അടുത്ത് വരാൻ പോകുന്നത് സാമൂഹിക സംക്രമണം(community transmission ) ആണെന്നാണ്. നമ്മൾ ഇപ്പോൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാമൂഹികമായ നിയന്ത്രണങ്ങൾ, അതായത് ആളുകൾ കൂടുന്നിടങ്ങളായ ഷോപ്പിങ് മാളുകൾ, സർക്കാർ ഓഫീസുകൾ, ഉത്സവങ്ങൾ എന്നിവക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, വാഹനങ്ങൾ നിയന്ത്രിക്കുക തുടങ്ങിയവകൊണ്ട് നമുക്ക് രോഗം സാമൂഹിക സംക്രമണ ഘട്ടത്തിലേക്ക് പോകുന്നത് തടയാനാവില്ല. അത് പരമാവധി വൈകിക്കാൻ മാത്രമാണ് നമുക്ക് സാധിക്കുക. " കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ പറഞ്ഞു. 

ടെസ്റ്റിങ് പ്രോട്ടോകോളിൽ ഉണ്ടായിട്ടുള്ള കാതലായ മാറ്റം ഇതാണ്. ഇനി മുതൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള, എന്നാൽ ഇതുവരെയും രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിച്ചിട്ടില്ലാത്ത, ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ സാമ്പിളുകളും ടെസ്റ്റ് ചെയ്യുന്നതാണ്. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ ഒരാഴ്ചയിൽ അധികം സമയമെടുക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇങ്ങനെ ഹോം ക്വാറന്റൈനിൽ കഴിയുന്ന, ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് രോഗമുണ്ടെങ്കിൽ, അത് അവർ വീട്ടിലെ മറ്റുള്ളവരിലേക്ക് പകർത്തും എന്നതാണ് ഇങ്ങനെ ചെയ്യാൻ ഒരു കാരണം. അവരിൽ കൂടി പരിശോധന നടത്തി എത്രയും പെട്ടെന്ന് രോഗമുള്ളവർ ഐസൊലേഷനിലേക്ക് മാറ്റിയില്ലെങ്കിൽ, രോഗം പടരുന്നത് തോത് തടയാൻ സാധിച്ചേക്കില്ല. അതാണ് ഇങ്ങനെ ഒരു നീക്കത്തിന് പിന്നിൽ. 

ഇപ്പോൾ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ ലക്ഷണങ്ങൾ കാണിച്ചിട്ടുള്ളവരെ മാത്രമാണ് ഐസിഎംആർ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. അത് മതിയാകില്ല എന്ന വിദഗ്ധാഭിപ്രായമാണ് ടെസ്റ്റിങ് പ്രോട്ടോക്കോളിലെ മാറ്റങ്ങൾക്കു പിന്നിൽ. വിദേശത്തു നിന്ന് വന്ന ഒരാളുമായും സമ്പർക്കം പുലർത്തിയിട്ടില്ലാത്ത, രോഗം സ്ഥിരീകരിക്കപ്പെട്ട ആളുകളുമായി ബന്ധം ഉണ്ടായിട്ടില്ലാത്ത, പുതിയൊരു രോഗി ഉണ്ടാകുമ്പോഴാണ് രോഗം സാമൂഹിക സംക്രമണത്തിലേക്ക് കടന്നു എന്ന് ബോധ്യമാവുന്നത്. കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്നതിന്റെ ലക്ഷണം കൂടിയാകും അത്.