Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപനമെന്ന് സൂചന; ജാഗ്രതയില്ലെങ്കിൽ അതിതീവ്ര വ്യാപനമെന്ന് വിദഗ്ധ മുന്നറിയിപ്പ്

സംസ്ഥാനം പനിച്ചു വിറയ്ക്കുന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളം പനിക്കിടക്കയിലമർന്നു. കൊവിഡിനേക്കാൾ അതിവേഗവത്തിൽ വൈറൽ പനി പടരുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ജലജന്യ രോഗങ്ങളും പിടിമുറുക്കി കഴിഞ്ഞു

Indications of outbreak of dengue fever in kerala Expert warns of extreme spread
Author
Kerala, First Published Jun 19, 2022, 3:48 PM IST


തിരുവനന്തപുരം: സംസ്ഥാനം പനിച്ചു വിറയ്ക്കുന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളം പനിക്കിടക്കയിലമർന്നു. കൊവിഡിനേക്കാൾ അതിവേഗത്തിൽ വൈറൽ പനി പടരുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ജലജന്യരോഗങ്ങളും പിടിമുറുക്കി കഴിഞ്ഞു. പനി ബാധിച്ച് ഓപികളിലെത്തുന്ന രോഗികളുടെ എണ്ണം ദിവസേന കൂടുകയാണെന്നും ഡോക്ടർമാർ പറയുന്നു. പലപ്പോഴും ആശുപത്രികൾക്ക് താങ്ങാനാകാത്ത വിധത്തിൽ പനി ബാധിതരുടെ എണ്ണം കൂടുകയാണ്. കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണത്തിലും വർധന ഉണ്ട്.

കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകളുടെ സാന്ദ്രത കൂടിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ ഇവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ പെരുകാൻ കാരണം. കാലാവസ്ഥ വ്യതിയാനം വൈറൽ പനിയുടെ വ്യാപനത്തിന് ആക്കം കൂട്ടി. ഒരു ദിവസം മാത്രം 12,000-ത്തിന് മുകളിൽ രോഗികൾ വൈറൽ പനി ബാധിതരായി ചികിൽസ തേടുന്നുണ്ടെന്നാണ് കണക്കുകൾ. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്പോൾ ഈ കണക്ക് വീണ്ടും ഉയരും. 

ഇപ്പോഴത്തെ പനി പകർച്ച ഡെങ്കിപ്പനി വ്യാപനമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തിൽ മഴക്കാലത്ത് ഉണ്ടാകുന്ന പനികളിൽ 15 മുതൽ 20 ശതമാനം വരെ ഡെങ്കിപ്പനി ആകാമെന്ന പഠനങ്ങളാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം. അങ്ങനെ എങ്കിൽ തുടക്കത്തിലേ രോഗം സ്ഥിരീകരിച്ചില്ലെങ്കിൽ രോഗ വ്യാപനം രൂക്ഷമാകും. ഇതിന് മുമ്പ് 2017-ലാണ് കേരളത്തിൽ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടാകുന്നത്. ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെത്താതിരിക്കാൻ പനിയുടെ തുടക്കത്തിൽ തന്നെ ഡെങ്കി ബാധ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ അങ്ങനെ തുടങ്ങി താഴേ തട്ടിലുള്ള ആശുപത്രികളിൽ ഡെങ്കി പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകളില്ലെന്നതും പ്രതിരോധത്തിന് തിരിച്ചടിയാണ്. 
 

Indications of outbreak of dengue fever in kerala Expert warns of extreme spread


മാത്രവുമല്ല ഡെങ്കി പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ അത് ഗുരുതരമാകാനും മരണത്തിലേക്ക് നയിക്കാനും കാരണമാകും. ഇപ്പോൾ അത്തരത്തിലുള്ള ഒരു സാഹചര്യമുണ്ടെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നൽകുന്നത്. ചില ഇടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.  തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയും. ഒരു പക്ഷേ ആകെ കണക്കിൽ 70 ശതമാനം വരെ രോഗബാധിതർ തലസ്ഥാന ജില്ലയിലാണ്. അടുത്തിടെ തീരുവനന്തപുരത്തെ ശ്രീകാര്യം കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തി. ആ കണ്ടെത്തിയ ഡെങ്കി ബാധിതരിൽ എല്ലാവര്‍ക്കും കണ്ടെത്തിയത് ടൈപ്പ് മൂന്ന് വൈറസാണ്. 

ടൈപ്പ് 1, 2, 3, 4 ഇങ്ങനെ നാല് തരം വൈറസുകൾ ഉള്ളതിൽ ഇന്ത്യയിൽ പരക്കെ കാണപ്പെടുന്നത് ടൈപ്പ് 2 വൈറസാണ്. കേരളത്തിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ, 2017-ലെ ഡെങ്കിപ്പനി അതിവ്യാപന ഘട്ടത്തിൽ ടൈപ്പ് 2 വൈറസിനൊപ്പം ടൈപ്പ് വൺ വൈറസിന്‍റെ സാന്നിധ്യവും  ഉണ്ടായിരുന്നു. ഇതാണ് രോഗ വ്യാപനവും മരണവും കൂടാൻ ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പടരുന്നത് ടൈപ്പ് 3 വൈറസ് എന്ന സൂചന പ്രസക്തമാകുന്നത്. ഒരു തവണ ഡെങ്കിപ്പനി വന്നവരിൽ വീണ്ടും മറ്റൊരു ടൈപ്പ് വൈറസ് ബാധ ഉണ്ടായാൽ, രോഗ വ്യാപനം തീവ്രമാകുന്നതിനൊപ്പം മരണ സംഖ്യയും മരണ നിരക്കും കുത്തനെ ഉയരും.

ഹൈപ്പർ എൻഡമിസിറ്റി, അതായത് മുമ്പ് ഉണ്ടായിരുന്ന ടൈപ്പ് വൈറസിനൊപ്പം മറ്റൊരു ടൈപ്പ് വൈറസ് കൂടി പടരുന്ന സാഹചര്യം കേരളത്തിൽ ഉണ്ടെന്ന് ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ പനി ബാധിച്ചെത്തുന്ന പരമാവധി പേരിൽ ഡെങ്കി പരിശോധന നടത്തി വൈറസ് ബാധ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കാം. രോഗ പകർച്ച കുതിക്കും. പ്രതിരോധം തീർക്കൽ എളുപ്പമാകില്ലെന്ന് ചുരുക്കം. 2017-ലെ പകർച്ചയേക്കാൾ ഭീകരമാകുമെന്ന് ചുരുക്കം. 

ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് 100 മീറ്ററിലധികം ദൂരം സഞ്ചരിക്കാനാകില്ല. അതായത് രോഗ ഉറവിടം നമുക്ക് ചുറ്റും ഇല്ലെന്ന് ഉറപ്പിക്കാല്‍ മാത്രമാണ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമെന്നര്‍ത്ഥം. കൊതുകിന്‍റെ ഉറവിടനശീകരണം ഉറപ്പാക്കിയാൽ രോഗ വ്യാപനം ഒഴിവാക്കാനാകും. സ്വയം പ്രതിരോധം, അതാണ് രോഗത്തെ ചെറുക്കാനുള്ള ഒരു മാർഗം. ഇടവിട്ടുള്ള മഴയിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഈഡിസ് കൊതുകുകളുടെ എണ്ണം കൂട്ടും. അഞ്ച് എം എൽ വെള്ളത്തിൽ ഒരാഴ്ച കൊണ്ട് 300 ലേറെ കൊതുകുകൾ ഉണ്ടാകാം. അതുകൊണ്ട് ഡ്രൈഡൈ നടപ്പാക്കുന്നത് കര്‍ശനമാക്കിയാല്‍ ഒരു പരിധിവരെ രോഗവ്യാപനം കുറയ്ക്കാമെന്നര്‍ത്ഥം. 

 

Indications of outbreak of dengue fever in kerala Expert warns of extreme spread

രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനിയാണെങ്കിൽ ഡോക്ടറെ കണ്ട് ചികിൽസ തേടണം. പനി വിട്ടുമാറാതിരുന്നാൽ കൂടുതൽ പരിശോധനകള്‍ കിടത്തി ചികിൽസ ഉറപ്പാക്കണം. സർക്കാർ മേഖലയിൽ പലപ്പോഴും ഡെങ്കി പരിശോധന വൈകുന്നുണ്ട്. ഇതും പ്രതിരോധത്തിന് തിരിച്ചടിയാണ്. സർക്കാർ മേഖലയിൽ നിന്നുള്ള ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു ദിവസം മാത്രം 100 ലേറെ പേർക്ക് ഡെങ്കി പനി സ്ഥിരീകരിക്കുന്നുണ്ട്. 1,531 പേരാണ് ഈ മാസം മാത്രം ഡെങ്കിപ്പനി ചികിത്സ തേടിയത്. ആറ് മാസത്തിനുള്ളിൽ 4,861 പേർ രോഗ ബാധിതരാകുകയും 17 പേർ മരിക്കുകയും ചെയ്തു എന്ന് കണക്കുകള്‍ പറയുന്നു.

Read more:കൊതുകിനെ തുരത്താന്‍ ഇതാ ചില പൊടിക്കൈകള്‍

സംസ്ഥാനത്തെ വിറപ്പിക്കുന്ന വൈറൽ പനിയാകട്ടെ ഈ മാസം മാത്രം 1,81,948 പേരിലാണ് കണ്ടെത്തിയത്. 2 മരണവും റിപ്പോര്‍ട്ട് ചെയ്തു.  ഈ വർഷം ഇതുവരെ 11,00,916 പേരാണ് പനിക്കിടയിലായത്. അഞ്ച് മരണവും ഉണ്ടായി. വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള പനിയാണ് കൂടുതൽ പേരിലും.

കേരളത്തിലെ മറ്റ് പകർച്ചവ്യാധി ഭീഷണികള്‍ എലിപ്പനിയും സ്ക്രബ് ടൈഫസുമാണ്.  മാലിന്യ നിർമാർജ്ജനത്തിലെ പോരായ്മകൾ തിരിച്ചടിയായ സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 1,745 പേരാണ് എലിപ്പനിക്ക് ചികിൽസ തേടിയത്. രോഗം സ്ഥിരീകരിച്ചതും രോഗ ലക്ഷണങ്ങളോട് കൂടിയും എത്തിയ 100 പേരാണ് മരിച്ചതെന്നത് ആശങ്കയുയര്‍ത്തുന്ന കണക്കാണ്. സ്ക്രബ് ടൈഫസ് രോഗ ലക്ഷണങ്ങളോടെയും സ്ഥിരീകരിച്ചതുമായ 192 പേരാണ് ആശുപത്രികളിലെത്തിയത്. അഞ്ച് മരണവും സംഭവിച്ചു.

ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്ഡ്, വയറിളക്ക രോഗങ്ങളും റിട്ടോര്‍ട്ട് ചെയ്യുന്നതും കുറവല്ല. വയറിളക്ക രോഗങ്ങൾ ബാധിച്ച രണ്ട് ലക്ഷത്തിലധികം പേർ കേരളത്തിലുണ്ട്. തദ്ദേശീയമായി പടരുന്ന രോഗമായ എച്ച് വൺ എൻ വൺ  (H1N1) ല്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.  മാസ്ക് ഉപയോഗം രോഗ ബാധിതരുടെ എണ്ണം കുറച്ചിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. 

Read more: സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു, 24 മണിക്കൂറിനിടെ 11 മരണം, 3,376 പുതിയ കേസുകൾ

ആരോഗ്യ കേരളത്തെ അതേ തലക്കെട്ടിൽ നിലനിർത്തണമെങ്കിൽ ഇപ്പോഴുള്ള പ്രതിരോധം പോര. പഠന ഗേവഷണങ്ങളും പോരെന്ന് ഈ കണക്കുകൾ പറയുന്നു. ആരോഗ്യ വിദഗ്ധർക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട്.  ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് രോഗ കാരണമായ വൈറസുകൾക്ക് ജനിതക മാറ്റം ഉൾപ്പെടെ സംഭവിക്കുന്നുണ്ടോയെന്നുള്ള പഠനങ്ങള്‍ നടക്കാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പേരിന് മാത്രമായി സംസ്ഥാനത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടെന്നേയുള്ളൂ. പഠനങ്ങളൊന്നും തന്നെ നടക്കുന്നില്ല. അതുപോര, സാംക്രമിക രോഗങ്ങളുടെ വിളനിലമായ കേരളത്തിൽ എന്ത് തരം പകർച്ച വ്യാധിയാണ് പടരുന്നതെന്നും വൈറസുകളിലെ ജനിതകമാറ്റം അടക്കം തുടക്കത്തിലെ കണ്ടെത്താനും കഴിഞ്ഞില്ലെങ്കില്‍ ഈ കണക്കുകൾ റോക്കറ്റ് പോലെ കുതിക്കും. ആരോഗ്യ കേരളം ആശുപത്രി കിടക്കയിലാകുന്ന നാളുകളും വിദൂരമാകില്ലെന്നര്‍ത്ഥം.

 

 

Follow Us:
Download App:
  • android
  • ios