തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍.  31 കാരനായ ലിവര്‍പൂള്‍ സ്വദേശി ജേസന്‍ ഷെര്‍ഡണ്‍ തലനാരിഴയ്ക്കാണ് സ്കിന്‍ ക്യാന്‍സറില്‍ നിന്ന് രക്ഷപ്പെട്ടത്. തന്‍റെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്കിന്‍ വിഷന്‍ എന്ന ആപ്പാണ് ഈ രോഗത്തില്‍ നിന്ന്  ജേസനെ രക്ഷിച്ചത്.  സ്കിന്‍ ക്യാന്‍സര്‍ പിടികൂടിയ ജേസന് സമയത്ത് അതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് ഈ ആപ്പാണ്. 

2018 ലാണ് രോഗത്തിന്‍റെ തുടക്കം. ഇടത്തെ കൈയില്‍ ചെറിയൊരു മറുക് വന്നതായിരുന്നു ആദ്യത്തെ ലക്ഷണം. തുടക്കത്തില്‍ ജേസന്‍ ആദ്യം കാര്യമാക്കിയില്ല. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ മറുകില്‍ നിറവ്യത്യാസം തോന്നി തുടങ്ങി. തുടര്‍ന്നാണ് സ്കിന്‍ വിഷന്‍ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ജേസന്‍ പരിശോധന നടത്തിയത്. 

എന്നാല്‍ ഇത് അപകടസൂചനയാണെന്നും ഉടനെ ഡോക്ടറെ കാണണം എന്നുമാണ് ആപ്പ് നല്‍കിയ മറുപടി. തുടര്‍ന്ന് ജേസന്‍ ഡോക്ടറെ കാണിക്കുകയായിരുന്നു. പരിശോധനയില്‍ ജേസന് മെലനോമ ഉണ്ടെന്നു കണ്ടെത്തി. കൃത്യമായ ചികിത്സയിലൂടെ ജേസന്‍ രോഗവിമുക്തനായിരിക്കുകയാണ്. ഈ ആപ്പിനോടാണ് നന്ദി എന്ന് ജേസന്‍ പറയുന്നു. 

 

സ്കിന്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ നോക്കാം...

ചര്‍മ്മത്തിലെ ചെറിയ നിറമാറ്റം, നീണ്ട ശമന മുറിവുകൾ, ചർമ്മത്തിൽ വ്രണം,  രക്തസ്രാവം,  ത്വക്കിൽ രൂപമാറ്റം, സമചതുര ചർമ്മമേഖലകൾ പരിശോധിക്കുമ്പോൾ അവയുടെ ആകൃതി, വലിവ്, ഘടന എന്നിവയിൽ  വ്യത്യാസം, നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍,  മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക,  പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

( ഈ  ലക്ഷണങ്ങള്‍ ഉള്ളവര്‍  സ്കിന്‍ ക്യാന്‍സര്‍ പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം)