Asianet News MalayalamAsianet News Malayalam

സ്വകാര്യ കമ്പനി മരുന്നിന് നിലവാരമില്ലെന്ന് കേരളം, ഉണ്ടെന്ന് കേന്ദ്രം, വെട്ടിലായി ആരോഗ്യവകുപ്പ്

വിതരണം നിര്‍ത്തി വച്ച ഒരു ബാച്ച് മരുന്ന് ആശുപത്രികളിലൂടെ സൗജന്യമായി നല്‍കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ഈ മാസം 31-ന് കാലാവധി കഴിയുന്ന മരുന്നുകള്‍ കൊടുത്ത് തീര്‍ക്കാനായില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടമാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ഉണ്ടാകുക.

medical services corporation in confusion over vivek pharmas medicine
Author
Thiruvananthapuram, First Published Oct 24, 2020, 7:02 AM IST

തിരുവനന്തപുരം: സംസ്ഥാനം ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നിന് ഗുണനിലവാരമുണ്ടെന്ന് സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറി. ഇതോടെ, വിതരണം നിര്‍ത്തി വച്ച ഒരു ബാച്ച് മരുന്ന് ആശുപത്രികളിലൂടെ സൗജന്യമായി നല്‍കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ഈ മാസം 31-ന് കാലാവധി കഴിയുന്ന മരുന്നുകള്‍ കൊടുത്ത് തീര്‍ക്കാനായില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടമാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ഉണ്ടാകുക.

വിവേക് ഫാര്‍മ കെം കമ്പനിയുടെ ഡൈക്ലോഫെനാക് സോഡിയം 50 മില്ലി ഗ്രാമിന്‍റെ ഗുളികയുടെ ഒരു ബാച്ച് മരുന്നുകൾക്കാണ് ഗുണനിലവാരം ഇല്ലെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം കണ്ടെത്തിയത്. മരുന്നിനെക്കുറിച്ച് പരാതി ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരി 15ന് വിതരണം മരവിപ്പിച്ച് മെഡിക്കല്‍ സര്‍വീസസ് കോർപ്പറേഷൻ നിര്‍ദേശം സര്‍ക്കാര്‍ ആശുപത്രികൾക്ക് കൈമാറി. 

ഡിഎഫ്പി 18016 എന്ന ബാച്ചില്‍ നിന്ന് സാംപിളെടുത്ത് പരിശോധിച്ചപ്പോൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 2-ന് ഈ ബാച്ച് മരുന്ന് വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചു. കമ്പനിക്കെതിരെ നിയമനടപടികളും തുടങ്ങി. ഇതോടെ ഗുണനിലവാരമില്ലെന്ന പരിശോധന റിപ്പോര്‍ട്ടിനെതിരെ കമ്പനി അപ്പലേറ്റ് അതോറിറ്റിയായ സെന്‍ട്രൽ ഡ്രഗ്സ് ലബോറട്ടറിയെ സമീപിച്ചു. 

സിഡിഎൽ പരിശോധിച്ച സാംപിളില്‍ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മരുന്ന് വിതരണം പുനരാരംഭിക്കാൻ ഇക്കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കല്‍ കോർപ്പറേഷന് നിര്‍ദേശം നൽകുകയായിരുന്നു. അതേസമയം ഈ ബാച്ച് മരുന്നുകളുടെ കാലാവധി ഈ മാസം 31-ന് അവസാനിക്കും. അതിനുമുമ്പ് സംസ്ഥാനമൊട്ടാകെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുന്ന ഡൈക്ലോഫെനാക് ഗുളികകള്‍ രോഗികള്‍ക്ക് കൊടുത്ത് തീര്‍ക്കാനാകില്ല. കാലാവധി കഴിയുന്ന മരുന്നുകള്‍ നശിപ്പിക്കേണ്ടി വരും. എന്നാല്‍ വാങ്ങിയ മരുന്നിന്‍റെ വില കമ്പനിക്ക് പൂര്‍ണമായും നല്‍കേണ്ടിയും വരും.

Follow Us:
Download App:
  • android
  • ios