മുഖക്കുരു, സോറിയാസിസ്, മുടി കൊഴിച്ചില്‍ എന്നിവയ്ക്കെല്ലാം കാരണമാകുന്ന ഒന്ന്...
മാനസികാരോഗ്യപ്രശ്നങ്ങള്‍ പലരീതിയിലും നമ്മുടെ ശാരീരികാരോഗ്യത്തെ ബാധിക്കാറുണ്ട്. ഇങ്ങനെ സ്കിൻ, മുടി എന്നിവയെ ബാധിക്കുന്നത് എങ്ങനെയെല്ലാമെന്ന് വിശദമായറിയാം

നമ്മളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കോ അല്ലെങ്കില്‍ അസുഖങ്ങള്‍ക്കോ പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടാകാം. ഇങ്ങനെ കാരണം വ്യക്തമാകാത്ത അസുഖങ്ങള്‍ കുറവാണ്. എന്നാല്‍ പലപ്പോഴും നമ്മള്‍, നമ്മളെ ബാധിക്കുന്ന അസുഖങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കാൻ മെനക്കെടുകയോ സമയബന്ധിതമായി അവയെ പരിഹരിക്കുകയോ ചെയ്യാറില്ലെന്നതാണ് സത്യം.
ഇത്തരത്തില്‍ ചര്‍മ്മത്തിന്‍റെയും മുടിയുടെയുമെല്ലാം ആരോഗ്യത്തെ ബാധിക്കുന്നൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഉത്കണ്ഠ (ആംഗ്സൈറ്റി), വിഷാദം (ഡിപ്രഷൻ), സ്ട്രെസ് തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് പറയുന്നത്.
മാനസികാരോഗ്യപ്രശ്നങ്ങള്‍ പലരീതിയിലും നമ്മുടെ ശാരീരികാരോഗ്യത്തെ ബാധിക്കാറുണ്ട്. ഇങ്ങനെ സ്കിൻ, മുടി എന്നിവയെ ബാധിക്കുന്നത് എങ്ങനെയെല്ലാമെന്ന് വിശദമായറിയാം.
മുഖക്കുരു...
സ്ട്രെസും ആംഗ്സൈറ്റി (ഉത്കണ്ഠ)യും പതിവായി അനുഭവപ്പെടുന്നത് 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം കൂട്ടുന്നു. ഇത് ചര്‍മ്മത്തിലെ എണ്ണമയം കൂട്ടുന്നു. ഇതോടെ മുഖക്കുരുവിന് സാധ്യതയേറുകയാണ്.
എക്സീമ...
എക്സീമ അഥവാ വരട്ടുചൊറി എന്നറിയപ്പെടുന്ന രോഗവും മാനസികാരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകും. പ്രധാനമായും സ്ട്രെസ് തന്നെയാണ് ഇതിന് കാരണമാകാറ്. പതിവായി സ്ട്രെസ് നേരിടുന്നതാണ് റിസ്ക്.
സോറിയാസിസ്...
സ്കിൻ രോഗമായ സോറിയാസിസിനും മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരില്‍ സാധ്യതകളേറെയാണ്. ഇവിടെയും സ്ട്രെസ് തന്നെയാണ് വില്ലനായി വരുന്നത്. സോറിയാസിസ് തന്നെ തീവ്രമാകാനും സ്ട്രെസ് വലിയ കാരണമാകുന്നു.
മുടി കൊഴിച്ചില്‍...
പതിവ് സ്ട്രെസ്, വിഷാദരോഗം, ഉത്കണ്ഠ എന്നിവയെല്ലാം മുടി കൊഴിച്ചിലിലേക്ക് നയിക്കാം. ചികിത്സയിലൂടെ ഇത്തരം മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ആയാല്‍ ഫലമായി മുടി കൊഴിച്ചിലിനും പരിഹാരം ലഭിക്കും.
ഡ്രൈ സ്കിൻ...
സ്കിൻ അമിതമായി വരണ്ടുപോകുന്ന അവസ്ഥയും മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരില്‍ കാണാം . അല്‍പമൊരു ശ്രദ്ധ ചര്‍മ്മ പരിപാലനത്തിന് നല്‍കുന്നതിലൂടെ തന്നെ ഒരു പരിധി വരെ ഡ്രൈ സ്കിൻ പരിഹരിക്കാൻ സാധിക്കും.
സ്ട്രെസ് അധികമായാല്‍ അത് പല രീതിയിലും ചര്‍മ്മത്തെയും മുടിയെയും ബാധിക്കും. അമിതമായ വിയര്‍പ്പ്, മുടി കൊഴിച്ചിലിനൊപ്പം മുടിയുടെ തിളക്കവും ഭംഗിയും നഷ്ടപ്പെടല്‍, മുറിവോ പരുക്കുകളോ പെട്ടെന്ന് ഭേദപ്പെടാതിരിക്കല്‍, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് ഇങ്ങനെ പല തരത്തിലും നാം മാനസികാരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി ബാധിക്കപ്പെടാം.
Also Read:- സ്ട്രെസും കഷണ്ടിയും തമ്മില്‍ ബന്ധമുണ്ടോ? പുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ചിലത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-