പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതല്‍ ഉണ്ടാകുന്നത്. അധിക ദിവസം നീണ്ടു നില്‍ക്കാറില്ലെങ്കിലും വായ്പ്പുണ്ണിന്റെ വേദന അസഹനീയമാണ്. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. 

വായിക്കുള്ളില്‍ അടിക്കടിയുണ്ടാകുന്ന നീർവീക്കം കാരണമുണ്ടാവുന്ന ഒരു അവസ്ഥയാണ് വായ്‌പ്പുണ്ണ്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടാറുളള ഒരു പ്രശ്‌നമാണിത്. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതല്‍ ഉണ്ടാകുന്നത്. അധിക ദിവസം നീണ്ടു നില്‍ക്കാറില്ലെങ്കിലും വായ്പ്പുണ്ണിന്റെ വേദന അസഹനീയമാണ്. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. 

വായ്പുണ്ണ് പൊതുവേ വൃത്താകൃതിയിലും വെളുപ്പ്, തവിട്ട്, മഞ്ഞ നിറങ്ങളിലും അ​ഗ്രഭാ​ഗം ചുവപ്പുനിറത്തിലുമാണ് കാണുന്നത്. കവിൾ, ചുണ്ട്, നാവിന്റെ അടിഭാ​ഗം, അണ്ണാക്കിന്റെ ചില ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. വായ്പുണ്ണ് മൂലം ഉണ്ടാകാറുള്ള അസഹ്യമായ വേദന, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള വിഷമം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ആഴ്ചകൾ നീണ്ടുനിൽക്കുമ്പോൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 

സ്ഥിരമായി വായ്പ്പുണ്ണ് വരുന്നതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതും വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. അതുപോലെ എന്തെങ്കിലും അണുബാധ മൂലമോ, വിളര്‍ച്ച മൂലമോ മാനസിക സമ്മര്‍ദ്ദം മൂലവുമൊക്കെ ഇവ ഉണ്ടാകാം. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന നീർവീക്കം, ഉദര രോഗങ്ങള്‍ തുടങ്ങിയവ മൂലവും വായ്പ്പുണ്ണ് വരാം. ക്യത്യമായ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. 

പൊതുവേ തീവ്രത കുറഞ്ഞ വായ്പുണ്ണുകൾ മൈനർ മൗത്ത് അൾസർ എന്നാണ് അറിയപ്പെടുന്നത്. പൊതുവേ ഇത്തരത്തിലുള്ള വായ്പുണ്ണുകൾ മറ്റ് ചികിത്സകളൊന്നും നടത്താതെ തന്നെ തനിയെ മാറുന്നതാണ്. വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. ദന്തശുചിത്വം നന്നായി പാലിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. 

2. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കഴുകുന്നത് വായ്പ്പുണ്ണിനെ തടയാന്‍ സഹായിക്കും. 

3. വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രത്യേകിച്ച്, വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വായ്പ്പുണ്ണിനെ തടയാന്‍ സഹായിക്കും. 

4. ഭക്ഷണത്തിൽ തൈര് പരമാവധി ഉൾപ്പെടുത്തുക. കാരണം നല്ല ബാക്ടീരിയയുള്ള ഭക്ഷണമാണ് തൈര്. ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ, ഇൻഫെക്ഷനൊക്കെ കുറയ്ക്കാൻ തൈര് സഹായകമാണ്. 

5. ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ള തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് വായിലെ അള്‍സര്‍ മാറാന്‍ സഹായിച്ചേക്കാം. 

6. ദിവസവും വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാം. 

7. ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ കഴുകി വെച്ച ഉലുവ ഇലകൾ ഇട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വാ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ സഹായിക്കും.

8. പുകവലിയും മദ്യപാനവും ചിലരില്‍ വായ്പുണ്ണിലേക്ക് നയിക്കാം. അതിനാല്‍ ഇവയും പരമാവധി ഒഴിവാക്കാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: കുടലിലെ ക്യാൻസർ; ഈ ആദ്യ സൂചനകളെ തിരിച്ചറിയാതെ പോകരുത്...

youtubevideo