ചൈനയിൽ പടർന്നു പിടിക്കുന്ന ന്യൂമോണിയക്ക് കാരണം കൊറോണ വൈറസ് എന്ന് ലോകാരോഗ്യ സംഘടന. മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന വൈറസ് ബാധയുടെ ലക്ഷണങ്ങൾ പനി, ചുമ, തുമ്മൽ ഇവയെല്ലാമാണ്.
ജലദോഷം മുതൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് വരെ കാരണമാകുന്ന ഇവ മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോ(MERS- CoV)മിനും സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോ (SARS- CoV)മിനും കാരണക്കാർ ആകാറുണ്ട്.

മൃഗങ്ങൾക്കിടയിൽ നിരവധി കൊറോണ വൈറസുകൾ മുൻപും പടരുന്നുണ്ടെങ്കിലും അവ ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. വൈറസ് ബാധ വൃക്കയുടെ പ്രവർത്തനത്തെ പോലും ബാധിക്കാൻ സാധ്യതയുള്ളതിനാൽ മരണം പോലും അകലെയല്ലാത്ത അവസ്ഥയിലേക്ക് നയിക്കപ്പെടും.

ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതനായ ഒരാൾ മരിച്ചു. മ‍ൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവിൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല.

രോഗലക്ഷണങ്ങളുമായി തായ്‍ലൻഡിൽ ചികിത്സയിലുള്ള ചൈനീസ് വനിത സുഖം പ്രാപിച്ചു വരുന്നതായും അധികൃതർ അറിയിച്ചു. വുഹാനിലെ മത്സ്യമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരാൾക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. പിന്നീട് രോഗബാധിതരായവർ ആ മാർക്കറ്റിലെ സന്ദർശകരായിരുന്നെന്നാണു കണ്ടെത്തൽ.

മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികൾ ജാഗ്രത പുലർത്തണമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ചതായി എമേർജിങ് ഡിസീസ് വിഭാഗത്തിന്റെ ചുമതലയുള്ള മരിയ വാൻ കെർഖോവ് പറഞ്ഞു. വൈറസ് ബാധയെപ്പറ്റി ചൈനയിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

മുൻ കരുതലുകൾ...

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തി പിടിക്കുക.
കൃത്യമായ ഇടവോളകളിൽ കൈകാലുകൾ വൃത്തിയായി കഴുകുക.
മത്സ്യ- മാംസങ്ങൾ നല്ലതു പോലെ വേവിച്ച് കഴിക്കുക.
ശ്വസന പ്രശ്‌നങ്ങൾ മൂലം ബുദ്ധി മുട്ടുന്നവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക.