Asianet News MalayalamAsianet News Malayalam

National Doctors Day 2024 : ' ഡോക്ടർമാരുടെ പരിശ്രമങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക'

രോഗികളെ കൃത്യമായി പരിചരിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ ഉണ്ടാക്കുക എന്നത് ഡോക്ടർമാരുടെ മാത്രം ബാധ്യതയല്ല എന്നും അതിന് പൊതുജനങ്ങളുടെയും ഭരണ നിയമ സംവിധാനങ്ങളുടെയും കൂട്ടായ സഹകരണം ഉണ്ടാവേണ്ടതുണ്ട് എന്നും ഈ ദിനം ഓർമിപ്പിക്കുന്നു.

national doctors day 2024 history and  significance
Author
First Published Jul 1, 2024, 11:24 AM IST

ഇന്ന് ജൂലെെ ഒന്ന്. ദേശീയ ഡോക്ടേഴ്‌സ്‌ ദിനം. ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചും ഡോക്ടർമാർ അഭിമുഖീകരിക്കുന്ന സങ്കീർണ്ണതകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധവും മതിപ്പും വളർത്തേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും മട്ടന്നൂർ മൾട്ടിസ്‌പെഷ്യാലിറ്റി ഡെന്റൽ ക്ലിനികിലെ ചീഫ് ഡെന്റൽ സർജൻ ഡോ. കീർത്തി പ്രഭ എഴുതുന്ന ലേഖനം.

സമൂഹം എല്ലാ രീതിയിലും ആധുനികവൽക്കരിക്കപ്പെടുമ്പോൾ ഒരു വ്യക്തി എന്ന രീതിയിൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നമ്മൾ പുരോഗമിക്കുന്നുണ്ടോ. തിരക്കേറിയ സമകാലിക ജീവിത സാഹചര്യങ്ങളിൽ ആരോഗ്യ പരിപാലനം, വ്യായാമം, വിനോദം എന്നിവയെക്കാൾ ഉപരി നമ്മുടെ സമൂഹം മുൻഗണന കൊടുക്കുന്നത് രോഗത്തിന്റെ ചികിത്സയ്ക്കാണ്. അത്തരം ഒരു സാഹചര്യത്തിൽ ഡോക്ടേഴ്സ് ദിനത്തിന് വലിയ പ്രസക്തിയുണ്ട്.

പശ്ചിമ ബംഗാളിൻ്റെ ആദ്യ മുഖ്യമന്ത്രിയും ഫിസിഷ്യനും ആയിരുന്ന ഡോ. ബിധൻ ചന്ദ്ര റോയിയുടെ സ്മരണയ്ക്കായി ജൂലൈ 1 ന് ഇന്ത്യയിൽ ഡോക്ടർമാരുടെ ദിനം ആചരിക്കുന്നു.1882 ജൂലൈ 1-ന് ജനിച്ച അദ്ദേഹം 1962-ൽ അതേ തീയതിയിലാണ് മരണപ്പെടുന്നത്.

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിരവധി സംഭാവനകൾ നൽകിയ അദ്ദേഹം മഹാത്മാഗാന്ധിയുടെ സ്വകാര്യ ഡോക്ടറും സുഹൃത്തും കൂടിയായിരുന്നു.സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹം ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യ ഡോക്ടറും കൂടിയായിരുന്നു.ആധുനിക ബംഗാളിന്റെ ശില്പിയായിരുന്ന അദ്ദേഹം ഭാരതരത്ന നേടിയ ഏക ഡോക്ടർ ആണ്.

ഇന്ത്യയിലെ ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും ആദരിക്കുന്നതിന് വേണ്ടിയാണ് ദേശീയതലത്തിൽ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്.'ഹീലിംഗ് ഹാൻഡ്‌സ്,കെയറിങ് ഹാർട്ട്സ് ( സുഖമേകുന്ന കരങ്ങൾ,കരുതലുള്ള ഹൃദയങ്ങൾ)'എന്നതാണ് 2024 ലെ ഡോക്ടേഴ്സ് ദിന പ്രമേയം. 

രോഗിയുമായുള്ള ദൈനംദിന ഇടപെടലുകളിലൂടെ ഒരു ഡോക്ടർ ആർജിച്ചെടുക്കുന്ന ക്ഷമയും സഹാനുഭൂതിയും സൂചിപ്പിക്കുന്ന ഈ പ്രമേയം രോഗിക്ക് ഡോക്ടർ നൽകുന്ന പരിചരണത്തെയും വൈകാരികമായ പിന്തുണയെയും ഊന്നിപ്പറയുന്നു.

ഔദ്യോഗിക പ്രസംഗങ്ങൾക്കും ചടങ്ങുകൾക്കും അതീതമായി പരിണമിച്ചുകൊണ്ട് പല മാധ്യമങ്ങളിലൂടെയും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇക്കാലത്തെ ഡോക്ടേഴ്സ് ദിനങ്ങൾക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനാരോഗ്യ സംരക്ഷണത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത് കുറച്ചുകൂടി എളുപ്പമാണ്.

രോഗിയെ ചികിത്സിക്കുക എന്നത് മാത്രമാണോ ഒരു ഡോക്ടറുടെ ജോലി? രോഗപ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും രോഗപ്രതിരോധത്തെ കുറിച്ച് രോഗികളെ കൃത്യമായി ബോധവൽക്കരിക്കുകയും നൂതനമായ ചികിത്സാരീതികളും മരുന്നുകളും എന്തൊക്കെയാണെന്ന് പഠിക്കുകയും കണ്ടെത്തുകയും അതുവഴി വൈദ്യശാസ്ത്രരംഗത്തെ വിവിധ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയുമൊക്കെ ഒരു ഡോക്ടറിന്റെ കടമയാണ്. 

പക്ഷേ ഡോക്ടർമാർ മാത്രം വിചാരിച്ചാൽ ഇത്തരം ലക്ഷ്യങ്ങളൊന്നും പൂർണമാവുകയുമില്ല. ആരോഗ്യമേഖലയിലെ പരിഷ്കരണങ്ങൾക്കായി ഒരു സമൂഹം എന്ന നിലയിൽ നമ്മൾ വലിയ രീതിയിൽ സജ്ജരാകേണ്ടതുണ്ട്. ഒരു വ്യക്തി എന്ന രീതിയിൽ നമ്മുടെ ജീവിതശൈലികളിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താൻ നമുക്ക് കഴിയും. 

പലപ്പോഴും നമുക്ക് ജീവിതശൈലികൾ ക്രമീകരിക്കാൻ സാധിക്കുക ചെയ്യുന്ന തൊഴിലിന് അനുസൃതമായിട്ടായിരിക്കും. അസുഖം വന്നാൽ ചികിത്സിക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ നമുക്കുണ്ട്.എന്നാൽ ജോലിത്തിരക്കിലും ജീവിതസമ്മർദ്ദങ്ങൾക്കുമിടയിൽ വിനോദത്തിനും വ്യായാമത്തിനും വേണ്ടി എല്ലാദിവസവും കുറച്ചുസമയം മാറ്റിവയ്ക്കാൻ നമുക്ക് സാധിക്കാറുണ്ടോ?ഒരുപക്ഷേ നമ്മൾ ഒറ്റയ്ക്ക് വിചാരിച്ചാൽ അത്തരം കാര്യങ്ങൾക്കായി കുറച്ചുസമയം നീക്കിവെക്കാൻ സാധിക്കാതെ വരും.

നമ്മുടെ തൊഴിൽ സംവിധാനങ്ങൾ നമ്മളെ അതിന് അനുവദിക്കുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടിവരും.എട്ടു മണിക്കൂർ ജോലി,എട്ടുമണിക്കൂർ വിനോദവും വ്യായാമവും എട്ടുമണിക്കൂർ വിശ്രമം എന്ന സമ്പ്രദായം നമുക്ക് പാലിക്കാൻ സാധിക്കാറുണ്ടോ?പത്തും പന്ത്രണ്ടും മണിക്കൂറുകൾ ആണ് ജോലിക്കും ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കും ഒക്കെയായി നമുക്ക് ചെലവഴിക്കേണ്ടി വരുന്ന സമയം.

ജോലിസ്ഥലം, ജോലിയുടെ സമയ ക്രമങ്ങൾ,ജോലിയുടെ സ്വഭാവം എന്നീ കാര്യങ്ങൾ ഒരു വ്യക്തിയുടെ ജീവിതശൈലി എങ്ങനെയായിരിക്കണം എന്ന് നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്.തൊഴിൽ സാഹചര്യങ്ങളും സാമൂഹിക സാഹചര്യങ്ങളും തൊഴിലിനപ്പുറത്തുള്ള കാര്യങ്ങൾക്കായി പലപ്പോഴും സമയം അനുവദിക്കാറില്ല എങ്കിലും ചിലർ വ്യക്തിപരമായി അതിനൊക്കെയുള്ള സമയം ബോധപൂർവ്വം കണ്ടെത്തുകയാണ് ചെയ്യുന്നത്.ഉദാഹരണത്തിന് ഒരു കുടുംബത്തിലെ തന്നെ രണ്ടുപേരുടെ ജോലിയും കുട്ടികളുടെ സ്കൂൾ സമയവും വ്യത്യസ്തങ്ങളായ സമയക്രമങ്ങളിൽ ഉള്ളതാവുമ്പോൾ ഒരിക്കലും ജീവിതശൈലിയിൽ കൃത്യമായ ഒരു ടൈം ടേബിൾ ക്രമീകരിക്കാൻ നമുക്ക് സാധിക്കില്ല.

ജപ്പാൻ പോലെയുള്ള പല രാജ്യങ്ങളിലും തൊഴിൽ സമയവും പഠന സമയവും ഒക്കെ ചിട്ടപ്പെടുത്തുമ്പോൾ ജീവിതശൈലി ക്രമങ്ങൾക്ക് വളരെയധികം മുൻഗണന നൽകുന്നുണ്ട്.കൃത്യമായി തൊഴിൽ ചെയ്യുക എന്നതിനോടൊപ്പം തന്നെ കൃത്യമായ വ്യായാമത്തിനും വിനോദത്തിനും വിശ്രമത്തിനും ഉള്ള സമയം പൊതുവിൽ ജനങ്ങൾക്ക് ലഭ്യമാകുന്ന രീതിയിലാണ് അവിടങ്ങളിൽ ഒക്കെ തൊഴിൽ സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്നു എന്നത് ഒരു ആശങ്ക തന്നെയാണ്. പക്ഷേ അതിനുള്ള ചികിത്സാ സംവിധാനങ്ങളും വ്യായാമത്തിനും രോഗപ്രതിരോധത്തിനും വേണ്ട സജ്ജീകരണങ്ങളും ഒരുക്കുന്നതിനേക്കാൾ ഉപരി അത്തരം കാര്യങ്ങൾക്കൊക്കെ തൊഴിൽ സംബന്ധവും സാമൂഹികമായുമുള്ള കാരണങ്ങളാൽ അവർക്ക് സമയം ഉണ്ടാക്കാൻ സാധിക്കുന്നില്ല എങ്കിൽ വലിയ പരാജയങ്ങൾ സംഭവിക്കും.

അസുഖം വന്നാൽ കൃത്യമായ ചികിത്സ ലഭിക്കാനുള്ള സംവിധാനങ്ങൾ കേരളത്തിൽ സുഗമമായി നിലവിലുണ്ട്. അതിനോടൊപ്പം ആരോഗ്യ പരിപാലനത്തിന് പൊതുജനങ്ങളെ അനുവദിക്കുന്ന രീതിയിലുള്ള തൊഴിൽ ക്രമങ്ങളും ആരോഗ്യ പരിപാലന സംവിധാനങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളും ബോധവൽക്കരണങ്ങളും കാര്യക്ഷമമായി തന്നെ നടപ്പിലാക്കുന്നതിന് മുൻഗണന കൊടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 ആരോഗ്യ പരിപാലനവും വ്യായാമവും വിനോദവും കൃത്യമായി ചെയ്യാൻ സാധിക്കുന്ന ജനങ്ങൾക്ക് ഇപ്പോഴുള്ളതിനേക്കാൾ കുറഞ്ഞ സമയക്രമത്തിൽ ആണെങ്കിൽ പോലും ചെയ്യുന്ന തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവ കാര്യക്ഷമമായിപൂർത്തിയാക്കുവാനും സാധിക്കും.

ചികിത്സയ്ക്കും രോഗനിർണയത്തിനും കാര്യക്ഷമമായ അത്യാധുനിക സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനോടൊപ്പം, ഒരുപക്ഷേ അതിനേക്കാൾ ഉപരിയായി രോഗപ്രതിരോധവും വിശ്രമവും വിനോദവും വ്യായാമവും ജനങ്ങൾക്ക് ചിട്ടപ്പെടുത്താൻ അവസരം നൽകുന്ന സാമൂഹിക അവസ്ഥയും ജോലിക്രമങ്ങളും സജ്ജീകരിക്കാൻ സാധിക്കുന്നില്ല എങ്കിൽ നാടിന്റെ ഉത്പാദനക്ഷമത തന്നെയാണ് ക്ഷയിച്ചു പോവുക.

 ഇതിനൊക്കെ പുറമേ ഡോക്ടർമാർ അവരുടെ തൊഴിലിടങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ആരോഗ്യ രംഗത്ത് അവർ നൽകുന്ന സംഭാവനകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട് ഈ ദിനത്തിന്. പൊതുജന ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ഡോക്ടർമാരുടെ പരിശ്രമങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതുണ്ട്.

രോഗികളെ കൃത്യമായി പരിചരിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ ഉണ്ടാക്കുക എന്നത് ഡോക്ടർമാരുടെ മാത്രം ബാധ്യതയല്ല എന്നും അതിന് പൊതുജനങ്ങളുടെയും ഭരണ നിയമ സംവിധാനങ്ങളുടെയും കൂട്ടായ സഹകരണം ഉണ്ടാവേണ്ടതുണ്ട് എന്നും ഈ ദിനം ഓർമിപ്പിക്കുന്നു.അതോടൊപ്പം ഒരു സാധാരണ വ്യക്തി എന്ന നിലയിൽ ദൈനംദിന ജീവിതത്തിൽ ജോലിസംബന്ധമായും വ്യക്തിപരമായും ഡോക്ടർമാർ അഭിമുഖീകരിക്കുന്ന സങ്കീർണ്ണതകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധവും മതിപ്പും വളർത്താനും ഇത്തരം ദിനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

'സുഖമേകുന്ന കരങ്ങൾ,കരുതലുള്ള ഹൃദയങ്ങൾ' എന്ന ഡോക്ടേഴ്സ് ദിന പ്രമേയം അർത്ഥവത്താകുന്നത് ചിട്ടയായ ജീവിതശൈലികൾ കാത്തു സൂക്ഷിക്കുന്ന,രോഗപ്രതിരോധത്തിന് മുൻഗണന നൽകുന്ന ഒരു സമൂഹം ഉണ്ടാവുകയും അതിന് ജനങ്ങളെ അനുവദിക്കുന്ന സാമൂഹിക അവസ്ഥ ഇവിടെ സജ്ജീകരിക്കുകയും ചെയ്യുമ്പോഴാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios