പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ പല നിര്‍ണ്ണായകമായ മാറ്റങ്ങളിലൂടെയാണ് ഒരു സ്ത്രീ കടന്നുപോകുന്നത്. അതില്‍ ശരീരചക്രം അട്ടിമറിക്കപ്പെടുന്ന ഒരവസ്ഥയാണ് ആര്‍ത്തവ വിരാമത്തോടെയുണ്ടാകുന്നത്. അണ്ഡാശയങ്ങളില്‍ അണ്ഡോത്പാദനവും ഹോര്‍മോണ്‍ ഉത്പാദനവും നിലയ്ക്കുകയും അതിന്‍റെ ഫലമായി ആര്‍ത്തവം ഇല്ലാതാവുകയും ചെയ്യുന്ന ശാരീരികപ്രതിഭാസമാണ് ആര്‍ത്തവവിരാമം. ആര്‍ത്തവ വിരാമം ചിലരില്‍ നേരത്തെയാകാം എന്നാല്‍ മറ്റു ചിലരില്‍ വൈകിയാകും ആര്‍ത്തവ വിരാമം സംഭവിക്കുക. ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

പതിവായി സെക്സിലേര്‍പ്പെടുന്നത് ആര്‍ത്തവ വിരാമം നീട്ടിവയ്‌ക്കാന്‍ അഥവാ വൈകിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ഈ പഠനം പറയുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടണ്‍ ആണ് പഠനം നടത്തിയത്.  വലപ്പോഴും മാത്രം സെക്സിലേര്‍പ്പെടുന്ന മധ്യപ്രായമുള്ള സ്ത്രീകളെക്കാള്‍  പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമം വൈകിയാകും സംഭവിക്കുക എന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.  

റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് എന്ന ജേണലല്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും സെക്സിലേര്‍പ്പെടുന്നത് ആര്‍ത്തവ വിരാമത്തിനുള്ള സാധ്യത 28 ശതമാനത്തോളം കുറയ്ക്കുമെന്നാണ് ഈ പഠനം പറയുന്നത്. 

ആര്‍ത്തവ വിരാമത്തിന്‍റെ ലക്ഷണങ്ങള്‍ നോക്കാം... 

ആര്‍ത്തവ ചക്രത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ തന്നെയാണ് ആര്‍ത്തവ വിരാമത്തിന്‍റെ പ്രധാന ലക്ഷണം. പുറത്തുപോകുന്ന രക്തത്തിന്റെ അളവില്‍ ഗണ്യമായ മാറ്റം കണ്ടേക്കാം. ഒന്നുകില്‍ നല്ല തോതില്‍ കുറയാം. അല്ലെങ്കില്‍ കൂടാം. ചില മാസങ്ങളില്‍ ആര്‍ത്തവം വരാതെയുമിരിക്കാം. കൃത്യതയില്ലാതെ, തീയ്യതികള്‍ നിരന്തരം തെറ്റി ആര്‍ത്തവം വരുന്നതും ഇതിന്റെ സൂചനയാകാം.