'ആശങ്കകളെ മുതലെടുക്കാൻ പല കള്ളപ്രചരണങ്ങളും നടക്കും'; എന്തെല്ലാം ശ്രദ്ധിക്കണം, ഈ നിപ മുന്നറിയിപ്പ് ശ്രദ്ധിക്കണേ
രോഗബാധയെ പ്രതിരോധിക്കാനും ശാസ്ത്രീയമായ അറിവ് പ്രധാനമാണ്. നിപ വൈറസ് ബാധയെ പറ്റിയും അതിനെതിരെ സ്വീകരിക്കേണ്ട പ്രതിവിധികളെ പറ്റിയും വിശദീകരിക്കുന്ന വീഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്കകളെ മുതലെടുക്കാൻ പല പ്രതിലോമ പ്രചരണങ്ങളും നടക്കാനിടയുണ്ട്. നിപ വൈറസിനെ പറ്റിയും അതുവഴിയുണ്ടാകുന്ന രോഗബാധയെ പറ്റിയും വ്യക്തമായ ധാരണ ഉണ്ടെങ്കിലേ ഈ കള്ളപ്രചരണങ്ങളെ ചെറുക്കാൻ സാധിക്കൂ. രോഗ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളും ഇക്കാര്യത്തിൽ അതീവ ജാഗ്രതയും ശ്രദ്ധയും പാലിക്കേണ്ടതുണ്ട്.
അനാവശ്യ ഭീതി പടരുന്ന രീതിയിലോ തെറ്റായ വിവരങ്ങൾ നൽകുന്ന രീതിയിലോ ഉള്ള റിപ്പോർട്ടിംഗ് പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. രോഗബാധയെ പ്രതിരോധിക്കാനും ശാസ്ത്രീയമായ അറിവ് പ്രധാനമാണ്. നിപ വൈറസ് ബാധയെ പറ്റിയും അതിനെതിരെ സ്വീകരിക്കേണ്ട പ്രതിവിധികളെ പറ്റിയും വിശദീകരിക്കുന്ന വീഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി വയ്ക്കണമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ നിർദ്ദേശങ്ങളിലുള്ളത്. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല, ഒരു ബൈസ്റ്റാൻഡറെ മാത്രമായിരിക്കും ആശുപത്രികളിൽ അനുവദിക്കുക. അതേസമയം, കോഴിക്കോട് ബീച്ചുകളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കും നടക്കുക. നിപ മരണങ്ങളുടെ പശ്ചാത്തലത്തിൽ നാളെ രാവിലെ 10 മണിക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സർവ്വകക്ഷിയോഗം കോഴിക്കോട് നടക്കും. 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുടെ യോഗം നടക്കും. അതേസമയം, സംസ്ഥാനത്ത് നിപക്കായുള്ള മോണോക്‌ലോൺ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം