Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുക!

ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മകനില്‍ നിന്നാണ് ദില്ലിയില്‍ മരിച്ച വയോധികയ്ക്ക് വൈറസ് പകര്‍ന്നുകിട്ടിയത്. ഇവര്‍ക്ക് നേരത്തേ തന്നെ പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. വൈറസ് ബാധയുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് അധികം വൈകാതെ തന്നെ ഇവരുടെ നില വഷളാവുകയായിരുന്നു. സമാനമായ രീതിയില്‍ തന്നെ വളരെ പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ചാണ് കര്‍ണാടകയില്‍ എഴുപത്തിയാറുകാരനും മരിച്ചത്

older people with diabetes are at higher risk of coronavirus Infection
Author
Delhi, First Published Mar 14, 2020, 6:47 PM IST

ലോകരാജ്യങ്ങളെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് പടരുമ്പോള്‍ ഇതിന്റെ രോഗസാധ്യതയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പഠനം നടത്തുകയാണ് ഗവേഷകര്‍. ഏറ്റവുമധികം രോഗം ബാധിക്കുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും പ്രായമായവര്‍ക്കാണെന്ന നിഗമനത്തില്‍ ഇതിനോടകം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ എത്തിക്കഴിഞ്ഞു. 

അതോടൊപ്പം തന്നെ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്. കൊറോണയുടെ ഉറവിടകേന്ദ്രമായ ചൈനയില്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വച്ച് മരിച്ചവരില്‍ 19 ശതമാനം പേരും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള പ്രായമായവരായിരുന്നു എന്ന് അവിടെ നിന്ന് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഇതുവരെ രണ്ട് പേരാണ് കൊവിഡ് -19 നെ തുടര്‍ന്ന് മരിച്ചത്. ഇരുവരുടേയും പ്രായം 65ന് മുകളിലാണെന്നത് ശ്രദ്ധിക്കുക. ഇതിന് പുറമെ ഇവരിലും പ്രമേഹവും രക്തസമ്മര്‍ദ്ദവും മറ്റ് അനുബന്ധപ്രശ്‌നങ്ങളും കണ്ടെത്തിയിരുന്നു. 

ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മകനില്‍ നിന്നാണ് ദില്ലിയില്‍ മരിച്ച വയോധികയ്ക്ക് വൈറസ് പകര്‍ന്നുകിട്ടിയത്. ഇവര്‍ക്ക് നേരത്തേ തന്നെ പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. വൈറസ് ബാധയുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് അധികം വൈകാതെ തന്നെ ഇവരുടെ നില വഷളാവുകയായിരുന്നു. സമാനമായ രീതിയില്‍ തന്നെ വളരെ പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ചാണ് കര്‍ണാടകയില്‍ എഴുപത്തിയാറുകാരനും മരിച്ചത്. 

'കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇതുവരെയുണ്ടായ പഠനങ്ങളില്‍ വച്ചേറ്റവും വലിയ പഠനം നടത്തിയിരിക്കുന്നത് അമേരിക്കയാണ്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവരുടെ പ്രസിദ്ധീകരണത്തിലൂടെ ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു. അതില്‍ കൃത്യമായി പറയുന്നുണ്ട്, പ്രായമായവരിലെ അപകടസാധ്യതകളെ കുറിച്ച്. പ്രമേഹവും രക്തസമ്മര്‍ദ്ദവും പോലുള്ള പ്രശ്‌നങ്ങള്‍ കൂടിയുണ്ടെങ്കില്‍ അത് ഇരട്ടി വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ആ പഠനത്തില്‍ പറയുന്നുണ്ട്...'- 'അക്കാദമി ഓഫ് ഫാമിലി ഫിസീഷ്യന്‍സ്' പ്രസിന്റ് ഡോ. രാമന്‍ കുമാര്‍ പറയുന്നു. 

അതിനാല്‍ തന്നെ രോഗം വരാതിരിക്കാന്‍ എടുക്കുന്ന മുന്‍കരുതലുകള്‍ക്കൊപ്പം ഇക്കാര്യം കൂടി ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ഉറപ്പിച്ചുപറയുന്നത്. വിട്ടുമാറാത്ത പനി, ചുമ, ശ്വാസതടസം എന്നിവ കണ്ടാല്‍ വച്ച് വൈകിപ്പിക്കാതെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പോവുക. അതോടൊപ്പം തന്നെ പ്രായമായവരും നേരത്തേ സൂചിപ്പിച്ചത് പോലെ പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോ ഉള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും കൂടുതല്‍ ജാഗ്രത പാലിക്കുക.

Follow Us:
Download App:
  • android
  • ios