ഒരു പനി ചികിത്സിക്കും പോലെ എളുപ്പത്തിൽ നമുക്ക് മനസിന്‍റെ പ്രശ്നങ്ങൾക്ക് ചികിത്സ നേടാൻ സാധ്യമാണോ? മറ്റുള്ളവർ എന്ത് പറയും എന്നതും ഇത് ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തും എല്ലാം നമ്മളെ വല്ലാതെ അലട്ടും.
ഇന്ന് ലോക മാനസികാരോഗ്യ ദിനം. മാനസികാരോഗ്യം എന്നത് നമ്മുടെ അവകാശമാണ് എന്നതാണ് ഈ വർഷത്തെ പ്രമേയം. എന്നാൽ നമ്മുടെ സാമൂഹിക ചുറ്റുപാടിൽ നമ്മൾ എത്ര പേർ ഇത് നമ്മുടെ അവകാശമായി കണക്കാക്കുന്നുണ്ട്? ഉദാഹരണത്തിന് മറ്റേതൊരു അസുഖത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമ്പോൾ മാനസിക പ്രശ്നങ്ങൾക്ക് അത് ലഭിക്കുന്നുണ്ടോ?
ഇന്ത്യയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ആളുകൾ അനവധിയായി ചേക്കേറുകയാണല്ലോ. വിദേശരാജ്യങ്ങളിൽ നിന്ന് ഓൺലൈൻ ആയി മാനസികാരോഗ്യവിദഗ്ധരെ കൺസൾട്ട് ചെയ്യുന്ന വ്യക്തികൾ അവരുടെ ജോലി ആവശ്യത്തിന് റിപ്പോർട്ട് നൽകുമോ എന്ന് ചോദിക്കാറുണ്ട്. കാരണം വിദേശരാജ്യങ്ങളിൽ ഒക്കെ ഒരു വ്യക്തിക്ക് മാനസിക പ്രശ്നം ഉണ്ട് എന്ന് അവർ മനസ്സിലാക്കിയാൽ അവരുടെ സ്ട്രെസ് കുറയ്ക്കുന്ന രീതിയിലേക്ക് അവരുടെ ജോലിമേഖലയും പഠനമേഖലയും ഒക്കെ മാറ്റി കൊടുക്കുന്ന ഒരു രീതി അവിടെയുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ എത്രത്തോളം ഈ മാറ്റങ്ങൾ ഇപ്പോഴും വന്നിട്ടുണ്ട്?
ഇവിടെ നമ്മൾ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാൻ, അതിനുള്ള മനസ്സ് പാകപ്പെടുത്തി എടുക്കാൻ എത്രമാത്രം ബുദ്ധിമുട്ട് നേരിടുന്നു? ഒരു പനി ചികിത്സിക്കും പോലെ എളുപ്പത്തിൽ നമുക്ക് മനസിന്‍റെ പ്രശ്നങ്ങൾക്ക് ചികിത്സ നേടാൻ സാധ്യമാണോ? മറ്റുള്ളവർ എന്ത് പറയും എന്നതും ഇത് ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തും എല്ലാം നമ്മളെ വല്ലാതെ അലട്ടും.
നമ്മുടെ സമൂഹത്തിൽ പലർക്കും ഇപ്പോഴും മാനസിക പ്രശ്നങ്ങൾ എന്ന് പറയുന്നത് ഒരു തമാശ പോലെയാണ്. എന്നാൽ യാഥാർത്ഥ്യം എന്താണ്? മിക്ക ആളുകളും ഇന്ന് മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നവരാണ് എന്ന് നാം ബോധവാന്മാരാണോ? ജീവിതത്തിൽ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും ഡിപ്രഷനോ ഉത്കണ്ഠയോ ഒക്കെ അനുഭവിക്കാത്തവർ കുറവാണ്.
എന്നാൽ നമ്മളിൽ എത്രപേർ നമ്മൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം തുറന്നു പറയാൻ തയ്യാറാണ്? ചിലർ കരുതും എനിക്ക് മാത്രമാണ് ഈ പ്രശ്നങ്ങളെല്ലാം. അതുകൊണ്ടുതന്നെ തുറന്നുപറയുക അവർക്ക് ഒട്ടും എളുപ്പമല്ല.
ഒരുദാഹരണം പറയട്ടെ- നമുക്ക് കുറച്ചുനാളുകളായി നെഞ്ചിന് ഭാരം തോന്നുന്നു, ശ്വാസതടസ്സം അനുഭവപ്പെടുന്നു, ഉറങ്ങാൻ കഴിയുന്നില്ല, ക്ഷീണം അനുഭവപ്പെടുന്നു എന്നിരിക്കട്ടെ. നമ്മൾ പല ആശുപത്രികളെയും സമീപിച്ച് അതിനുള്ള ചികിത്സ തേടുന്നു. ഇത് ശാരീരികമായ ലക്ഷണങ്ങളാണ് എന്നതുകൊണ്ടുതന്നെ അതിനെ ആ രീതിയിൽ ചികിത്സിച്ച് മാറ്റാൻ ആയിരിക്കും നമ്മൾ ശ്രമിക്കുക. എന്നാൽ പല ഡോക്ടർമാരും പരിശോധനയ്ക്ക് ശേഷം ഇത് മാനസിക പ്രശ്നം കൊണ്ടുണ്ടാകുന്ന ഒന്നാണ് ശരീരത്തിൽ ഒരു ബുദ്ധിമുട്ടുകളും കാണുന്നില്ല എന്ന് പറഞ്ഞേക്കാം. പക്ഷേ അപ്പോഴും ഇത് മനസിന്‍റെ ബുദ്ധിമുട്ടായി കണക്കാക്കി അത് മാറ്റാനുള്ള പ്രയത്നം നമ്മൾ എത്രമാത്രം നടത്തുന്നുണ്ട്?
ഒന്നിനോടും താൽപര്യം തോന്നാത്തത്, ക്ഷീണം അനുഭവപ്പെടുന്നത്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത്, നെഞ്ചിന് ഭാരം തോന്നുന്നത്, ഉറക്കം നഷ്ടമാകുന്നത് ഇതെല്ലാം തന്നെ വിഷാദത്തിന്‍റെയോ ഉത്കണ്ഠയുടെ ഭാഗമായി ഒക്കെ സംഭവിക്കുന്നത് ആയിരിക്കാം. ചിലരിൽ നീണ്ട കാലങ്ങളായി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ശരീരത്തിന്‍റെ രോഗലക്ഷണങ്ങളായി-ഉദാഹരണത്തിന് വയറിന്‍റെ അസ്വസ്ഥതയായി, ശ്വാസതടസ്സവും ചുമയുമായി ഒക്കെ വരെ പ്രകടമാക്കിയേക്കാം. പലപ്പോഴും മനസിന്‍റെ ദുഃഖം പറയുന്നത് കൂടെയുള്ളവർ കേൾക്കുന്നില്ല എന്ന അവസ്ഥായാണ്. ശരീരത്തിന്‍റെ ബുദ്ധിമുട്ടുകൾ ആയി അത് പ്രകടമാകുമ്പോൾ ഒപ്പം ഉള്ളവർ ശ്രദ്ധിക്കും, കെയർ ചെയ്യും എന്നതാണ് കാരണം.
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ മനസിന്‍റെ ആരോഗ്യവും പ്രധാനമാണ്.
Priya Varghese
Breathe Mind Care
TMM- Ramanchira Road
Thiruvalla
8281933323
Online/ In-person consultation available
www.breathemindcare.com
Also Read:- സ്ട്രെസ് അകറ്റാൻ എല്ലാ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്നത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
