ഡോക്ടര്‍മാര്‍  തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യുമ്പോള്‍ രോഗി വയലിന്‍ വായിക്കുകയായിരുന്നു.  ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയക്കിടെയാണ്  അമ്പത്തിമൂന്നുകാരിയായ ടര്‍ണര്‍ വയലിന്‍ വായിച്ചത്. ഡോക്ടറുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ടര്‍ണറിന്റെ വയലിന്‍ വാദനം. 

ടര്‍ണറിന്റെ തലച്ചോറിന്‍റെ വലതുവശത്തായി മുന്‍ഭാഗത്തായിരുന്നു ട്യൂമര്‍. ഇടതുവശത്തെ ശരീരചലനങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണിത്. കൂടാതെ ഇടതുകൈയുടെ സൂക്ഷ്മചലനങ്ങള്‍ ഏകോപിപ്പിക്കുന്ന ഭാഗവുമാണിത്. ഈ ഭാഗത്ത് ചെയ്യുന്ന ശസ്ത്രക്രിയ ശരീരത്തിന്റെ ഇടതുവശത്തെ അവയവങ്ങളുടെ ചലനത്തെ ബാധിച്ചേക്കാനിടയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് ശസ്ത്രക്രിയക്കിടെ വയലിന്‍  വായിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ടര്‍ണറിന് വയലിന്‍ വായനയ്ക്ക് തടസമുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്.

പത്ത് വയസ് മുതല്‍ വയലിന്‍ വായിക്കുന്ന ടര്‍ണറിന് അത് വായിക്കാതിരിക്കുന്ന കാര്യം ചിന്തിക്കാനാവുമായിരുന്നില്ല. അത്തരമൊരവസ്ഥയുണ്ടാവാതിരിക്കാനാണ് ന്യൂറോസര്‍ജനായ ഡോ. കിയോമാര്‍സ് അഷ്‌കനാണ് ശസ്ത്രക്രിയക്കിടയിലുള്ള വയലിന്‍ വായന നിര്‍ദേശിച്ചത്.

ടര്‍ണറിന്‍റെ തലച്ചോറിന് സൂക്ഷ്മക്ഷതം പോലുമേല്‍പ്പിക്കാതെ ട്യൂമറിന്റെ 90 ശതമാനത്തോളം നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ടര്‍ണര്‍ വീട്ടിലേക്ക് മടങ്ങി.

വീഡിയോ...

"