ജങ്ക് ഫുഡും പാക്കറ്റുകളില്‍ വരുന്ന ചിപ്‌സ് പോലുള്ള പ്രോസസ്ഡ് ഭക്ഷണങ്ങളും മറ്റും ശരീരത്തിന്  പല തരം പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന് നമ്മള്‍ പലപ്പോഴായി വായിച്ചും ഡോക്ടര്‍മാര്‍ പറഞ്ഞുമെല്ലാം അറിഞ്ഞിരിക്കും. എങ്കിലും ഇത് എത്രമാത്രം ഗുരുതരമായ ഒരു സംഗതിയാണെന്ന് ഒരുപക്ഷേ നമ്മള്‍ മനസിലാക്കിയിട്ടുണ്ടാകില്ല. 

എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഈ സംഭവം ഒന്ന് നിങ്ങളറിയണം. ജങ്ക് ഫുഡും പ്രോസസ്ഡ് ഭക്ഷണങ്ങളും നമ്മളറിയാതെ എങ്ങനെയാണ് നമ്മുടെ ജീവിതത്തെ തകിടം മറിക്കുന്നതെന്ന് നമ്മെ ധരിപ്പിക്കുകയാണ് ഈ സംഭവം. 

ഏതാണ്ട് പൂര്‍ണ്ണമായും കാഴ്ച നഷ്ടപ്പെട്ട നിലയില്‍ ബ്രിസ്റ്റോള്‍ കണ്ണാശുപത്രിയിലെത്തിയതായിരുന്നു ആ പതിനേഴുകാരന്‍. ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ മുതല്‍ ഏതെല്ലാമോ ആശുപത്രികളിലായി ചികിത്സ തുടങ്ങിയിരുന്നു. എന്നാല്‍ ഇതിന് കാരണമെന്തെന്ന് കണ്ടെത്താന്‍ പല ഡോക്ടര്‍മാര്‍ക്കുമായില്ല. വൈകാതെ കാഴ്ച മുഴുവനായും നഷ്ടപ്പെടുന്ന അവസ്ഥയായി. 

ബ്രിസ്റ്റോള്‍ ആശുപത്രിയിലെ വിദഗ്ധര്‍ അവന്റെ കേസ് വിശദമായി പരിശോധിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അവര്‍ അവനില്‍ നിന്ന് കണ്ടെത്തിയത്. മോശം ഭക്ഷണത്തിലൂടെ കണ്ണിലെ ഒപ്റ്റിക് നര്‍വിന്് സംഭവിച്ച തകരാറാണത്രേ അവന്റെ കാഴ്ച കവര്‍ന്നെടുത്തത്. ഒത്ത ഉയരവും ഒതുങ്ങിയ ശരീരപ്രകൃതിയുമുള്ള അവന്‍ പോഷകക്കുറവുള്ള ഒരാളാണെന്നോ, അല്ലെങ്കില്‍ ഡയറ്റാണ് അവനെ രോഗിയാക്കിയതെന്നോ മനസിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നതാണ് സത്യം. 

'ന്യൂട്രീഷ്യണല്‍ ഒപ്റ്റിക് ന്യൂറോപതി' എന്നതാണ് അവന്റെ അസുഖത്തിന്റെ പേര്. നെര്‍വ് ഫൈബറുകളുടെ പ്രവര്‍ത്തനത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍ ലഭിക്കാതെ വരുന്ന അസുഖം. ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ് എന്നിവയുടെ അപര്യാപ്തതയാണ് ഇതില്‍ പ്രധാനം. ഇവയുടെ കുറവ് 'മാക്രോസൈറ്റിക് അനീമിയ' എന്ന അവസ്ഥയിലേക്കും അവനെയെത്തിച്ചിരുന്നു. അങ്ങനെ ഒരുപിടി ഘടകങ്ങള്‍ ഒന്നിച്ചുചേര്‍ന്നപ്പോള്‍ അവന് നഷ്ടമായത് ജീവിതം തന്നെയായിരുന്നു.

വിശക്കുമ്പോള്‍ സ്ഥിരമായി ചിപിസ് പോലുള്ള പാക്കറ്റ് ഭക്ഷണസാധനങ്ങളായിരുന്നുവത്രേ അവന്‍ കഴിച്ചിരുന്നത്. അതല്ലെങ്കില്‍ ജങ്ക് ഫുഡ്. ടിന്നിലടച്ച് വരുന്ന പ്രോസസ്ഡ് മീറ്റും ധാരാളമായി കഴിക്കുമായിരുന്നു. ക്രമേണ മറ്റ് ഭക്ഷണങ്ങളോടൊന്നും താല്‍പര്യമില്ലാതായിത്തുടങ്ങി. ശരീരത്തിന് വേണ്ട പോഷകങ്ങളൊന്നും എത്താതെ ഏറെ നാള്‍ ഇതേ പതിവ് തുടര്‍ന്നതോടെ അവന് കടുത്ത ക്ഷീണമനുഭവപ്പെട്ടുതുടങ്ങി. പിന്നെ കാഴ്ചയ്ക്കും പ്രശ്‌നം വന്നു.  

എന്നാല്‍ ആദ്യമായി കാഴ്ചയ്ക്ക് തകരാറ് സംഭവിച്ച സമയത്തുപോലും ഡയറ്റ് ആണ് വില്ലനായതെന്ന് ആര്‍ക്കും കണ്ടെത്താനായില്ല. വീണ്ടും അപകടരമായ അതേ ഡയറ്റ് തന്നെ തുടര്‍ന്നു. 

ഒപ്റ്റിക് നെര്‍വിനെ ബാധിച്ചതിനാല്‍, ഇനി ചികിത്സയിലൂടെ കാഴ്ചശക്തി തിരിച്ചെടുക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അപൂര്‍വ്വമായ ഈ കേസിനെക്കുറിച്ച് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് ബ്രിസ്റ്റോള്‍ മെഡിക്കല്‍ സ്‌കൂളിലെ വിദഗ്ധര്‍. 'അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തില്‍ പഠനത്തിന്റെ ഒരു റിപ്പോര്‍ട്ട് വന്നുകഴിഞ്ഞു. 

പാക്കറ്റ് ഭക്ഷണവും ജങ്ക് - പ്രോസസ്ഡ് ഭക്ഷണവുമൊക്കെ ഓരോ മനുഷ്യരിലും ഓരോ തരം പ്രതികരണങ്ങളാണ് ഉണ്ടാക്കുകയെന്ന് പഠനസംഘത്തിലെ വിദഗ്ധര്‍ പറയുന്നു. പലരിലും ഒരുപോലെയായിരിക്കില്ല- ഇവയുടെ പ്രവര്‍ത്തനങ്ങള്‍, അതിനാല്‍ നമ്മള്‍ സ്വയം ജീവിതരീതിയോട് നീതി പുലര്‍ത്തുകയെന്നത് മാത്രമേ ചെയ്യാനാകൂവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.