കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സമസ്ത തൊഴില്‍ മേഖലകളും സ്തംഭിച്ച അവസ്ഥയാണ് ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും കണ്ടത്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഭരണപ്രതിനിധികള്‍ എന്നുതുടങ്ങി ചുരുക്കം വിഭാഗങ്ങളെ മാത്രം അവശ്യസേവനങ്ങളില്‍ പെടുത്തി മറ്റെല്ലാ മേഖലയും പരിപൂര്‍ണ്ണമായും അടച്ചുപൂട്ടിയ സാഹചര്യം നമ്മള്‍ കണ്ടു. 

കനത്ത സാമ്പത്തിക നഷ്ടമാണ് ഈ അവസ്ഥ ഓരോ രാജ്യത്തിനും മേല്‍ അടിച്ചേല്‍പിക്കുന്നതും. ഇക്കൂട്ടത്തില്‍ കോടികളുടെ നഷ്ടം നേരിട്ട ഒരു വ്യവസായ മേഖലയായിരുന്നു സിനിമ- സീരിയല്‍ മേഖല. നമുക്കറിയാം ഓരോ ദിവസത്തിനും വേണ്ടി പതിനായിരക്കണക്കിന് രൂപയാണ് ഈ മേഖലയില്‍ മുതല്‍ മുടക്കുന്നവര്‍ ഇറക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് എന്ന മാരക രോഗകാരിയുടെ അപ്രതീക്ഷിത 'എന്‍ട്രി' കണക്കില്ലാത്ത നഷ്ടത്തിലേക്കാണ് ഇവരെയെത്തിച്ചത്. 

മുതല്‍ മുടക്കുന്നവര്‍ മാത്രമല്ല, ഈ മേഖലയില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍, ടെക്നീഷ്യന്മാര്‍, ആര്‍ട്ടിസ്റ്റുകള്‍ എല്ലാം പ്രതിസന്ധിയില്‍ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ പല സിനിമാ-സീരിയല്‍ പ്രവര്‍ത്തനങ്ങളും വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകളിലെ സൂചന. 

അതേസമയം മാസ്‌ക് ധരിക്കലും സാമൂഹികാകലം പാലിക്കലും നിര്‍ബന്ധമായി തുടരുമ്പോള്‍ ചിത്രീകരണമുള്‍പ്പെടെയുള്ള ജോലികള്‍ തീര്‍ച്ചയായും വെല്ലുവിളികളുയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരത്തില്‍ സിനിമാ- സീരിയല്‍- സീരീസ്- ടെലിവിഷന്‍ ജോലികള്‍ പുനരാരംഭിക്കുന്നതിന്റെ വിവിധ സാധ്യതകളെ പരിശോധിക്കുന്നതിനിടെയാണ് ശ്രദ്ധേയമായ ചില വസ്തുതകള്‍ നിരത്തിക്കൊണ്ട് യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ പോണ്‍ വ്യവസായ മേഖലയുടെ പ്രതിനിധികളെത്തിയിരിക്കുന്നത്. 

 

 

കൊവിഡ് കാലത്ത് സിനിമാ-സീരിയല്‍ ചിത്രീകരണം നടത്തണമെങ്കില്‍ തങ്ങളെ മാതൃകയാക്കാമെന്നാണ് ഇവര്‍ പറയുന്നത്. മറ്റൊന്നുമല്ല, പോണ്‍ മേഖലയില്‍ അവിടെ നിലനില്‍ക്കുന്ന ചില നിര്‍ബന്ധിത നിയമങ്ങള്‍ മറ്റ് മേഖലകള്‍ക്ക് കൂടി അനുകരിക്കാവുന്നതാണെന്നും അതുവഴി സുഗമമായി ജോലി തുടരാമെന്നുമാണ് ഇവര്‍ പറയുന്നത്. 

1990കളില്‍ ലോസ് ഏഞ്ചല്‍സിലെ പ്രമുഖയായ ഒരു പോണ്‍ താരത്തിന് എയ്ഡ്‌സ് ആണെന്നും അവര്‍ പോണ്‍ ക്ലിപ്പുകളില്‍ അഭിനയിച്ചതുവഴി ആ രോഗം മറ്റ് പലരിലേക്കും പകര്‍ത്തിയെന്നുമുള്ള അഭ്യൂഹം പരന്നു. ഇത് വളരെ വലിയ വിവാദങ്ങള്‍ക്കായിരുന്നു അന്ന് തിരി കൊളുത്തിയത്. തുടര്‍ന്നാണ് ആരോഗ്യവുമായി ബന്ധപ്പെട്ട് ചില കര്‍ശന മാനദണ്ഡങ്ങള്‍ പോണ്‍ താരങ്ങള്‍ പാലിക്കണമെന്ന് നിയമം വരുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് സുരക്ഷിതത്വത്തിനായി ഇത്തരമൊരു നിയമാവലി കൊണ്ടുവന്നത്. 

പോണ്‍ താരങ്ങള്‍ എല്ലാ 14 ദിവസത്തിലും ആരോഗ്യം ചെക്ക് ചെയ്യണം. എന്നിട്ട് അതിന്റെ വിവരങ്ങള്‍ ഡാറ്റാബെയ്‌സില്‍ ചേര്‍ക്കും. ഇത് പിന്നീട് പുതുക്കിക്കൊണ്ടിരിക്കും. ഇതായിരുന്നു നിയമാവലി. 90കള്‍ മുതല്‍ ഈ നിയമം അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതേ മാതൃക സിനിമാ-സീരിയല്‍ മേഖലകളിലുള്ളവര്‍ക്ക് എടുക്കാവുന്നതാണെന്നുമാണ് ഇവരുടെ വാദം. 

 

 

'കൊവിഡിനെ പറ്റി ആദ്യമായി കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് തോന്നിയത്, ഞങ്ങള്‍ക്കിതിനെ തൊഴിലിനെ ബാധിക്കാത്ത തരത്തില്‍ നേരിടാനാകുമല്ലോയെന്ന ആത്മവിശ്വാസമാണ്. അത് നിലവില്‍ ഞങ്ങള്‍ പിന്തുടരുന്ന നിയമം മൂലമാണ്. മറ്റ് സിനിമാ-സീരിയല്‍ മേഖലകളാകട്ടെ കായിക മേഖലയോ മറ്റേതെങ്കിലും മേഖലയോ ആകട്ടെ നിങ്ങളുടെ ജോലിയും ഞങ്ങളുടേതും വ്യത്യസ്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നമുക്കൊരു പോലെ നില്‍ക്കാന്‍ കഴിയും. ഞങ്ങളുടെ രീതികളെ കടമെടുക്കുന്നത് നിങ്ങള്‍ക്ക് സ്വയം സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കും...'- ലോസ് ഏഞ്ചല്‍സിലെ പോണ്‍ വ്യവസായ മേഖലയെ പ്രതിനിധീകരിച്ച് മൈക്ക് സ്റ്റബൈല്‍ എന്നയാള്‍ പറഞ്ഞതാണിത്. 

Also Read:- ലോക്ക്ഡൗണ്‍ കാലത്ത് കുതിച്ചുകയറി 'പോണ്‍'സൈറ്റുകളുടെ ഹിറ്റ്...

എന്നാല്‍ ഇവരുടെ വാദങ്ങളോട് ഇതുവരെ മുഖ്യധാരാ സിനിമാപ്രവര്‍ത്തകരോ താരങ്ങളോ ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. പോണ്‍ വ്യവസയാത്തിലും ലോസ് ഏഞ്ചല്‍സ് അടക്കം ചിലയിടങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ കര്‍ശന നിയമാവലി നടപ്പിലാക്കുന്നുള്ളൂ. മറ്റുള്ള സ്ഥലങ്ങളില്‍ സാധാരണ സിനിമാ ഇന്‍ഡസ്ട്രിയെ പോലെ തന്നെ പോണ്‍ ഇന്‍ഡസ്ട്രിയും കൊവിഡ് കാലത്ത് പ്രതിസന്ധിയിലാണ്.

Also Read:- കാമുകൻ ന​​ഗ്നചിത്രങ്ങൾ അയക്കാൻ പറയും, കണ്ടിട്ട് ഡിലീറ്റ് ചെയ്യാമെന്നൊക്കെ പറയും; പെൺകുട്ടികൾക്കായി ഇതാ ഒരു കുറിപ്പ്...