ക്ഷീണം ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തി കഴിഞ്ഞാൽ പലരും കിടന്നുറങ്ങാനാണ് ശ്രമിക്കാറുണ്ട്. ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം ക്ഷീണം അനുഭവപ്പെടാറുണ്ട്. പലരും അതിനെ നിസാരമായാണ് കാണാറുള്ളത്. ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനിടയാക്കുന്ന ചില കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണം...

 ഉറക്കമില്ലായ്മ...

ആവശ്യമായ ഉറക്കം ലഭിക്കാത്തത് പിറ്റേന്ന് കലശമായ ക്ഷീണത്തിനിടയാക്കും. മുതിര്‍ന്നവര്‍ക്ക് ഏഴു മുതല്‍ എട്ടു മണിക്കൂര്‍വരെ ഉറക്കം ആവശ്യമാണ്. കമ്പ്യൂട്ടറും മൊബൈലും ടെലിവിഷനും ഒഴിവാക്കി കിടപ്പുമുറിയെ ഉറക്കത്തിനായി സജ്ജമാക്കുക. 

 ഭക്ഷണക്കുറവ്...

വളരെക്കുറച്ച് ഭക്ഷണം കഴിക്കുന്നതും അനാരോഗ്യകരമായത് കഴിക്കുന്നതും ക്ഷീണത്തിന് കാരണമാകും. രക്തത്തിലെ പഞ്ചസാര കൃത്യമായ അളവില്‍ ഉണ്ടായാലേ ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ നടക്കൂ. പ്രാതല്‍ കൃത്യമായി കഴിക്കുക, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും ശരിയായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക ഇവയില്‍ പ്രധാനമാണ്.

 രക്തക്കുറവ്...

 സ്ത്രീകളില്‍ ക്ഷീണമുണ്ടാകുന്നതിന് പ്രധാന കാരണം രക്തക്കുറവാണ്. ശരീരകലകളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കള്‍ കുറയുന്നത് ക്ഷീണമുണ്ടാക്കും. പ്രത്യേക ശാരീരികാവസ്ഥകള്‍ പരിഗണിച്ച് ഇരുമ്പു സത്ത് കലര്‍ന്ന ഭക്ഷണം സ്ത്രീകള്‍ കൂടുതലായി കഴിക്കണം.

വിഷാദരോഗം...

വിഷാദരോഗം മാനസികരോഗത്തിന്റെ ഗണത്തില്‍പ്പെടുത്താമെങ്കിലും അതുണ്ടാക്കുന്ന ശാരീരികപ്രശ്‌നങ്ങള്‍ ചെറുതല്ല. തലവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ ഉദാഹരണങ്ങള്‍. രണ്ടാഴ്ചയിലേറെ ക്ഷീണം നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടുകയാണ് ഗുണകരം. 

തൈറോയ്ഡ്...

 കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ശരീരത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നത് ക്ഷീണത്തിന് കാരണമാകുന്നു.