വിവാഹവുമായി ബന്ധപ്പെട്ട് പല തെറ്റായ സങ്കല്‍പങ്ങളും ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ആദ്യരാത്രിയുമായി ബന്ധപ്പെട്ട ചിലത്. സ്ത്രീ കന്യകയാണെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ രക്തം പുറത്തുവരും എന്ന വാദം ഇതിന് ഉദാഹരണമായി എടുക്കാവുന്നതാണ്

വിവാഹമുറപ്പിച്ച് കഴിയുന്നതോടെ മാനസികസമ്മര്‍ദ്ദം ( Mental Stress ) നേരിടുന്ന ധാരാളം പേരുണ്ട്. സ്ത്രീകളും പുരുഷന്മാരും ഇക്കൂട്ടത്തിലുള്‍പ്പെടും. വിവാഹശേഷം എങ്ങനെയായിരിക്കും ജീവിതം മാറിമറിയുക എന്നത് തന്നെയായിരിക്കും മിക്കവരുടെയും ആശങ്ക. 

ഇതില്‍ ശാരീരികമായും മാനസികമായും ബാധിക്കപ്പെട്ടേക്കാവുന്ന വിഷയങ്ങള്‍ കാണും. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നത് സ്വാഭാവികമാണ്. എന്നാലിത് സമയത്തിന് പരിഹരിച്ചില്ലെങ്കില്‍ ( Premarital Counseling ) ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകള്‍ ഏറെയാണ്. 

തെറ്റായ സങ്കല്‍പങ്ങള്‍...

വിവാഹവുമായി ബന്ധപ്പെട്ട് പല തെറ്റായ സങ്കല്‍പങ്ങളും ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ആദ്യരാത്രിയുമായി ബന്ധപ്പെട്ട ചിലത്. സ്ത്രീ കന്യകയാണെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ രക്തം പുറത്തുവരും എന്ന വാദം ഇതിന് ഉദാഹരണമായി എടുക്കാവുന്നതാണ്. 

പല പെണ്‍കുട്ടികളിലും അവരുടെ ശാരീരിക സവിശേഷത അനുസരിച്ച് ഇങ്ങനെ സംഭവിക്കണമെന്നില്ല. കായികാധ്വാനം ഉള്ള പെണ്‍കുട്ടികളില്‍ മാത്രമല്ല, അല്ലാതെയുള്ളവരിലും ഇത് സംഭവിക്കാം. ഇത്തരം വിഷയങ്ങളിലെ അശാസ്ത്രീയത തൊട്ട് നിരവധി കാര്യങ്ങള്‍ മനസിലാക്കാന്‍ വിവാഹത്തിന് മുമ്പ് ഒരു ഗൈനക്കോളജിസ്റ്റുമായി ( Premarital Counseling ) കൂടിക്കാഴ്ച നടത്തുന്നത് വളരെ നല്ലതാണ്. 

സ്ത്രീയും പുരുഷനും ഒരുമിച്ചോ അല്ലാതെയോ ഡോക്ടറെ കാണാം. തങ്ങള്‍ നേരിടുന്ന ശാരീരിക- മാനസിക വിഷമതകള്‍ ( Mental Stress ) അവരുമായി പങ്കിടാം. പരിഹാരം തേടാം. 

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍...

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്നെയാണ് വിവാഹത്തിന് മുമ്പ് ഏറെ പേര്‍ക്കും ആശങ്കയുണ്ടാവുക. ഈ ആശങ്ക പോലും ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കാം. പ്രത്യേകിച്ച് സ്ത്രീകളെ. അതുകൊണ്ട് തന്നെ മനസിനെ ഒരുക്കിയെടുത്ത ശേഷം വേണം വൈവാഹിക ജീവിതത്തിലേക്ക് കടക്കാന്‍. 

ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്തുണ്ടാകുന്ന വേദന, എരിച്ചില്‍ പോലുള്ള പ്രശ്നങ്ങളെ കുറിച്ച് നേരത്തെ തന്നെ വേണ്ടവിധത്തിലുള്ള അവബോധമുണ്ടായിരിക്കണം. അല്ലാത്തപക്ഷം അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വിവാഹജീവിതത്തിലെ ആദ്യദിനങ്ങള്‍ നരകമായി മാറാം. ഇതും ഏറെയും ബാധിക്കുക സ്ത്രീകളെ തന്നെയാണ്. 

ഗര്‍ഭധാരണവും ഫാമിലി പ്ലാനിംഗും

പലപ്പോഴും ഗര്‍ഭധാരണത്തെ കുറിച്ചും ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ചും വേണ്ടവിധം അവബോധമില്ലാത്തതിനാല്‍ വിവാഹശേഷം വളരെ പെട്ടെന്ന് തന്നെ ഗര്‍ഭധാരണം നടക്കുന്ന കേസുകളുണ്ട്. മാനസികമായും ശാരീരികമായും സാമൂഹികമായും ഒന്നും മാതാപിതാക്കളാകാന്‍ തയ്യാറെടുത്തിട്ടില്ലാത്ത ദമ്പതികളെ സംബന്ധിച്ച് ഇത് വലിയ പ്രശ്നം തന്നെയാണ്. 

അതിനാല്‍ വിവാഹജീവിതത്തിലേക്ക് പോകും മുമ്പ് തന്നെ ഗര്‍ഭധാരണത്തെ കുറിച്ചും ഗര്‍ഭനിരോധനമാര്‍ഗങ്ങളെ കുറിച്ചുമെല്ലാം അറിയേണ്ടതുണ്ട്. കോണ്ടത്തിന്‍റെ ഉപയോഗം പോലുള്ള പ്രായോഗിക വിവരങ്ങളെ കുറിച്ചും ധാരണ വേണം. 

ആരോഗ്യാവസ്ഥകള്‍...

വിവാഹജീവിതത്തിലേക്ക് കടക്കും മുമ്പ് ഇരുവരും തങ്ങളുടെ ആരോഗ്യാവസ്ഥകളെ കുറിച്ച് ബോധ്യത്തിലായിരിക്കണം. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രകള്‍ക്ക് ഉണ്ടായേക്കാവുന്ന എരിച്ചില്‍, വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ചിലപ്പോള്‍ മൂത്രാശയ അണുബാധയുടെ ഭാഗമായും വരാം. ഇക്കാര്യങ്ങള്‍ നേരത്തെ പരിശോധിച്ച് ഉറപ്പിക്കാവുന്നതാണ്. 

ചില രോഗങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ വേണ്ടിയുള്ള പരിശോധനകളും ആവശ്യമെങ്കില്‍ ആകാം. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് -ബി പോലുള്ള ലൈംഗിക രോഗങ്ങളാണ് ഇതില്‍ പ്രധാനമായും വരിക. അതുപോലെ തലാസീമിയ രോഗം സംബന്ധിച്ച പരിശോധനകളും നടത്താം. കാരണം ഇത് ജനിക്കാന്‍ പോകുന്ന കുട്ടികളിലും വരാന്‍ സാധ്യതയുണ്ട്. 

അനീമയ അഥവാ വിളര്‍ച്ചയുണ്ടോയെന്നതും പരിശോധിക്കാം. വിളര്‍ച്ചയുണ്ടെങ്കില്‍ അത് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. 

മനസിനും പ്രാധാന്യമുണ്ട്...

ശാരീരികമായ പ്രശ്നങ്ങള്‍ മാത്രമല്ല, മാനസികമായ പ്രശ്നങ്ങളും ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതുണ്ട്. പിടിഎസ്ഡി (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍), ബൈപോളാര്‍ രോഗം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിപ്രശ്നങ്ങളെല്ലാം പരിശോധിക്കാം. 

ഒപ്പം തന്നെ വിവാഹജീവിതത്തെ കുറിച്ചുള്ള ആശങ്കകള്‍, അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം എന്നിവയും ഡോക്ടറുമായി തുറന്ന് ചര്‍ച്ച ചെയ്യാം. 

Also Read:- സുഖകരമായ ലൈംഗികജീവിതത്തിന് ഒഴിവാക്കേണ്ട ചിലത്...