പ്രമേഹം കാര്യമായും മുതിര്‍ന്നവരെയാണ് ബാധിക്കുകയെങ്കില്‍ പോലും ചില സന്ദര്‍ഭങ്ങളില്‍ ഇത് കുട്ടികളെയും കടന്നുപിടിക്കാറുണ്ട്. പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹം. ഇത്തരത്തിലുള്ള കേസുകള്‍ അടുത്ത വര്‍ഷങ്ങളിലായി കൂടിവരുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രമേഹരോഗത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. ഒരു ജീവിതശൈലീരോഗമായാണ് ഇതിനെ കണക്കാക്കി വരുന്നത്. എന്നാല്‍ ജീവിതശൈലീരോഗമെന്ന നിലയ്ക്ക് നിസാരമായി പ്രമേഹത്തിനെ കണ്ട് തള്ളാനും സാധിക്കില്ല. കാരണം ഗൗരവമുള്ള പല രോഗങ്ങളിലേക്കും ആരോഗ്യാവസ്ഥകളിലേക്കും നമ്മെ നയിക്കാൻ പ്രമേഹം മതി. 

പ്രമേഹം കാര്യമായും മുതിര്‍ന്നവരെയാണ് ബാധിക്കുകയെങ്കില്‍ പോലും ചില സന്ദര്‍ഭങ്ങളില്‍ ഇത് കുട്ടികളെയും കടന്നുപിടിക്കാറുണ്ട്. പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹം. ഇത്തരത്തിലുള്ള കേസുകള്‍ അടുത്ത വര്‍ഷങ്ങളിലായി കൂടിവരുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അല്‍പമൊരു ജാഗ്രത പാലിച്ചേ മതിയാകൂ. കുട്ടികളില്‍ പ്രമേഹം പിടിപെടുന്നത് തടയാൻ ഒരു പരിധി വരെ നമുക്കാകും. ഇതിനായി ചെയ്യാവുന്ന അഞ്ച് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കുട്ടികളാണെങ്കില്‍ പോലും ശരീരവണ്ണം നിയന്ത്രിതമായ നിലയിലായിരിക്കണം മുന്നോട്ട് പോകേണ്ടത്. അമിതവണ്ണമുള്ള കുട്ടികളില്‍ പ്രമേഹമടക്കം പല റിസ്കുകളുണ്ട്. അതിനാല്‍ പ്രായത്തിനും ഉയരത്തിനും അനുസരിച്ച ശരീരഭാരം സൂക്ഷിക്കാൻ ശ്രദ്ധിക്കുക. 

രണ്ട്...

കുട്ടികളുടെ ഭക്ഷണകാര്യങ്ങളില്‍ നല്ലരീതിയിലുള്ള ശ്രദ്ധ വേണം. അവര്‍ ഇഷ്ടമുള്ളതേ കഴിക്കൂ എന്ന നിലയില്‍ അവരെ ഇഷ്ടാനുസരണം വിടരുത്. മറിച്ച് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ അവര്‍ കഴിക്കുന്നുണ്ടെന്നും, അനാരോഗ്യകരമായ ഭക്ഷണങ്ങളിലേക്ക് അവര്‍ അധികം ആകര്‍ഷിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തണം. ഇതിനായുള്ള ജാഗ്രത നേരത്തെ മുതല്‍ക്ക് തന്നെ മാതാപിതാക്കള്‍ക്ക് വേണം. 

മൂന്ന്...

കുട്ടികള്‍ ഇന്ന് അധികവും മൊബൈല്‍ ഫോണും ലാപ്ടോപും ഗെയിമുകളുമായി വീട്ടിനകത്ത് തന്നെ ചടഞ്ഞുകൂടിയിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുകയേ ഉള്ളൂ. അതിനാല്‍ ഒന്നുകില്‍ കായികാധ്വാനം (വിനോദങ്ങളും ആകാം) അല്ലെങ്കില്‍ വ്യായാമം ഉറപ്പുവരുത്തുക. 

നാല്...

കുട്ടികളുടെ ഉറക്കസമയവും മാതാപിതാക്കള്‍ കൃത്യമായി ശ്രദ്ധിക്കണം. ദിവസവും ഒരേസമയം തന്നെ കുട്ടികള്‍ ഉറങ്ങുന്നുണ്ടെന്നും ഇത്ര- സമയം ആഴത്തിലുള്ള - സുഖകരമായ ഉറക്കം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. ഉറക്കപ്രശ്നങ്ങളും കുട്ടികളില്‍ പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു. 

അഞ്ച്...

കുട്ടികളുടെ പ്രമേഹവുമായി ബന്ധപ്പെട്ട് സംശയങ്ങളും ആശങ്കകളുമുണ്ടെങ്കില്‍ ഡോക്ടറുമായി വിശദമായി സംസാരിക്കുക. ഇതിനെ പ്രതിരോധിക്കാൻ കൈക്കൊള്ളേണ്ട മാര്‍ഗങ്ങള്‍, കൃത്യമായ ഇടവേളകളിലെ പരിശോധനകള്‍ എന്നിവയെ കുറിച്ചെല്ലാം ഡോക്ടര്‍ മാര്‍ഗനിര്‍ദേശം നല്‍കാം. 

Also Read:- കാലില്‍ ഈ ലക്ഷണങ്ങളെല്ലാം കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക...