നിരവധി പുരുഷന്മാരില്‍ ഇന്ന് കണ്ടുവരുന്ന പ്രശ്നമാണ് ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ്. പുരുഷ ലൈംഗിക ഹോർമോൺ ആണ് 'ടെസ്റ്റോസ്റ്റിറോൺ'. പുരുഷ ശരീരത്തിലെ പേശീ വളര്‍ച്ചയെയും ലൈംഗികവളര്‍ച്ചയെയും സഹായിക്കുന്ന ഹോര്‍മോണ്‍ കൂടിയാണ് ടെസ്റ്റോസ്റ്റിറോൺ. ഈ ഹോര്‍മോണിന്റെ അളവ് കുറയുമ്പോള്‍ പുരുഷന്‍മാരില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴേ ചേർക്കുന്നു...

വ്യായാമം...

വ്യായാമം ചെയ്യുന്നതും പുരുഷന്‍മാരില്‍ ഹോര്‍മോണ്‍ അളവ് സ്ഥിരപ്പെടുത്തുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുതലാണെന്ന് ഒരു പഠനത്തിൽ കണ്ടെത്തി. 

സമ്മര്‍ദ്ദം കുറയ്ക്കുക...

സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇതും ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ക്രമപ്പെടുത്തുന്നു. സമ്മർദ്ദവും ഉയർന്ന കോർട്ടിസോളും ശരീരഭാരം വർദ്ധിപ്പിക്കുകയും ശരീരത്തിലെ ദോഷകരമായ കൊഴുപ്പ് സംഭരിക്കുന്നതിനും കാരണമാകും. ഈ മാറ്റങ്ങൾ നിങ്ങളുടെ ടെസ്റ്റോസ്റ്റിറോൺ നിലയെ പ്രതികൂലമായി ബാധിച്ചേക്കാം.

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ...

ഭക്ഷണ കാര്യങ്ങളിലും കാര്യമായ ശ്രദ്ധ നല്‍കണം. ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ ഏറ്റവും മികച്ചതാണ് വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ. വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള ഒരു പ്രധാന മത്സ്യമാണ്‌ സാല്‍മണ്‍ ഫിഷ്. വിപണിയില്‍ ലഭ്യമാകുന്ന ടിന്നില്‍ അടച്ചു സൂക്ഷിക്കുന്ന മീനുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. കൂണുകള്‍, ശുദ്ധമായ പാല്‍, മുട്ട, ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും എന്നിവയിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു.

നല്ല ഉറക്കം....

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ദിവസവും ഏഴ് മണിക്കൂറെങ്കിലും രാത്രിയില്‍ ഉറങ്ങേണ്ടത് നിര്‍ബന്ധമാണ്. രാത്രിയിൽ അഞ്ച് മണിക്കൂർ മാത്രം ഉറങ്ങുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവിൽ 15 ശതമാനം കുറവുണ്ടാക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ്; പ്രധാന കാരണമിതാണ് !...