പതിന്നാല് വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ അസാധാരണമായ പെരുമാറ്റങ്ങള്‍ വീട്ടുകാരെ അങ്ങേയറ്റം ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ അങ്ങനെയൊരാളെ കൗണ്‍സിലിംഗിലൂടെ ഭേദപ്പെടുത്താനാകുമോ? അതല്ലെങ്കില്‍ ഏതുതരം മാനസികരോഗവും കൗണ്‍സിലിംഗിലൂടെ മാറ്റാനാകുമോ? 

കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുന്ന കഥകളാണ് മനശാസ്ത്ര വിദഗ്ധര്‍ക്ക് പറയാനുള്ളത്. അടുത്തിരിക്കുന്ന മനുഷ്യന്റെ മനസ് പോലും നമുക്ക് അത്രമാത്രം അന്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കഥകള്‍!

അതുപോലൊരു അനുഭവകഥയെപ്പറ്റി വിശദീകരിക്കുകയാണ് പ്രമുഖ മനശാസ്ത്ര വിദഗ്ധനായ പ്രസാദ് അമോര്‍. സ്വന്തം അമ്മ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം, വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച മകന്‍. കാരണമില്ലാതെ മറ്റുള്ളവരെ മര്‍ദ്ദിക്കുക, സാധനങ്ങള്‍ തട്ടിപ്പറിക്കുക- അങ്ങനെ വിചിത്രമായ പെരുമാറ്റങ്ങളോടുകൂടിയ ഒരു കൗമാരക്കാരന്‍.

പതിന്നാല് വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ അസാധാരണമായ പെരുമാറ്റങ്ങള്‍ വീട്ടുകാരെ അങ്ങേയറ്റം ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ അങ്ങനെയൊരാളെ കൗണ്‍സിലിംഗിലൂടെ ഭേദപ്പെടുത്താനാകുമോ? അതല്ലെങ്കില്‍ ഏതുതരം മാനസികരോഗവും കൗണ്‍സിലിംഗിലൂടെ മാറ്റാനാകുമോ? 

പ്രസാദ് അമോര്‍ എഴുതിയ കുറിപ്പ് വായിക്കാം...

കൗണ്‍സിലിംഗ് കൊണ്ട് മനുഷ്യന്‍ നേരെയാകുമോ?

രാഹുല്‍. വയസ്സ്: 14 .കുറ്റം: സ്വന്തം മാതാവ് കുളിക്കുന്നതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. സഹപാഠിയെ കോമ്പസുകൊണ്ട് കുത്തി . യാതൊരു കാരണവുമില്ലാതെ മര്ദിക്കുക, സാധനങ്ങള്‍ പിടിച്ചുപറിക്കുക. രാഹുലിന്റെ പ്രവൃത്തികള്‍ വിചിത്രവും ക്രൂരവുമാണ്.ആരോടും അനുതാപമില്ല, ചെയ്തികളില്‍ കുറ്റബോധമില്ല.എല്ലാവരോടും അവന്‍ ദയാരഹിതമായി പെരുമാറുന്നു.

രാഹുലിന്റെ മാതാപിതാക്കള്‍ ഹതാശരായിരുന്നു. മാതാവ് പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. കുറ്റബോധത്തിന്റെ ഒരു വ്യസനച്ഛായയുണ്ട് അവരുടെ കണ്ണുകളില്‍ .

'എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു.വളര്‍ത്തുദോഷമാണത്രെ'

'വേണ്ടാത്ത ഒരു ഭ്രുണത്തെ പത്തുമാസം ഞാന്‍ ചുമക്കുകയായിരുന്നു'.

'എല്ലാം അമ്മയുടെ പിടിപ്പുകേടാണത്രെ .'
'അന്ത്യമില്ലാത്ത കുറ്റബോധം കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്'

'ഞങ്ങള്‍ നിരന്തരമായി അവനെ കൗണ്‍സിലിംഗിന് കൊണ്ടുപോയികൊണ്ടിരുന്നു. സൈക്കോളജിസ്റ്റുകളെയും സൈക്കിയാട്രിസ്റ്റുകളെയും മാറി മാറി കാണിച്ചുകൊണ്ടിരുന്നു. എല്ലാം വൃഥാവായി'.

രാഹുലിന്റെ മാതാവിന്റെ കണ്തടങ്ങള്‍ നീരിറങ്ങി ചീര്‍ത്തിട്ടുണ്ട്. കഴുത്തിന് ചുറ്റും വലിഞ്ഞു മുറുകിയ കരിവാളിപ്പുകള്‍. ഒരു ആത്മഹത്യ ശ്രമം നടത്തിയതിന്റെ ശേഷിപ്പുകളാണ് അതെല്ലാം.

അധ്യാപകരും, പോലീസ്‌കാരും, ചില കൗണ്‍സിലര്‍ മാരും എല്ലാം പറയുന്നത് വളര്‍ത്തു ദോഷം കൊണ്ടാണ് എന്റെ കുട്ടി മോശക്കാരനായത് എന്നാണ്. ശാസ്ത്രീയമായ പാരന്റിങ് രീതികൊണ്ട് അവന്റെ സാമൂഹ്യ വിരുദ്ധ സ്വഭാവങ്ങള്‍ മാറ്റാനാകും എന്നും പലരും ഉപദേശിച്ചു.ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്തു. തഥൈവ

യഥാര്‍ത്ഥത്തില്‍ ശിഥിലമായ കുടുംബ സാഹചര്യമോ, പ്രതികൂല ചുറ്റുപാടുകളോ അല്ല രാഹുലിന്റെ വികൃത പെരുമാറ്റങ്ങള്‍ രൂപപ്പെടുത്തുന്നത്. അവന്റെ മസ്തിഷ്‌ക വ്യവസ്ഥയിലെ പ്രത്യേയ്കതകളാണ്. മറ്റുള്ളവരുടെ വൈകാരികതകള്‍ മനസ്സിലാക്കി അനുതാപം പ്രകടിപ്പിക്കാനുള്ള മഷ്തിഷ്‌ക ശേഷി അവനിലില്ല. ഉള്‍കാഴ്ച സൃഷ്ടിക്കുന്ന ഭാഗം പ്രവര്‍ത്തനക്ഷമമല്ല. അവിടെ ഒരു കൗണ്‍സിലിംഗും വിലപോകുകയില്ല.

അതെ, മനുഷ്യരില്‍ ചിലര്‍ അങ്ങനെയാണ്. ആര്‍ക്കും അവരെ സാമൂഹികമാക്കാന്‍ കഴിയുകയില്ല. ബുദ്ധനും, യേശുക്രിസ്തുവെല്ലാം പരാജയപ്പെട്ട ഒരു മേഖലയാണിത്. മതങ്ങളും പുരോഹിതന്മാരുമെല്ലാം ഗുണദോഷിച്ചു ഉദ്ധരിക്കാന്‍ ശ്രമിക്കുന്നത് ഇത്തരം മനുഷ്യരെയാണ്. രണ്ടായിരത്തി അഞ്ചൂറില്‍പരം വര്‍ഷങ്ങളായി ഉദ്‌ബോധനകളും സന്മാര്‍ഗ്ഗ അനുചരണങ്ങളുമെല്ലാം ഘോഷിക്കുന്നു .എന്നിട്ടും ഒരു ജീവിയെന്ന നിലയില്‍ മനുഷ്യന്‍ പുരോഗമിച്ചിട്ടൊന്നുമില്ല. മനുഷ്യന്‍ എന്ന ജീവിയായി തുടരുക തന്നെയാണ്.

##മനഃശാസ്ത്രത്തിന്റെ പരിമിതികള്‍

മോട്ടിവേഷന്‍, വ്യക്തിത്വ വികസനം , ജീവിത വിജയം, ആരോഗ്യപരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ പോസ്റ്റുകളും വിഡിയോകളുമായി പ്രചാരണം നടത്തുന്ന ഗുരുക്കന്മാരും,പ്രചോദകരും, കൗണ്‍സിലര്‍ മാരുമുണ്ട് . മനുഷ്യ മനഃശാസ്ത്രത്തെക്കുറിച്ചും ജീവിത വിജയത്തിന്റെ പൊരുളിനെക്കുറിച്ചും സവിശേഷ ജ്ഞാനം ഉണ്ടെന്ന് അവകാശപെടുന്ന അവര്‍ എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവരോട് പറയാന്‍ വെമ്പി നടക്കുന്നവരാണ്. സോഷ്യല്‍ മീഡിയകളിലും, സിനിമകളിലും, ടെലിവിഷന്‍ പരിപാടികളിലുമെല്ലാം ചില മനുഷ്യരെ ദിവ്യന്മാരായും, പ്രഭാപരിവേഷമുള്ള അസാധാരണക്കാരായും ചിത്രീകരിക്കുന്നതുകാണാം.അതില്‍ ശാസ്ത്രം കൈകാര്യം ചെയ്യുന്നവരും,ചില മേഖലകളില്‍ സവിശേഷ അറിവുള്ളവരും, നാസ്തികരും ഉണ്ട്. അവരെല്ലാം ബിംബങ്ങളായി മാറുന്നു, ആദര്ശവല്ക്കരിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ബിംബങ്ങള്‍ പറയുന്ന വിവരങ്ങള്‍ തീര്‍ത്തും മോശമാണെന്ന അഭിപ്രായം എനിക്കില്ല. വൈകാരിക പ്രശനങ്ങള്‍ക്കു വൃഥാ പരിഹാരം തേടിനടക്കുന്നവര്‍, മാനസിക പീഡയോ അതിവിചിത്രചിന്തകളിലോ മുഴുക്കുന്നവര്‍, ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചോര്‍ത്തു അമ്പരന്നു നില്‍ക്കുന്നവരെല്ലാം ബിംബങ്ങളുടെ വാചോടാപത്തില്‍ പുളകിതരാകുന്നു .എന്നാല്‍ സോഷ്യല്‍ മീഡിയകളിലൂടെ മനുഷ്യമനഃശാസ്ത്രം എന്ന ഫ്രെയിം വര്‍ക്കില്‍ ലഭിക്കുന്ന വിവരങ്ങളില്‍ അധികപക്ഷവും അസംബന്ധങ്ങള്‍ തന്നെയാണെന്ന് പറയാതെ തരമില്ല.

ദര്ശനത്തിന്റെയും ആത്മനിഷ്ഠ വാദത്തിന്റെയും പിന്‍ബലത്തില്‍ വളര്‍ന്നുവന്ന മനഃശാസ്ത്രം എന്ന ശാഖ ഇന്നും നിരവധി വിശ്വാസപദ്ധതികളുടെ, മുഖ്യ കേന്ദ്രമാണ്. മനഃശാസ്ത്രം ബോധപൂര്‍വമായ അനുഭവങ്ങളെക്കുറിച്ചാണ് പഠിക്കേണ്ടത് . ഇന്ദ്രിയ സംവേദം, വികാരങ്ങള്‍, രൂപങ്ങള്‍ എന്നിവ അപഗ്രഥിച്ചു മനസ്സിന്റെ ഘടന കണ്ടെത്താന്‍ സാധ്യമാണെന്ന് വാദിച്ച ഘടനാ വാദികള്‍, മനസ് എങ്ങനെയാണ് പെരുമാറാന്‍ പഠിക്കുന്നത്, സ്വഭാവം രൂപപ്പെടുന്നത് വികാരം അനുഭവിക്കുന്നത് എല്ലാം എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ പഠിക്കണം എന്ന് പറയുന്ന ധര്‍മവാദികളും, ബാഹ്യമായ പെരുമാറ്റത്തെ നിരീക്ഷിച്ചു അളന്നു അതിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങള്‍ രൂപപെടുത്തണമെന്ന് പറയുന്ന പെരുമാറ്റവാദികളും എല്ലാം പറയുന്ന വിവരങ്ങളില്‍ അധികവും കുറെ വിശ്വാസപ്രമാണങ്ങളാണ് . ഇത്തരം ആശയവാദങ്ങളെല്ലാം തന്നെ മതവിശ്വാസങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നവയുമാണ്.ഇവിടെ മനഃശാസ്ത്രം ലോകത്തെക്കുറിച്ചുള്ള കുറെ ആശയമായി പരിണമിക്കുന്നു എന്നതാണ്. ആ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിധി പ്രഖ്യാപിക്കുകയാണ്.ഇത്തരം ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ സാമൂഹ്യ സാംസ്‌കാരിക വാര്‍പ്പ് മാതൃകകളുടെ ഒരു ചട്ടക്കൂടില്‍ നിന്ന് കൊണ്ട് മനുഷ്യ പ്രകൃതിയുടെ സ്വാഭാവികത നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ സാമൂഹ്യമായി അംഗീകരിച്ചിട്ടുള്ള പൊതു ബോധത്തില്‍ നിന്ന് വ്യതിചലിച്ചു ജീവിക്കുന്നവരെ ആ സാമൂഹ്യ പൊതുതത്വങ്ങളിലേയ്ക്ക് തിരിച്ചെത്തിക്കുന്ന പ്രചോദനങ്ങള്‍, ഉപദേശങ്ങള്‍ എല്ലാ മതവിശ്വാസത്തിന്റെതിന് സമാനമായ പരിണാമപരമായ രൂപങ്ങള്‍ മാത്രമാവുകയാണ്. ഇത്തരത്തിലുള്ള മനഃശാസ്ത്ര രീതികള്‍ പ്രതിലോമകരമാണ്.

യഥാര്‍ത്ഥത്തില്‍ ആധുനിക ന്യൂറോ സയന്‌സിന്റെയും, ജെനെറ്റിക് സയന്‌സിന്റെയും, ഇവല്യൂഷനറി സൈക്കോളജിയുടെയും അറിവുകളാണ് ആധുനിക സൈക്കോളജിയായി നിലനില്‍ക്കുന്നത്.
ഇതൊന്നും അറിയാതെ കുറെ വിശ്വാസപ്രമാണങ്ങളുമായി മനുഷ്യരെ ഉദ്ധരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ തങ്ങളുടെ ആത്മനിഷ്ഠ നിലപാടുകളില്‍ നിന്ന് ക്ലിനിക്കല്‍ ചേരുവകള്‍ നിര്‍മ്മിക്കുകയാണ്. അവ്യവസ്ഥയുള്ള മനുഷ്യരെ കൗണ്‍സിലിംഗിലൂടെയോ, സന്മാര്‍ഗ പരിശീലങ്ങളുലൂടെയോ സമുദ്ധരിക്കാന്‍ കഴിയുകയില്ല. വികസിപ്പിച്ചെടുത്ത നീതിന്യാ വ്യവസ്ഥകള്‍, നീതിനിര്‍വഹണ ഏജന്‍സികള്‍ തുടങ്ങിയവയുടെ ഫലപ്രദമായ പ്രവര്‍ത്തനമാണ് സമാധാനപരമായ ജീവിതം.ജീവിത സൗകര്യങ്ങളുടെ വികാസമാണ് ജീവിത ഗുണം സൃഷ്ടിക്കുന്നത്.

##മനുഷ്യര്‍ക്ക് വേണ്ടത് ഉപദേശങ്ങളോ?

ഉയര്‍ന്ന സസ്തനി ജീവികളുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ മാത്രം കാണുന്ന ചില സവിശേഷതകള്‍ മനുഷ്യ ജീവിയില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയാലും നിലനില്‍ക്കുന്നു- നിയോട്ടണി എന്ന പ്രതിഭാസം.നീണ്ട ശൈശവത്തിലൂടെ മനുഷ്യ സമൂഹം പകര്‍ന്നുകൊടുക്കുന്ന അതിജീവന അറിവാണ് മനുഷ്യരെ ജീവിശേഷിയുള്ളവരാക്കുന്നത്.എന്നാല്‍ കുട്ടിക്കാലത്തെ ഈ വിധേയത്വ പ്രത്യേയ്കതകള്‍ പ്രായപൂര്‍ത്തിയായിട്ടും മനുഷ്യരില്‍ നിലനിന്നു പോരുന്നു.

ബോധപൂര്‍വം അറിവ് നേടുന്നതിന്റെ ഭാഗമായി മനുഷ്യരില്‍ കയറിവന്ന ചില ചോദ്യങ്ങള്‍ അവരില്‍ സമസ്യകളുണ്ടാക്കി.ജീവിതത്തിന്റെ അര്‍ത്ഥമെന്ത്?എന്തുകൊണ്ട് മരിക്കുന്നു ? തുടങ്ങിയ ചോദ്യങ്ങള്‍ അമ്പരിപ്പിച്ച മനുഷ്യര്‍ ജീവിത നീഗൂഢതകള്‍ക്ക് ഉത്തരം നല്‍കുമെന്ന് അവകാശപ്പെട്ട വിശ്വാസ പദ്ധതികള്‍ മോഹനങ്ങളായി. മനുഷ്യരെയും പ്രകൃതിയെയും ക്കുറിച്ചുള്ള അന്വേഷണം ജീവിതകാലം മുഴുവന്‍ തുടരുമെങ്കിലും ഒരിക്കലും അന്തിമ നിഗമനത്തിലെത്തുന്നില്ല.അതിനാല്‍ സമഗ്ര പരിഹാരം പ്രഖ്യാപിക്കുന്ന വിശ്വാസ രൂപങ്ങള്‍ മനുഷ്യര്‍ക്ക് പ്രലോഭനീയമാണ്. അവിടെയാണ് ആശയവാദ മനഃശാസ്ത്ര ചേരുവകളുടെ സ്വരൂപണം നടക്കുന്നത്.

പതിനായിരക്കണക്കിന് സവല്‍ത്സരങ്ങളിലൂടെയുള്ള അതിജീവനത്തിന്റെ ഫലമായി മനുഷ്യ സമൂഹം ആര്‍ജ്ജിച്ചെടുത്ത അറിവുകള്‍ മനുഷ്യര്‍ മനസ്സിലാക്കുന്നത് മറ്റുമനുഷ്യരില്‍ നിന്നു തന്നെയാണ്. നമുക്ക് ചുറ്റും പതിനായിരക്കണക്കിന് വിഭവങ്ങളുണ്ട്. അവയില്‍ തന്നെ ഒരു ചെറിയ ശതമാനം മാത്രമേ നാം ഭക്ഷിക്കുന്നുള്ളു.ഏതെല്ലാം ഭഷ്യ യോഗ്യം -അയോഗ്യം എന്ന് നാം അറിഞ്ഞത് അതെല്ലാം മറ്റു മനുഷ്യര്‍ ഉപയോഗിച്ചപ്പോള്‍ അവര്‍ക്കു ഉണ്ടായ അനുഭവങ്ങളില്‍ നിന്നാണ്. ചിലവ ഭഷിച്ചപ്പോള്‍ മനുഷ്യര്‍ ചത്തുപോയി ചിലവ മനുഷ്യന്റെ വിശപ്പകറ്റി.ഒരു വ്യക്തിയുടെ അനുഭവങ്ങള്‍ സമൂഹത്തിലെ മറ്റു അംഗങ്ങള്‍ക്ക് വാക്കുകളിലൂടെയോ പ്രതീകങ്ങളിലൂടെയോ പകര്‍ന്നുകൊടുക്കാന്‍ കഴിയും.അവരുടെ അനുഭവങ്ങള്‍ അതേ രീതിയില്‍ നാം അവര്‍ത്തിക്കേണ്ടതില്ല . വിവരങ്ങളുടെ സംഭരണമുണ്ട് മനുഷ്യസമൂഹത്തിന്.മനുഷ്യരുടെ സഹസ്രാബ്ദങ്ങളായുള്ള ജീവിത പ്രക്രിയയുടെ ആകെത്തുകയാണിത് . മനുഷ്യന്റെ അറിവ് ഒരു വ്യക്തിയുടെയല്ല. മനുഷ്യ സമൂഹത്തിന്റേതാണ്.ജീവിത സൗകര്യങ്ങള്‍ വികസിച്ചുവന്നത് അതീജീവനത്തിന്റെ ഫലമായി നേടിയ അറിവുകളുടെ ഫലമാണ്. അതൊരിക്കലും ആത്മജ്ഞാനത്തിലൂടെ നേടിയതല്ല. ഒരു പ്രവാചകനും ഒന്നും കണ്ടുപിടിച്ചിട്ടില്ല.

പ്രകൃതി ശക്തികളെ നോക്കി സംഭീതമായി കഴിഞ്ഞിരുന്ന പ്രാകൃത ഭാവാദികള്‍ ഇന്നും മനുഷ്യനില്‍ അന്യമൊന്നുമല്ല. മനുഷ്യജീവികള്‍ ഇന്നും അന്ധാളിച്ചു നിന്ന് അഭയത്തിന് ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്. പരസ്പരം സഹായം കൊടുത്തു ജീവിക്കുന്ന മുന്തിയ സസ്തനിജീവികളായ നമുക്ക് നാഗരിക ജീവിതത്തിന്റെ വിഷമ സന്ധിയില്‍ ചില വഴിമുട്ടലുകള്‍ അനുഭവപ്പെടാം.അതാതുമേഖലകളില്‍ സവിശേഷ അറിവുള്ളവരുടെ വിവരങ്ങള്‍ പ്രശ്നപരിഹാരത്തിന് ഗുണം ചെയ്യും. ഇലെക്ട്രിഷ്യന്‍ തൊട്ട് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ വരെ നിരവധി ആളുകളുടെ സഹായം നമുക്ക് വേണ്ടിവരും. മനുഷ്യര്‍ പരസ്പരം സഹായിച്ചു ജീവിക്കുകയാണ്. അതില്‍ ജീവിതത്തിന്റെ ഉണ്മ പറഞ്ഞു നടക്കുന്നവരുടെ,ജീവിത വിജയത്തിനുള്ള നൂതന പഥങ്ങളും സ്വയം വികസിക്കാനുള്ള ആശയങ്ങളും ഉപദേശങ്ങളും വാഗ്ദാനം ചെയ്യുന്നവര്‍ ഒരിക്കലും ദൈനം ദിന ജീവിതമാതൃകളുടെ ചേരും പടികളാകുന്നില്ല.