Asianet News MalayalamAsianet News Malayalam

തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന വെള്ളത്തുള്ളികളിൽ ലക്ഷക്കണക്കിന് വൈറസുകൾ ഉണ്ടാവാം; കുറിപ്പ്

കൊവിഡിൽ നിന്ന് രക്ഷനേടാൻ നമ്മെ അപകടപ്പെടുത്താവുന്ന വസ്തുക്കൾ, സാഹചര്യങ്ങൾ ഒക്കെ ഒഴിവാക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പിപിഇ - പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് - ഏറ്റവും അവസാനത്തെ ആയുധമാണ്. നമ്മുടെ സുരക്ഷയ്ക്കായുള്ള ഏറ്റവും അവസാനത്തെ ലെയർ. കൊറോണ വൈറസിന്റെ കാര്യത്തിലും ഇത് ബാധകമാണ്. 

Rajeev Pattathil face book post about covid 19 and safety measures'
Author
Trivandrum, First Published May 4, 2021, 4:50 PM IST

കൊവിഡ്‌ 19 രണ്ടാം തരംഗം രാജ്യത്തുടനീളം ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ്. ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് കൂടുതല്‍ ആളുകളിലേക്ക് പകരുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റെെസർ ഉപയോ​ഗിക്കുക എന്നിവയാണ് കൊവിഡിനെ ചെറുക്കാൻ നാം ചെയ്തു വരുന്നത്. 

കൊവിഡിൽ നിന്ന് രക്ഷനേടാൻ നമ്മെ അപകടപ്പെടുത്താവുന്ന വസ്തുക്കൾ, സാഹചര്യങ്ങൾ ഒക്കെ ഒഴിവാക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പിപിഇ - പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് - ഏറ്റവും അവസാനത്തെ ആയുധമാണ്. നമ്മുടെ സുരക്ഷയ്ക്കായുള്ള ഏറ്റവും അവസാനത്തെ ലെയർ. കൊറോണ വൈറസിന്റെ കാര്യത്തിലും ഇത് ബാധകമാണ്.

മാസ്കുകൾ - അത് തുണി കൊണ്ടുള്ളതായാലും, എൻ-95 അല്ലെങ്കിൽ FFP3 ഗ്രേഡിലുള്ളതായാലും - നമ്മുടെ അവസാനത്തെ പ്രതിരോധകവചമാണ്. അവയൊന്നും തന്നെ 100% എഫക്റ്റീവുമല്ല. അപ്പോൾ  വൈറസ് നമ്മുടെ ശരീരത്തിനുളളിലേക്ക് കടക്കാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ഇതിൽ നിന്ന് രക്ഷനേടാനുള്ള ആദ്യപടിയെന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ (ടി.ഐ.എഫ്.ആർ) പ്രൊഫസറായ ഡോ. രാജീവ് പട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.  

ഡോ. രാജീവ് പട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...

റാൻഡം വാക്കും കൊറോണയും  
------------------------------------------------------------
സേഫ്റ്റിയിലെ പ്രാഥമിക പാഠം എന്താണെന്നറിയുമോ? അല്ല; പ്രൊട്ടക്ഷൻ  അല്ല. ഹസാർഡ്സ്  - അതായത് നമ്മെ അപകടപ്പെടുത്താവുന്ന വസ്തുക്കൾ, സാഹചര്യങ്ങൾ - ഒക്കെ ഒഴിവാക്കുക എന്നതാണ്. പിപിഇ - പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് - ഏറ്റവും അവസാനത്തെ ആയുധമാണ്. നമ്മുടെ സുരക്ഷക്കായുള്ള ഏറ്റവും അവസാനത്തെ ലെയർ. 
കൊറോണ വൈറസിന്റെ കാര്യത്തിലും ഇത് ബാധകമാണ്. മാസ്കുകൾ - അത് തുണി കൊണ്ടുള്ളതായാലും, എൻ-95 അല്ലെങ്കിൽ FFP3 ഗ്രേഡിലുള്ളതായാലും - നമ്മുടെ അവസാനത്തെ പ്രതിരോധകവചമാണ്. അവയൊന്നും തന്നെ 100% എഫക്റ്റീവുമല്ല. അപ്പോൾ  വൈറസ് നമ്മുടെ ശരീരത്തിനുളളിലേക്ക് കടക്കാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ഇതിൽ നിന്ന്  രക്ഷ നേടാനുള്ള ആദ്യപടി.
കോവിഡ് -19 ഒരു റെസ്പിറേറ്ററി ഡിസീസ് - അതായത് ശ്വസനവ്യവസ്ഥയിലൂടെ പകരുന്ന അസുഖമാണ്. ഏതൊക്കെ തരത്തിലാണ് ഇതുണ്ടാക്കുന്ന കൊറോണ വൈറസ് നമ്മുടെ ഉള്ളിലെത്തുന്നത് എന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷത്തെ  അപേക്ഷിച്ച് കൂടുതൽ വിവരങ്ങൾ നമുക്കുണ്ട്. ഉദാഹരണമായി സർഫസ് ട്രാൻസ്മിഷൻ വഴിയുള്ളതിനേക്കാൾ  - അതായത് വൈറസടങ്ങിയ ജലകണങ്ങളുള്ള വസ്തുക്കൾ സ്പർശിക്കുന്നതുവഴി - ഇത് പകരാൻ സാധ്യത കൂടുതലുള്ളത് വായുവിൽക്കൂടിയാണ്  എന്ന് ഈയിടെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 
എന്നു വെച്ച് സോപ്പിട്ട് കൈ കഴുകുന്നതോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതോ ഗ്ലൗസിടുന്നതോ കുറയ്ക്കണമെന്നല്ല പറയുന്നത്. മറ്റു ചില കാര്യങ്ങൾ കൂടി കൂടുതൽ ശ്രദ്ധിക്കണമെന്നാണ്.
വൈറസിന്റെ വ്യാപനത്തിന് പ്രധാന കാരണം ഉഛ്വാസവായുവിലുള്ള വൈറസടങ്ങിയ ജലകണങ്ങൾ നമ്മുടെ ശ്വസനവ്യവസ്ഥയിലെത്തുന്നതാണ്. ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ, എന്തിന് ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോൾപ്പോലും  പുറത്തുവരുന്ന വെള്ളത്തുള്ളികളിൽ ആയിരം മുതൽ ലക്ഷക്കണക്കിന് വൈറസുകൾ ഉണ്ടാവാം. ഇത് രണ്ടു തരത്തിൽ സംഭവിക്കാം - ഒന്ന്,  മില്ലിമീറ്ററോ അതിന്റെ ഒരംശമോ വലിപ്പമുള്ള തുള്ളികൾ വഴി; രണ്ട് ഏതാനും മൈക്രോൺ മാത്രം വലിപ്പമുള്ള ജലകണങ്ങൾ - എയറോസോൾസ്- വഴി. ഈ രണ്ടു താരത്തിൽപ്പെട്ടതും ഇതിനിടയിലുള്ളതുമായ ജലകണങ്ങൾ ഒരാളിൽ നിന്ന് പുറത്തുവരുമെന്നുള്ളതുകൊണ്ട് ഇതിലൂടെ എങ്ങനെയാണ് വൈറസ് പടരുന്നത് എന്നറിയേണ്ടത് ഇതിനെ പ്രതിരോധിക്കാൻ അത്യന്താപേക്ഷിതമാണ്. 
പക്ഷേ ഈ രണ്ടു തരത്തിലുള്ള ജലത്തുള്ളികളിലെ വൈറസുകളിൽ നിന്നും രക്ഷനേടാൻ ചെയ്യേണ്ടത് വ്യത്യസ്ത കാര്യങ്ങളാണ്. ഉദാഹരണമായി കൂടുതൽ വലിയ തുള്ളികൾ ഗ്രാവിറ്റി കാരണം അധിക ദൂരം സഞ്ചരിക്കില്ല. കണക്കുകളനുസരിച്ച് ഇവ സഞ്ചരിക്കുന്ന പരമാവധി ദൂരം രണ്ടു മീറ്ററാണ്. അതുകൊണ്ടാണ് സോഷ്യൽ ഡിസ്റ്റൻസിങ്ങിന് രണ്ടു മീറ്റർ അകലമെങ്കിലും വേണമെന്ന് പറയുന്നത്. ഇവ ശരീരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കാൻ ഏറ്റവും നല്ല വഴി രണ്ടുമീറ്ററെങ്കിലുമുള്ള ശാരീരിക അകലം പാലിക്കുകയാണ്. 
പക്ഷേ ഇതിലും ചെറിയ, അഞ്ചോ ആറോ മൈക്രോണുകൾ മാത്രം വലിപ്പമുള്ള എയറോസോൾസിനെ ഗ്രാവിറ്റി വലുതായൊന്നും ബാധിക്കില്ല. മാത്രവുമല്ല, ഇവ വായുവിലൂടെ തെന്നിത്തെന്നി ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോവുകയും ചെയ്യും - അഞ്ചോ ആറോ മീറ്റർ വരെയൊക്കെ. ഇവ സഞ്ചരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ആടിയാടി പല ദിശകളിലേക്കും വേച്ചുവേച്ചു നടന്ന് ബാറിൽ നിന്ന് കുടിയന്മാർ മുന്നേറുന്നതു പോലെയാണ് എയറോസോളുകളും വായുവിൽ നീങ്ങുന്നത്.  അടുത്ത സ്റ്റെപ്പ് എന്താകും എന്ന് കൃത്യമായി പറയാനാകാത്ത ഇത്തരം കാര്യങ്ങൾക്ക്  റാൻഡം വോക്  എന്നാണ് മാത്തമാറ്റിക്സിൽ പൊതുവേ പറയാറ്. അതിന്റെ ഒരു സ്‌പെഷ്യൽ കേസാണ് വായുവിലൂടെ തത്തിക്കളിച്ചു മുന്നേറുന്ന എയറോസോളുകളുടെ ഡിഫ്യൂഷൻ. ഉപ്പും പഞ്ചസാരയുമൊക്കെ വെള്ളത്തിലലിയുന്നതും ഇതേ രീതിയിലാണ്. പക്ഷേ  ബ്രൗണിയൻ മോഷൻ എന്ന ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പഠിച്ച ഒരാളെ നിങ്ങളറിയും -ആൽബർട്ട്  ഐൻസ്റ്റീൻ. ഐൻസ്റ്റീന്റെ പ്രസിദ്ധമായ അഞ്ചു പേപ്പറുകളിൽ ഒന്ന് ഈ ബ്രൗണിയൻ മോഷനെപ്പറ്റിയാണ്. 
ഈ ബ്രൗണിയൻ മോഷൻ കാരണം എയറോസോളുകൾ വായുവിൽ നാലോ അഞ്ചോ മണിക്കൂറുകൾ വരെ തങ്ങിനിൽക്കാം. ഇവ പതുക്കെ വായുവിൽ ഡിഫ്യൂസ്‌ ചെയ്യുന്നതുകൊണ്ട് സോഷ്യൽ ഡിസ്റ്റൻസിങ് ഇവയെ ശ്വസിക്കാനുള്ള സാധ്യതയിൽ കാര്യമായ വ്യത്യാസമൊന്നും വരുത്തുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കുന്നതെങ്ങനെയെന്ന ചോദ്യം പ്രധാനമാണ്. 
ഈ എയറോസോളുകൾ ഒരാളുടെ ശ്വസനവ്യവസ്ഥയിലെത്തി  ഒരാൾക്ക് ഇൻഫെക്ഷനുണ്ടാവാനുള്ള സാധ്യത തികച്ചും സ്റ്റാറ്റിസ്റ്റിക്കലാണ്. അതായത് ഇത് സാധ്യതകളെ/പ്രോബബിലിറ്റിയെ  അനുസരിച്ചുള്ളതാണ് എന്നർത്ഥം. പൊയ്‌സോൺ സ്റ്റാറ്റിസ്റ്റിക്സ് എന്നാണ് ഇതിന്റെ പേര്. ഒരു ഇവന്റിന്റെ റിസൾട്ട് വേറൊരു ഇവന്റിന്റെ സാധ്യതയെ ബാധിക്കാത്ത എല്ലാറ്റിലും  പൊയ്‌സോൺ സ്റ്റാറ്റിസ്റ്റിക്സ് ബാധകമാണ്. വീടിന് മുന്നിൽക്കൂടി ഒരു നിശ്ചിത സമയത്തിനുള്ളിൽ പോകുന്ന വാഹനങ്ങൾ, സഫയർ ഹോട്ടലിൽ ഒരു ദിവസം വിറ്റു പോവുന്ന ബിരിയാണി, അന്ത്രുമാന്റെ ചായക്കടയിലെ ചായഗ്ലാസ്സിൽ കണ്ടേക്കാവുന്ന ഈച്ചകളുടെ എണ്ണം - ഇതൊക്കെ പൊയ്‌സോൺ സ്റ്റാറ്റിസ്റ്റിക്സ് അനുസരിക്കുന്നവയാണ്. ഇതു  പ്രകാരം  ഒരു കോവിഡ് പോസിറ്റിവ് രോഗിയുള്ള ഒരു സ്ഥലത്തെ ഇൻഫെക്ഷൻ പ്രോബബിലിറ്റി പ്രധാനമായും രണ്ടു ഫാക്റ്ററുകൾക്കനുസരിച്ച് കൂടുന്നു (1) ആ റൂമിലെ ആളുകളുടെ ശ്വാസോഛ്വാസത്തിന്റെ റേറ്റ് (വലിയ ശാരീരികോദ്ധ്വാനമൊന്നുമില്ലെങ്കിൽ ഒരു മിനിറ്റിൽ ഏകദേശം 10 ലിറ്റർ  (2) ആ സ്ഥലത്ത് ചിലവഴിക്കുന്ന സമയം. അതായത് ശാസോഛ്വാസത്തിന്റെ വേഗത കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ (ആളുകൾ നിരന്തരം ഉറക്കെ സംസാരിക്കുന്ന സ്ഥലങ്ങൾ, ജിം  ഒക്കെ) ഒക്കെ എയ്‌റോസോളുകൾ വഴി ഇന്ഫെക്ഷനുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നർത്ഥം. 
അതേ സമയം ഈ പ്രോബബിലിറ്റിയെ കുറയ്ക്കുന്ന ഒരു ഫാക്ടറുണ്ട് - ഈ എയറോസോളുകളെ ക്രമേണ നീക്കം ചെയ്യുന്ന വായുസഞ്ചാരം അതായത് വെന്റിലേഷൻ. ഇതിനർത്ഥം തുറസ്സായ, ധാരാളം വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ എയറോസോളുകൾ വഴിയുള്ള ട്രാൻസ്മിഷൻ പ്രോബബിലിറ്റി കുറവായിരിക്കും. മറിച്ച്, അധികം വായുസഞ്ചാരമില്ലാത്ത, എയർകണ്ടീഷൻഡ് ആണെങ്കിലും ഫ്രഷ് എയർ മേക്ക് അപ്പ് ഇല്ലാത്ത കെട്ടിടങ്ങൾക്കുള്ളിലാണ് ഈ രീതിയിൽ വൈറസ് പടരാൻ ഏറ്റവും സാധ്യത കൂടുതൽ.  അതായത്, കെട്ടിടങ്ങൾക്കുള്ളിൽ വൈറസടങ്ങിയ എയറോസോളുകൾ നിറയുന്നതു തടയാൻ അവിടങ്ങളിലെ  വെന്റിലേഷൻ റേറ്റ് കൂട്ടുകയാണ് ഏറ്റവും നല്ല വഴി.  ജനലുകളെല്ലാം തുറന്നിട്ടാൽത്തന്നെ ഒരുവിധം വെന്റിലേഷൻ ലഭിക്കും. പക്ഷേ ജനലുകളടയ്ക്കുമ്പോൾ  കൃത്രിമമായ എയർ ഹാൻഡ്ലിങ് യൂണിറ്റുകൾ ഇതിന് ആവശ്യമാണ്. ജനലുകൾ തുറന്നിടാൻ പറ്റാത്ത സ്ഥലങ്ങളിൽ - ഉദാഹരണത്തിന് എയർ കണ്ടീഷൻ ചെയ്ത ലാബുകളിലും ആശുപത്രികളിലും ഓഫീസുകളിലും മറ്റും ഇത്തരം എയർ എക്സ്ചേഞ്ച് യൂണിറ്റുകൾ എയർ കണ്ടീഷനിംഗ് സിസ്റ്റത്തോട് ഘടിപ്പിക്കേണ്ടിവരും. പൊതുവേ ക്ളീൻ എയർ ആവശ്യമുള്ള ലാബുകളിലും ആശുപത്രികളിലും, വിമാനങ്ങളിലും  മറ്റും  എയർ എക്സ്ചേഞ്ച് യൂണിറ്റുകളും വായുവിനെ ക്ളീൻ ചെയ്യുന്ന ഹെപ്പാ ഫിൽറ്ററുകളും സാധാരണയാണെങ്കിലും ഇന്ത്യയിലെ മിക്ക  ഓഫീസ് എയർകണ്ടീഷനിംഗ് സിസ്റ്റങ്ങളിലും ഇവ കാണാറില്ല.  അതുകൊണ്ട് കഴിയുമെങ്കിൽ വായുസഞ്ചാരം കുറവായ സ്ഥലങ്ങളിലെ ആളുകളുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. 
ഒരു റൂമിലെ എയറോസോളുകളുടെ എണ്ണം നേരിട്ട് അളക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് നിശ്വാസവായുവിലൂടെ റൂമിൽ നിറയുന്ന  കാർബൺ ഡയോക്സൈഡിനെ അളക്കുകയാണ് ഒരു വഴി. റൂമിലെ CO2 level അളന്ന് അതിൽ നിന്ന് അതിനുള്ളിലെ  എയറോസോളുകളുടെ കോൺസെൻട്രേഷനും അതുവഴി ആ റൂമിൽ ഒരു നിശ്ചിത സമയം ചെലവഴിക്കുന്ന ഒരാൾക്ക് ഇൻഫെക്ഷനുണ്ടാവാനുള്ള പ്രോബബിലിറ്റി മോഡൽ ചെയ്യാൻ ഇന്ന് സാധ്യമാണ്. ഞാനുൾപ്പെടെ പലരും ചെയ്ത കാര്യമാണ്. ഞാനുണ്ടാക്കിയ ഒരു സിംപിൾ മോഡലാണ് യുകെയിലെ ഞങ്ങളുടെ ഓർഗനൈസേഷന്റെ പല ലാബുകളിലും ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതു തന്നെ കേംബ്രിഡ്ജ് സർവ്വകലാശാല കുറച്ചുകൂടി വിപുലമായി ഒരു ഓൺലൈൻ ടൂൾ ആയി വികസിപ്പിച്ചിട്ടുണ്ട്. അതിന്റെ ലിങ്ക് കമന്റിൽ കൊടുക്കുന്നു.   
അവസാനത്തെ ആയുധമാണെങ്കിലും ഇതിനോടൊപ്പം തന്നെ വളരെ കൃത്യമായി ചെയ്യേണ്ടതാണ് മാസ്കുകളുടെ ഉപയോഗം - പ്രത്യേകിച്ചും വായുസഞ്ചാരം കുറവായ സ്ഥലങ്ങളിൽ. ഈ എയറോസോളുകളെ നമ്മുടെ ശ്വസനവ്യവസ്ഥയിലേക്ക് കടക്കുന്നതിൽ നിന്ന് ഒരു പരിധിവരെ തടയാൻ മാസ്‌ക്കുകൾക്ക് കഴിയും.   ഒരു തരത്തിൽ പറഞ്ഞാൽ എയറോസോളുകളുടെ റാൻഡം വാക്ക്  മാസ്‌ക്കുകളുടെ ജോലി വളരെ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. ഈ ജലകണങ്ങളെ നേരിട്ട് തടയാൻ തക്കവണ്ണമുള്ള ഇഴയടുപ്പമില്ലെങ്കിലും നേർരേഖയിൽ സഞ്ചരിക്കാത്ത ചെറിയ ജലകണങ്ങൾ  രണ്ടോ മൂന്നോ ലേയറുകളുള്ള മാസ്കുകളിൽ കുടുങ്ങാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതായത് കൊതുകു കടക്കാതിരിക്കാൻ കമ്പിവേലി കെട്ടുന്നപോലെയല്ലെന്ന് സാരം. സാധാരണ തുണി കൊണ്ടുണ്ടാക്കുന്ന മാസ്കുകൾ പോലും എയറോസോളുകളെ 30 മുതൽ 50 ശതമാനം വരെ തടഞ്ഞു നിർത്താൻ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്.  സിൽക്ക്, ഷിഫോൺ തുടങ്ങിയ തുണികളിൽ ഇലക്ട്രോസ്റ്റാറ്റിക്ക് ഫിൽറ്ററേഷൻ -ബലൂണിൽ കൈയുരസിയാൽ രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്ന അതേ പ്രതിഭാസം - കൂടിയുള്ളതിനാൽ അവ ചില കണങ്ങളെ കൂടുതൽ ഫിൽറ്റർ ചെയ്യുമെന്നും പഠനങ്ങളുണ്ട്. കോവിഡ് രോഗികളുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ N-95/FFP3 മാസ്കുകൾ, നമുക്ക് കൃത്യമായി പരിചയമില്ലാത്ത ആളുകൾ ഉള്ള സ്ഥലങ്ങളിൽ  സർജിക്കൽ മാസ്ക്, വളരെ അടുത്ത് പരിചയമുള്ള, കോവിഡ് പോസിറ്റിവ് അല്ലെന്ന് മിക്കവാറും ഉറപ്പുള്ള ആളുകൾ മാത്രമുള്ള സ്ഥലങ്ങളിൽ തുണികൊണ്ടുള്ള മാസ്ക് - ഇങ്ങനെ ഉപയോഗിക്കുകയായിരിക്കും നല്ലത്. പല സാഹചര്യങ്ങളും  ഒരേ ദിവസം തന്നെ കൈകാര്യം ചെയ്യേണ്ടി വരുന്നവർ ഡബിൾ മാസ്കിങ്ങ് ചെയ്യുന്നതും നന്നായിരിക്കും. അതായത് സർജ്ജിക്കൽ മാസ്ക് ഉള്ളിലും തുണികൊണ്ടുള്ളത് പുറത്തും. പുറത്തുപോയി ജോലി ചെയ്യുന്ന ധാരാളം ആളുകളുള്ള വീടുകളിൽ വീട്ടിനുള്ളിൽപ്പോലും മാസ്കിടുന്നതിനെപ്പറ്റിയും ആലോചിക്കേണ്ടതാണ്. 
ആദ്യം പറഞ്ഞപോലെ മാസ്ക് ഉൾപ്പെടെയുള്ള പിപിഇ വൈറസ് പ്രതിരോധത്തിന്റെ അവസാന ലെയറാണ്. വൈറസ് പകരാനുള്ള സാഹചര്യങ്ങൾ കഴിയുന്നത്ര ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.  അതുകൊണ്ട് ഇലക്ഷൻ സമയത്തു കാണിച്ച ആവേശം ഞായറാഴ്ച വീട്ടിലിരുന്നു മാത്രം കാണിക്കുകയാവും നല്ലത്. പുറത്തിറങ്ങിയാൽത്തന്നെ കൂട്ടം കൂടാതിരിക്കുക; മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കുക. (ആരധികാരത്തിൽ വന്നാലും ഭരണമേറ്റുവാങ്ങാൻ ജീവൻ ബാക്കിയുണ്ടാവണമല്ലോ...)

 

റാൻഡം വാക്കും കൊറോണയും ------------------------------------------------------------ സേഫ്റ്റിയിലെ പ്രാഥമിക പാഠം...

Posted by Rajeev Pattathil on Friday, 30 April 2021
Follow Us:
Download App:
  • android
  • ios