Asianet News MalayalamAsianet News Malayalam

വയറ്റില്‍ താനെ ബിയര്‍ ഉത്പാദിപ്പിക്കുന്ന രോഗം; ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം!

വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലെ പൊതുനിരത്തില്‍ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിന് നാല്‍പത്തിയൊന്നുകാരനായ ഒരാള്‍ അറസ്റ്റിലായി. രക്തപരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിടിയിലായ മനുഷ്യന്‍ താന്‍ മദ്യപിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഈ വാദഗതികളൊന്നും പൊലീസോ ഡോക്ടര്‍മാരോ വിശ്വസിച്ചില്ല

rarest condition in which beer produced inside human stomach itself
Author
USA, First Published Oct 21, 2019, 9:11 PM IST

വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലെ പൊതുനിരത്തില്‍ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിന് നാല്‍പത്തിയൊന്നുകാരനായ ഒരാള്‍ അറസ്റ്റിലായി. രക്തപരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിടിയിലായ മനുഷ്യന്‍ താന്‍ മദ്യപിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഈ വാദഗതികളൊന്നും പൊലീസോ ഡോക്ടര്‍മാരോ വിശ്വസിച്ചില്ല. 

പിന്നീട് ഇതൊരു പതിവ് സംഭവമായി തുടര്‍ന്നു. പലപ്പോഴും അദ്ദേഹം പൊലീസുകാരുടെ പിടിയിലാവുകയും പിഴയടയ്ക്കുകയും ചെയ്തുപോന്നു. മദ്യപിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ അക്കാര്യം വീട്ടുകാര്‍ പോലും ചെവിക്കൊള്ളാതായി. 

എപ്പോഴും ക്ഷീണവും തലകറക്കവും അനുഭവപ്പെടുക കൂടി ചെയ്തപ്പോള്‍ അദ്ദേഹം ഒരു ഡോക്ടറെ കണ്ടു. എന്നാല്‍ അവിടെ നിന്ന് കിട്ടിയ റിപ്പോര്‍ട്ടിലും മദ്യപിച്ചിരുന്നുവെന്നാണ് സാക്ഷ്യപ്പെടുത്തല്‍. കടുത്ത മദ്യപാനത്തെ തുടര്‍ന്നുള്ള വിഷാദമാണ് അയാളുടെ പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

2014-15 കാലഘട്ടങ്ങളിലായിരുന്നു ഈ സംഭവങ്ങളത്രയും നടന്നത്. ഒന്നര വര്‍ഷം കൂടി ആ മനുഷ്യന്‍ ഡോക്ടര്‍മാരുമായും വീട്ടുകാരുമായുമെല്ലാം നിരന്തരം വഴക്കടിക്കുകയും നിരാശയിലാവുകയും ചെയ്തു. ഒടുവില്‍ 2017ല്‍ വിദഗ്ധരായ ഒരുകൂട്ടം ഡോക്ടര്‍മാര്‍ അത് കണ്ടെത്തി. 'ഓട്ടോ ബ്ര്യൂവെറി സിന്‍ഡ്രോം' (എബിഎസ്) എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അവസ്ഥയാണ് അദ്ദേഹത്തിനുള്ളത്. 

അതായത്, ഭക്ഷണത്തിലൂടെ അകത്തെത്തുന്ന കാര്‍ബോഹൈഡ്രേറ്റ് കുടലില്‍ വച്ച് രാസവ്യതിയാനത്തിന് വിധേയമായി ആല്‍ക്കഹോളാകുന്നു. ഇത് രക്തത്തില്‍ കലരുകയും ചെയ്യുന്ന അവസ്ഥ. 2011ല്‍ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം കഴിച്ച മരുന്നുകളാണത്രേ ഇദ്ദേഹത്തിന് തിരിച്ചടിയായത്. കുടലില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ അളവില്‍ ഈ മരുന്നുകള്‍ വലിയ അസന്തുലിതാവസ്ഥയുണ്ടാക്കി. തുടര്‍ന്ന് ഇവ വയറ്റിലെത്തുന്ന കാര്‍ബോഹൈഡ്രേറ്റിനെ ആല്‍ക്കഹോളാക്കി മാറ്റിത്തുടങ്ങി. 

ധാന്യങ്ങളില്‍ നിന്ന് ബിയര്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്ന ഒരുതരം ഈസ്റ്റ് ആണ് സംഗതി. ഇത് ജൈവികമായിത്തന്നെ കുടലില്‍ ഉണ്ടായാല്‍ എങ്ങനെയിരിക്കും! കാര്‍ബോഹൈഡ്രേറ്റടങ്ങിയ എന്ത് കഴിച്ചാലും വൈകാതെ ബിയര്‍ കുടിച്ച പ്രതീതി തന്നെ. എന്നാല്‍ വര്‍ഷങ്ങളോളം ഇത് തുടര്‍ന്നത് മൂലം അനാരോഗ്യവും ഓര്‍മ്മക്കുറവുമെല്ലാം അദ്ദേഹത്തില്‍ വന്നുചേര്‍ന്നിരുന്നു. 

അങ്ങനെ കുടലിലെ സൂക്ഷമാണുക്കളുടെ അളവ് കൃത്യമാക്കാനും, ഫംഗസിനെ ഒഴിവാക്കാനുമെല്ലാമുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ നല്‍കിത്തുടങ്ങി. ഇതിനോടൊപ്പം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം നല്ലരീതിയില്‍ നിയന്ത്രിച്ചുപോന്നു. രണ്ടുവര്‍ഷത്തെ ഈ പരിശ്രമം ഇപ്പോള്‍ ഏറെക്കുറെ വിജയം കണ്ടിരിക്കുന്നുവെന്നാണ് ന്യൂയോര്‍ക്കിലെ 'റിച്ച്മണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററി'ലെ ഉദരരോഗ വിദഗ്ധര്‍ അവകാശപ്പെടുന്നത്. 

'സാധാരണ നമ്മുടെയെല്ലാം കുടലില്‍ കാണപ്പെടുന്ന ഫംഗസ് തന്നെയാണ്. പക്ഷേ അദ്ദേഹത്തിന്റെയുള്ളില്‍ അവ ക്രമാതീതമായി വര്‍ധിച്ചുവന്നു. കുടലുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില അസുഖങ്ങളുടെ ഭാഗമായാണ് ഇത് കാണപ്പെടാറ്. എന്നാല്‍ ഈ കേസില്‍ സ്ഥിതി വ്യത്യസ്തമാണ്. മരുന്നുകളാണ് ഇദ്ദേഹത്തില്‍ ഈ അവസ്ഥയുണ്ടാക്കിയിരിക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് തന്നെ ഈ സംഭവത്തെ വിളിക്കാം. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ലോകത്താകെയും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അഞ്ച് കേസുകള്‍ മാത്രമാണ്. ഈ കേസ് പഠനത്തിനായി എടുക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ തീരുമാനം...'- റിച്ച്മണ്ട് യൂണിവേഴ്‌സിറ്റിയിലെ ഗ്യാസട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ഫഹദ് മാലിക് പറയുന്നു. 

താന്‍ മദ്യപിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ അത് ആരും വിശ്വസിക്കാതായത് ചെറുതല്ലാത്ത രീതിയില്‍ രോഗിയുടെ മാനസികാവസ്ഥയെ ബാധിച്ചിരുന്നുവെന്നും എന്നാലിപ്പോള്‍ ശാരീരികമായും മാനസികമായും അദ്ദേഹം ഏറെ ഭേദപ്പെട്ട അവസ്ഥയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios