ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദനയാണ് ഒരു ലക്ഷണം.
സന്ധിയെ ബാധിക്കുന്ന നീർക്കെട്ടായ ആർത്രൈറ്റിസ് അഥവാ സന്ധിവാതം ശൈത്യകാലത്ത് മൂര്‍ച്ഛിക്കാന്‍ സാധ്യത ഏറെയാണ്. ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദനയാണ് ഒരു ലക്ഷണം. കൂടാതെ സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, തൊലിയിൽ പാടുകൾ, നടുവേദന, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്.
തണുപ്പുകാലത്തെ ഈ സന്ധിവാതത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. അതിനായി ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക.
രണ്ട്...
ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞൾ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തിന്‍റെ വിഷമതകളെ നിയന്ത്രിക്കും. അതിനാല്‍ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയോ, മഞ്ഞള്‍ പാല്‍ കുടിക്കുകയോ ചെയ്യാം.
മൂന്ന്...
ആർത്രൈറ്റിസ് വേദനയിൽ നിന്ന് ആശ്വാസം നൽകുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഇഞ്ചിയിലുണ്ട്. അതിനാല്‍ നിങ്ങളുടെ ഡയറ്റില്‍ ഇഞ്ചി ചേർക്കാം. അല്ലെങ്കില്‍, ഇഞ്ചി ചായ കുടിക്കാം.
നാല്...
ആവണക്കെണ്ണ പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നൽകുകയും ചലനശേഷി മെച്ചപ്പെടുത്തുകയും ചെയ്യും.
അഞ്ച്...
വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'ഡയാലില്‍ ഡൈസള്‍ഫൈഡ്' എന്ന ഘടകം സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കും. അതിനാല്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്...
തണുപ്പ് അധികം ബാധിക്കാതിരിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കിടക്കുക. ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കുന്നതാണ് നല്ലത്.
ഏഴ്...
രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ടു തന്നെ കൈകളിലേയും കാലിലേയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രെച്ചിങ് വ്യായാമം ചെയ്യാം.
എട്ട്...
എഴുന്നേൽക്കുമ്പോഴേ ചെറുചൂടൂള്ള സോപ്പുവെള്ളത്തിൽ കൈ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും.
Also read: ദിവസവും ഫ്‌ളാക്‌സ് സീഡ് കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...
