കാലം മാറുന്നതിന് അനുസരിച്ച് മനുഷ്യരില്‍ ശാരീരികവും മാനസികവുമായ വ്യതിയാനങ്ങള്‍ സംഭവിക്കും. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാരണങ്ങള്‍ പലതാകാം. മാറിവരുന്ന ഭക്ഷണരീതി, തൊഴില്‍, ശീലങ്ങള്‍, കാലാവസ്ഥ- അങ്ങനെ ഏതുമാകാം ഈ ഘടകങ്ങളെ നിശ്ചയിക്കുന്നത്

കാലം മാറുന്നതിന് അനുസരിച്ച് മനുഷ്യരില്‍ ശാരീരികവും മാനസികവുമായ വ്യതിയാനങ്ങള്‍ സംഭവിക്കും. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാരണങ്ങള്‍ പലതാകാം. മാറിവരുന്ന ഭക്ഷണരീതി, തൊഴില്‍, ശീലങ്ങള്‍, കാലാവസ്ഥ- അങ്ങനെ ഏതുമാകാം ഈ ഘടകങ്ങളെ നിശ്ചയിക്കുന്നത്. 

അത്തരത്തില്‍ മനുഷ്യരില്‍ കണ്ടുവരുന്ന ഒരു മാറ്റത്തെ കുറിച്ച് പ്രതിപാദിക്കുകയാണ് ഇസ്രയേലില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍. പാശ്ചാത്യരാജ്യങ്ങളിലെ പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറഞ്ഞുവരുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. പാശ്ചാത്യരാജ്യങ്ങളില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള പുരുഷന്മാരിലും ബീജോത്പാദനം കുറഞ്ഞുവരുന്നുവെന്ന് ഇവരുടെ പഠനം ചൂണ്ടിക്കാട്ടുന്നു. 

പല രാജ്യങ്ങളില്‍ നിന്നുമായി ശേഖരിച്ച 7,500 സാമ്പിളുകളില്‍ നടത്തിയ വിവിധ പരിശോധനകളുടേയും പരീക്ഷണങ്ങളുടേയും ഒടുവിലാണ് ഗവേഷകര്‍ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പുരുഷവന്ധ്യതയിലേക്ക് മാത്രമല്ല തങ്ങളുടെ പഠനഫലം വിരല്‍ചൂണ്ടുന്നതെന്നും മറിച്ച് പുരുഷന്റെ ആകെ ആരോഗ്യത്തിലുണ്ടാകുന്ന പ്രതികൂലമായ മാറ്റങ്ങള്‍ കൂടിയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. 

കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനുള്ളില്‍ നടന്ന മാറ്റത്തെ കുറിച്ചാണ് പഠനം. അപ്പോള്‍ നാല്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് എന്താണ് സംഭവിച്ചതെന്ന ചോദ്യമുയര്‍ന്നേക്കാം. അതിനും പഠനസംഘത്തിലെ ഗവേഷകര്‍ക്ക് ഉത്തരമുണ്ട്. 

ഗവേഷകര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങളിലേക്ക്...

ആദ്യം സൂചിപ്പിച്ചത് പോലെ മനുഷ്യന്റെ ചുറ്റുപാടുകളിലും ജീവിതരീതികളിലും വന്ന വ്യതിയാനങ്ങള്‍ തന്നെയാണ് ഈ അപകടകരമായ അവസ്ഥയിലേക്കും നമ്മെ നയിക്കുന്നത്. പരിസ്ഥിതിയിലുണ്ടായ മാറ്റം, ഭക്ഷണരീതി, ജീവിതരീതി- എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് ഗവേഷകര്‍ പ്രധാനമായും കാരണങ്ങള്‍ നിരത്തുന്നത്. 

രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗവും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ഗണ്യമായി കൂടിയത്. അത്തരം പദാര്‍ത്ഥങ്ങള്‍ ശരീരത്തിനകത്ത് ക്രമേണ ഉണ്ടാക്കിയ മാറ്റങ്ങള്‍- ഇവയെല്ലാം ഗവേഷകര്‍ സസൂക്ഷമം തങ്ങളുടെ പഠനറിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. നമ്മുടെ ഹോര്‍മോണ്‍ സിസ്റ്റത്തേയും പ്രതിരോധവ്യവസ്ഥയേയും ഇത് ബാധിച്ചുവത്രേ. തന്മൂലം, ലൈംഗികതയും പ്രത്യത്പാദനശേഷിയും രോഗപ്രതിരോധ ശേഷിയുമെല്ലാം പലതരം സങ്കീര്‍ണ്ണതകള്‍ നേരിടുന്നു. 

കൃത്രിമമായ മധുരവും അമിതമായ കൊഴുപ്പുമടങ്ങിയ ഭക്ഷണവും ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു. അതോടൊപ്പം ശരീരം അനങ്ങിയുള്ള ജോലികള്‍ കുറഞ്ഞുവരുന്നതും വലിയ തിരിച്ചടിയാകുന്നു. ബീജത്തിന്റെ അളവ് കുറയുന്നുവെന്ന് മാത്രമല്ല, അതില്‍ ജനിതകമായ തകരാറുകള്‍ കൂടുകയും ചെയ്തതായി പഠനം വിശദീകരിക്കുന്നുണ്ട്. അതായത്, ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങളോടെ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ഇത് സാധ്യതയേറ്റുന്നു. 

പുരുഷന്മാര്‍ ചെയ്യേണ്ടത്...

നമ്മള്‍ നേരിടുന്ന പല പ്രശ്‌നങ്ങളേയും നമുക്ക് അതിജീവിക്കാന്‍ കഴിഞ്ഞേക്കില്ല. ഉദാഹരണത്തിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം, ജോലിയുടെ സ്വഭാവം എന്നിങ്ങനെയുള്ള വിഷയങ്ങള്‍. എന്നാല്‍ നമുക്ക് ചെയ്യാവുന്ന ചിലതുണ്ട്. അത് ഒരു പരിധി വരെ വന്ധ്യതയില്‍ നിന്നും മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തിയേക്കാം.

ആരോഗ്യകരമായ ഡയറ്റാണ് ഇതില്‍ പ്രധാനം. നേരത്തേ സൂചിപ്പിച്ചത് പോലെ കൃത്രിമ മധുരവും, ജങ്ക് ഫുഡുമെല്ലാം പരമാവധി ഒഴിവാക്കാം. ധാരാളം ഇലക്കറികളും പച്ചക്കറികളും പഴങ്ങളും പ്രോട്ടീന്‍ സമ്പുഷ്മായ ഭക്ഷണവുമെല്ലാം ഡയറ്റിലുള്‍പ്പെടുത്താം. അതിനൊപ്പം തന്നെ അമിതവണ്ണവും ശരീരത്തില്‍ കൊഴുപ്പടിയുന്നതും തടയണം. ഇതിന് കൃത്യമായ വ്യായാമം ആകാം. 

ഇത്തരത്തില്‍ ശാരീരികമായി ഫിറ്റ് ആകുന്നതിനൊപ്പം തന്നെ മാനസികമായ ഉല്ലാസവും പ്രധാനമാണെന്നത് മറക്കരുത്. അതിനാല്‍ മാനസികാരോഗ്യത്തിനും അല്‍പം പ്രാധാന്യം നല്‍കുന്ന തരത്തില്‍ ജീവിതത്തെ ക്രമീകരിച്ച് മുന്നോട്ടുപോവുക.