വനിതാ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണ്ണയത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം മറികടക്കാൻ കേന്ദ്രം പുതിയ നീക്കം നടത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം ലോക്സഭാ സീറ്റുകൾ വർദ്ധിപ്പിക്കാമെന്ന വാഗ്ദാനമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. ഈ നിർദ്ദേശം ബില്ലിൽ ഉൾപ്പെടുത്തിയാൽ ആലോചിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്

ദില്ലി: വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം മറികടക്കാൻ അനുനയ കാർഡിറക്കാൻ കേന്ദ്ര സർക്കാർ. സെൻസസ് അനുസരിച്ചുള്ള മണ്ഡല പുനർനിർണ്ണയമെന്ന പ്രധാന വെല്ലുവിളി മറികടക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇതിന്‍റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ കൂട്ടിയുള്ള അനുനയമാണ് സർക്കാർ പരിഗണിക്കുന്നത്. സംസ്ഥാനങ്ങൾക്കെല്ലാം 50 ശതമാനം സീറ്റ് കൂട്ടാമെന്ന ഉറപ്പ് സർക്കാർ ലോക്സഭയിൽ നൽകിയേക്കുമെന്നാണ് വിവരം. നിലവിലെ ബില്ലിൽ ഇതുണ്ടായിരുന്നല്ല. ബില്ലിൽ ഇക്കാര്യം ഉൾപ്പെടുത്തിയാൽ മാത്രം പ്രതിപക്ഷം പരിഗണിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. സെൻസസ് മാത്രം മാനദണ്ഡമാക്കിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ തോതിൽ സീറ്റ് കൂടുകയും മറ്റിടങ്ങളിൽ കാര്യമായ വർധനവുണ്ടാകില്ലെന്നതുമാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന വിമർശനം. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാർട്ടികളും ഇതിനകം തന്നെ മണ്ഡല പുനർനിർണയ നീക്കത്തിനോട് വലിയ എതിർപ്പ് ഉയർത്തിക്കഴിഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ഇന്ന് ചേർന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലും മണ്ഡല പുനർനിർണയ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നിലവിലെ ബില്ലിനെ എതിർക്കുമെന്ന് ഇന്ത്യ സഖ്യം

വനിതാ സംവരണത്തിന്‍റെ പേരിൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലെ തീരുമാനം. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, മണ്ഡല പുനർനിർണ്ണയവുമായി അതിനെ ബന്ധിപ്പിക്കുന്ന സർക്കാർ രീതി രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണഘടനാ ഭേദഗതിയെ സഭയിൽ ശക്തമായി നേരിടുമെന്നും ഖർഗെ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, നീലോത്പൽ ബസു, ആനി രാജ, ഒമർ അബ്‌ദുള്ള, ടി ആ‌ർ ബാലു, ജോസ് കെ മാണി, എൻ കെ പ്രേമചന്ദ്രൻ തുടങ്ങി പ്രമുഖ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു. ബില്ലുകളെ എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തീരുമാനം. 543 എന്ന നിലവിലെ സീറ്റ് സംഖ്യ നിലനിർത്തിക്കൊണ്ടുതന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ബി ജെ പിയുടെ ദുഷ്ടലാക്കാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് എൻ കെ പ്രേമചന്ദ്രനും, ഇത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. മണ്ഡല പുനർനിർണ്ണയത്തിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിത പ്രാധാന്യം നൽകാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഡി എം കെയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ അറിയിച്ചു.