പനിയും ചുമയും തൊണ്ടവേദനയും വന്നാൽ ആൾക്കൂട്ടത്തിൽ പോകില്ലെന്ന് ഉറപ്പ് കൊടുക്കാൻ കഴിയുമോ? കുറിപ്പ് വായിക്കാം
ആശുപത്രിയിൽ കിടക്കുന്ന ബന്ധുക്കളെ ഒരു പൊതി ഓറഞ്ചുമായി കാണാൻ പോയില്ലെങ്കിൽ അവർ എന്തു വിചാരിക്കും, ഭാവിയിൽ എനിക്കൊരു അസുഖം വന്നാൽ അവരും വരേണ്ടതല്ലേ എന്ന ഉദാത്ത മനോഭാവം നമ്മൾ ഉപേക്ഷിക്കുമോ?

നിപയുടെ ഭീതിയിലാണ് കേരളം ഇപ്പോഴും. കോഴിക്കോട് ജില്ലയിലെ നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നുവെന്ന സൂചന ആശ്വാസം നൽകുന്ന ഒന്നാണ്. നിപ പ്രതിരോധ നടപടികളുടെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരുന്നു. പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.
നിപ വന്നതോടെ പലരും പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്നു. നിപ്പയെ നേരിടാൻ കണ്ടയിൻമെന്റ് സോണുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ശരിക്കും ഇതിന്റെ ആവശ്യമുണ്ടോ?. ഇത് ആളുകകളിൽ ഭയം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. നിപയെ കുറിച്ച് ഷമീർ വികെ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.
നിപ കൊവിഡിനെ പോലെ പടർന്നു പന്തലിച്ചു പോവില്ല. ലക്ഷണം ഇല്ലാത്തവർ പകർത്തില്ല. വളരെ അടുത്ത് സമ്പർക്കത്തിൽ വരുന്നവർക്കേ പകരൂ. ഈ കാരണങ്ങൾ കൊണ്ടൊക്കെ നിപ്പ കൊവിഡിനെക്കാൾ പിടിച്ചു കെട്ടാൻ എളുപ്പമാണെന്ന് ഷമീർ കുറിച്ചു. പനിയും ചുമയും തൊണ്ടവേദനയും വന്നാൽ ആൾക്കൂട്ടത്തിൽ പോകില്ലെന്ന് ഉറപ്പ് കൊടുക്കാൻ നമുക്ക് കഴിയുമോ? എന്നും അദ്ദേഹം കുറിപ്പിൽ ചോദിക്കുന്നു.
ഷമീർ വികെ പങ്കുവച്ച പോസ്റ്റിന്റെ പൂർണ്ണരൂപം താഴേ ചേർക്കുന്നു...
നിപ്പ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് ഐ സി യു വിൽ കിടക്കുന്നു. തിങ്ങി നിറഞ്ഞിരിക്കുന്ന ഐ സി യു വിൽ എല്ലാവർക്കും നിപ്പ. ആവശ്യത്തിന് സ്റ്റാഫില്ല. ഉള്ള ആരോഗ്യപ്രവർത്തകർ ചികിത്സ എത്തിക്കാൻ വേണ്ടി പരക്കം പായുന്നു. സ്വന്തം ക്ഷീണം വക വെക്കാതെ എൻഡോട്രക്കിയൽ ട്യൂബുകളും എടുത്ത് കട്ടിലിൽ നിന്ന് എണീക്കുന്നു. ഓരോരുത്തർക്കായി ട്യൂബുകളിട്ട് വെന്റിലേറ്ററിൽ കണക്ട് ചെയ്തു കൊണ്ടിരിക്കുന്നു. അവസാനത്തെ രോഗിക്കും ട്യൂബിട്ട ശേഷം അവിടെ കുഴഞ്ഞു വീഴുന്നു.
ഞങ്ങളുടെ ഒരു പി ജി വിദ്യാർഥി കഴിഞ്ഞ ദിവസം കണ്ട സ്വപ്നമാണ്. ഉറക്കത്തിൽ മാത്രമല്ല ഉണർന്നിരിക്കുമ്പോഴും ഇത്തരം രംഗങ്ങൾ ഭാവനയിൽ കാണുന്നവർ ജൂനിയർ ഡോക്ടർമാരിലും നഴ്‌സുമാരിലും ഐസൊലേഷനിലെ മറ്റു സ്റ്റാഫിലും അത്ര കുറവല്ല. ഇവരുടെ ഭയം കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത് കൊണ്ടോ സ്‌കൂളിന് അവധി കൊടുത്തതോ കൊണ്ട് ഉണ്ടായതല്ല. ഈ രോഗത്തെ കുറിച്ചു വായിച്ചു കിട്ടിയ അറിവിൽ നിന്നാണ്. ഈ വഴിയിലൂടെ മുൻപേ നടന്നവർ പറഞ്ഞു കേട്ട അനുഭവങ്ങളിൽ നിന്നാണ്.
നിപ്പയെ നേരിടാൻ കണ്ടയിൻമെന്റ് വേണോ സ്കൂൾ അടക്കണോ, ആളുകളെ ഇങ്ങനെ ഭയപ്പെടുത്തണോ?
വേണ്ടെന്ന അഭിപ്രായക്കാർ ആണ് കൂടുതലും എന്നു തോന്നുന്നു.
വേണ്ട. കാരണം നിപ്പ കോവിഡിനെ പോലെ പടർന്നു പന്തലിച്ചു പോവില്ല. ലക്ഷണം ഇല്ലാത്തവർ പകർത്തില്ല. വളരെ അടുത്ത് സമ്പർക്കത്തിൽ വരുന്നവർക്കേ പകരൂ. ഈ കാരണങ്ങൾ കൊണ്ടൊക്കെ നിപ്പ കോവിഡിനെക്കാൾ പിടിച്ചു കെട്ടാൻ എളുപ്പമാണ്. എന്നാൽ ഒരു കണ്ടീഷൻ. പനിയും ചുമയും തൊണ്ടവേദനയും വന്നാൽ ആൾക്കൂട്ടത്തിൽ പോകില്ലെന്ന് ഉറപ്പ് കൊടുക്കാൻ നമുക്ക് കഴിയുമോ? ആശുപത്രിയിൽ കിടക്കുന്ന ബന്ധുക്കളെ ഒരു പൊതി ഓറഞ്ചുമായി കാണാൻ പോയില്ലെങ്കിൽ അവർ എന്തു വിചാരിക്കും, ഭാവിയിൽ എനിക്കൊരു അസുഖം വന്നാൽ അവരും വരേണ്ടതല്ലേ എന്ന ഉദാത്ത മനോഭാവം നമ്മൾ ഉപേക്ഷിക്കുമോ?
ഈ ഒരു സാഹചര്യത്തിൽ എങ്കിലും ഒരു രോഗിയെ പരിചരിക്കുമ്പോൾ മാസ്ക് ധരിക്കുമോ, ഓരോ തവണയും കൈ സോപ്പിട്ടു കഴുകുമോ? അവരുടെ വസ്ത്രങ്ങൾ പ്രത്യേകം സോപ്പിലിട്ട് വൃത്തിയാക്കുമോ?
തിയറി കേൾക്കുമ്പോൾ നല്ല സുഖമുണ്ട്. എളുപ്പത്തിൽ ചെയ്യാവുന്നവ തന്നെ. ഇനി ഓരോരുത്തരും അവരവരുടെ ജീവിതത്തിൽ ഇത് പ്രാവർത്തികമാക്കുന്നത് ഒന്ന് സങ്കൽപ്പിക്കുക. കഴിഞ്ഞ ആറു മാസത്തിൽ നമ്മൾ എങ്ങനെ പെരുമാറി എന്ന് വെറുതെ ഒന്ന് ഓർത്തെടുക്കുക.
നമുക്ക് പനിയും ചുമയും വന്നപ്പോൾ അത് വിയർപ്പ് തലയിൽ കുടിച്ചത്, വെള്ളം മാറി കുളിച്ചത് അല്ലെങ്കിൽ മഴ നനഞ്ഞത്. അയൽവാസിക്ക് വന്ന പനി മിക്കവാറും കോവിഡോ വേറെ എന്തോ വൈറസോ. പനി വന്ന്, മേലു വേദന വന്ന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാതായാൽ കിടക്കും. അല്ലെങ്കിൽ ഒരു പാരസെറ്റമോൾ അല്ലെങ്കിൽ ഒരു ചുക്ക് കാപ്പി അടിച്ച് മെല്ലെ പുറത്തിറങ്ങും. അമ്മാവന്റെ മോളുടെ കല്യാണം അല്ലേ, നമ്മൾ ഇല്ലാതെ എങ്ങനാ!
കുട്ടിക്കൊരു പനി വന്നാൽ, പത്താം ക്ലാസ്സിൽ അല്ലേ ഒരു ദിവസത്തെ ക്ലാസ്സ് കളയണോ, അല്ലെങ്കിൽ കുട്ടിയെ വീട്ടിൽ നിർത്തിയാൽ നോക്കാൻ ആര്? അച്ഛനോ അമ്മക്കോ ലീവ് എടുക്കണ്ടേ? ഓരോ കല്ലിലും തൂണിലും 2018 ലെ നിപ്പയുടെ ഓർമ്മകൾ തളം കെട്ടിക്കിടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി ഒന്നോർക്കുക. രണ്ടാഴ്ച മുൻപ് എന്തായിരുന്നു?
ഓരോ രോഗിയുടെയും കൂടെ നിൽക്കുന്ന നാലാമത്തെ കൂട്ടിരിപ്പുകാരനെ പുറത്തിറക്കാൻ പെടാപ്പാട് പെടുന്ന സെക്യൂരിറ്റി. അയാളോട് കയർത്തും അയാളെ സമർത്ഥമായി കബളിപ്പിച്ചും ഉള്ളിൽ തന്നെ സ്ഥാനം പിടിച്ച് ആത്മ നിർവൃതി അടയുന്ന എത്ര പേർ!! ഒന്നര വയസ്സായ കുഞ്ഞു തൊട്ട് 75 വയസ്സായ അമ്മൂമ്മ വരെ ബൈസ്റ്റാൻഡർമാർ.
അതേ സമയം തന്റെ ഇമ്മ്യൂണിറ്റിയെ കുറിച്ച് അമിതമായ ആത്മവിശ്വാസത്തിൽ മാസ്കിനു മുകളിലൂടെ മൂക്ക് പുറത്തിട്ടു കാഷ്വാലിറ്റിയിലെ ശുദ്ധ വായു അകത്തേക്ക് വലിച്ചു കയറ്റുന്ന ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ.
നിപ്പ സ്ഥിരീകരിക്കുന്നതിന് മുൻപ് ആ രോഗി കിടന്ന അത്യാഹിത വിഭാഗത്തിൽ അടുത്ത കട്ടിലിൽ രോഗി ആയി കിടന്നു പോയത് ഒരു തെറ്റല്ല. ആ രോഗി പോയിരുന്ന ചായക്കടയിലോ സൂപ്പർ മാർക്കറ്റിലോ യാദൃശ്ചികമായി ഉണ്ടായതും തെറ്റല്ല. പക്ഷെ രോഗം സ്ഥിരീകരിച്ച ശേഷം ഈ പറഞ്ഞ എന്തെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടാവാൻ സാധ്യതയുള്ള ഒരാൾക്ക് പനി വന്നാൽ സ്വയം ഐസൊലേഷനിൽ പോയി കണ്ട്രോൾ റൂമിലേക്കോ അടുത്ത ആരോഗ്യ സംവിധാനങ്ങളിലേക്കോ എത്ര പേര് വിളിച്ചു പറയും?
പലർക്കും നിപ്പ ഏതോ ഒരു നാട്ടിൽ ഏതോ ഒരു മൂലയിൽ കുറച്ചു പേരെ മാത്രം ബാധിക്കുന്ന ഒരു വൈറസ് ആയിരിക്കും. ഇതു വരെയുള്ള കണക്ക് വെറുതെ ഒന്ന് എടുത്തു നോക്കണം. മലേഷ്യയിൽ 265 ഇൽ 105, ബംഗ്ലാദേശിൽ 114 ഇൽ 78, സിലിഗുരി (ഇന്ത്യ) യിൽ 66 ഇൽ 45, നാഡിയ (ഇന്ത്യ) യിൽ 5 ഇൽ 5....ഇത് മരിച്ചവരുടെ എണ്ണമാണ്.
കേരളത്തിലെ കണക്കിലേക്ക് കടക്കുന്നില്ല. എണ്ണം മാത്രമല്ല ഇവിടെ പ്രധാനം. മരിച്ചതിൽ ഏറ്റവും കൂടുതൽ ഒരു കുടുംബത്തിലെ അംഗങ്ങൾ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരാണ് എന്നതാണ്. ഒരു കുടുംബത്തിലെ രണ്ടു ചെറുപ്പക്കാർ കുറച്ചു ദിവസത്തിനുള്ളിൽ മരിക്കുന്നത് ഉണ്ടാക്കുന്ന ആഘാതം ചിന്തിച്ചു നോക്കണം. അവിടെ ബാക്കിയാവുന്നവർ ഇനിയും ജീവിച്ചു തീർക്കണമല്ലോ.
അതേ പോലെ തന്നെ ആരോഗ്യപ്രവർത്തകരുടെ മരണം. 2018 ഇൽ ലിനി സിസ്റ്ററുടെ മരണം ഉണ്ടാക്കിയ വിറങ്ങലിപ്പ് ഇന്നും വിട്ടു പോയിട്ടില്ല. കൂട്ടത്തിൽ ഒരാൾ പോയ ശേഷം തുടർന്നും രോഗികളെ ശുശ്രൂഷിക്കുമ്പോൾ ഉള്ള മാനസികാവസ്ഥ, ധൈര്യം!
നിപ്പ ഒരു പക്ഷേ വീര്യം കുറഞ്ഞിട്ടുണ്ടാകാം. ജനിതക വ്യതിയാനം സംഭവിച്ചേക്കാം. ഒന്നിനും നമുക്ക് തെളിവുകൾ ഇല്ല. പ്രവാചനാതീതമായ സ്വഭാവക്കാരൻ ആണ്. ബംഗ്ലാദേശ് നിപ്പയും മലേഷ്യ നിപ്പയും രണ്ടായിരുന്നു.
കോഴിക്കോട് നിപ്പയും എറണാകുളം നിപ്പയും രണ്ടായിരുന്നു. പകരാനുള്ള സാധ്യത, സംഹാരശേഷി എല്ലാം മാറി മറഞ്ഞു കൊണ്ടിരിക്കുന്നു. ഇനി ഒരു പക്ഷേ ഒട്ടും വന്നില്ലെന്നു വരാം. വവ്വാലുകളിൽ വൈറസ് ഉള്ളടത്തോളം കാലം എല്ലാ വർഷവും വന്നെന്നും വരാം. തത്കാലം ബഹുമാനിക്കുകയല്ലാതെ തരമില്ല. ഏറ്റവും മോശം അവസ്ഥ വരെ പ്രതീക്ഷിക്കുകയും വേണ്ടി വരും. നിയന്ത്രണങ്ങളോ അവധിയോ ഒന്നും വേണ്ടി വരില്ല, പൗരന്മാർ തങ്ങളുടെ കടമ കൃത്യമായി ചെയ്യുമെങ്കിൽ. കരുതൽ എപ്പോഴും വേണ്ടിയും വരും.