ഉറക്ക ​ഗുളിക കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് കാര്യം പലർക്കും അറിയാം. നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടി ​ഗുളിക കഴിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.ഉറക്ക ഗുളികകള്‍ പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

ഉറക്ക ഗുളിക ഇല്ലെങ്കില്‍ ഉറങ്ങാന്‍ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയേക്കാം. ഉറക്കം കുറവുള്ളവര്‍ ഡോകടറുടെ നിര്‍ദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ ഇത്തരം മരുന്നുകള്‍ കഴിക്കാൻ പാടുള്ളൂ. ഉറക്ക ​ഗുളിക കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...?

ഒന്ന്...

നല്ല ഉറക്കത്തിനായി ഡോസ് കൂടിയ ഉറക്ക ഗുളികകള്‍ കഴിക്കുന്നത് അമിതമായ ഉറക്കത്തിനും ക്ഷീണം ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്.

രണ്ട്... 

ശ്വാസകോശത്തില്‍ ക്യത്യമായി ഓക്സിജന്‍ എത്താത്തതു മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് സ്ലീപ്പ് അപ്നിയ. ഉറക്കത്തിനിടെ ഞെട്ടി എഴുന്നേല്‍ക്കുന്നതും, ഉറക്കം നഷ്ടപ്പെടുന്നതുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഉറക്കം ലഭിക്കാനായി ഉറക്ക ഗുളികകള്‍ കഴിക്കുന്നവരില്‍ ഈ ശ്വാസതടസം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മൂന്ന്...

​ഉറക്ക​ഗുളിക കഴിക്കുന്നത് മരുന്നുകളില്ലാതെ ഉറങ്ങാന്‍ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും. വിറയല്‍, വിയര്‍പ്പ്, ഉറക്കമില്ലായ്മ എന്നിവയെല്ലാം ആസക്തിയുടെ ലക്ഷണങ്ങളാണ്.

നാല്...

ഉറക്ക ഗുളിക ശീലമാക്കുന്നവരില്‍ അമിതമായ തലവേദന, നടുവേദന, പേശീ വേദന എന്നിവ കണ്ടു വരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അഞ്ച്...

ഉറക്കഗുളികകളുടെ അമിത ഉപയോഗം, സ്ഥിരമായ ഉപയോഗം എന്നിവ അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ പോലുള്ള മറവി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മൂന്ന് മാസത്തിലോ അതില്‍ അധിമോ കാലം ഉറക്ക ഗുളികകള്‍ കഴിക്കുന്നവര്‍ക്ക് ദീര്‍ഘകാല മറവിരോഗങ്ങള്‍ പിടിപെടാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.