ദീര്‍ഘകാലമായുള്ള അമിത മദ്യപാനം രോഗ സാധ്യത കൂട്ടാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകാം.
കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. മദ്യപാനം തന്നെയാണ് സിറോസിസിന്റെ പ്രധാന കാരണം. എന്നാൽ മദ്യപിക്കുന്ന എല്ലാവർക്കും സിറോസിസ് വരണമെന്നില്ല. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം രോഗ സാധ്യത കൂട്ടാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകാം.
ലിവർ സിറോസിസിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. അമിത ക്ഷീണവും തളര്‍ച്ചയും
അമിത ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ, ഭാരം കുറയുക, ഓക്കാനവും ഛർദിയും എന്നീ സൂചനകള്‍ ലിവർ സിറോസിസിന്‍റെയാകാം.
2. വയറിലെ അസ്വസ്ഥത, വേദന, വീക്കം
വയറിന്‍റെ മുകളിൽ വലത് ഭാഗത്ത് കരൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വീക്കം, അസ്വസ്ഥത, വേദന എന്നിവ ഉണ്ടാകുന്നത് ലിവർ സിറോസിസിന്‍റെ സൂചനയാകാം.
3. കണ്ണിലെ മഞ്ഞനിറം
ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണപ്പെടുന്നതും ചിലപ്പോള്‍ ലിവർ സിറോസിസിന്‍റെ ലക്ഷണമാകാം.
4. ചര്‍മ്മം ചൊറിയുക
കരൾ പ്രവർത്തനം തകരാറിലാകുന്നത് മൂലം ചർമ്മത്തിൽ തിണർപ്പ്, കഠിനമായ ചൊറിച്ചിൽ എന്നിവ ഉണ്ടാകും.
5. കാലുകളില്‍ നീര്
കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ദ്രാവകം കെട്ടിക്കിടന്ന് നീര് ഉണ്ടാകുന്നതും ലിവർ സിറോസിസിന്‍റെ ലക്ഷണമാണ്.
6. ഇരുണ്ട മൂത്രവും വിളറിയ മലവും
ലിവർ സിറോസിസിന്‍റെ സൂചനയായി ഇരുണ്ട മൂത്രവും വിളറിയ മലവും കാണപ്പെടാം.
7. എളുപ്പത്തിൽ ചതവും രക്തസ്രാവവും
രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്ന പ്രോട്ടീനുകൾ കരൾ ഉത്പാദിപ്പിക്കുന്നു. സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
