Health Tips: ലിവര്‍ ക്യാന്‍സറിന്‍റെ ഈ ലക്ഷണങ്ങളെ അവഗണികരുതേ...
മദ്യപാനവും പുകവലിയും കൂടുതലാകുന്നത്, മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

കരളിനെ ബാധിക്കുന്ന അര്‍ബുദ്ദമാണ് ലിവര്‍ ക്യാന്‍സര്‍. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരരോഗമാണ് കരളിലെ അർബുദ്ദം. ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനവും പുകവലിയും കൂടുതലാകുന്നത്, മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നത് ചിലപ്പോള്‍ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
രണ്ട്...
ചര്‍മ്മം അകാരണമായി ചൊറിയുന്നതും നിസാരമായി കാണേണ്ട.
മൂന്ന്...
വയറിന് വീക്കം, ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക തുടങ്ങിയവയും സൂചനയാകാം.
നാല്...
കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കിലും നിസാരമായി കാണേണ്ട. കാരണം ഭക്ഷണം കഴിച്ച് കഴിയുന്നതിനു മുന്‍പ് തന്നെ വയര്‍ നിറയുന്നതും വേദന അനുഭവപ്പെടുന്നതും കരളുമായി ബന്ധപ്പെട്ടിരിക്കുന്നു.
അഞ്ച്...
മലത്തിന് വെള്ളം നിറം ( വിളറിയ മലം), മൂത്രത്തിന് കടുംനിറം എന്നിവയും കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
ആറ്...
അമിതമായ ക്ഷീണം തോന്നുന്നത് പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും കരള്‍ ക്യാന്‍സറിന്‍റെ ഭാഗമായും അമിത ക്ഷീണം ഉണ്ടാകാം.
ഏഴ്...
ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
എട്ട്...
ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയാണ് മറ്റൊരു ലക്ഷണം. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഓക്കാനം, ഛര്‍ദ്ദി എന്നിവ ശ്രദ്ധിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ഈ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാം...