സ്വന്തം മുഖവും ശരീരവും ഭംഗിയായിരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. സൗന്ദര്യത്തിലെ ഏറ്റവും സുപ്രധാന ഘടകം ചര്‍മ്മം ആണെന്ന് പറയാം. ചര്‍മ്മത്തിന്റെ തിളക്കം, ആരോഗ്യം എന്നിവയെല്ലാമാണ് വലിയൊരു പരിധി വരെ സൗന്ദര്യത്തെ സ്വാധീനിക്കുന്നത്.

മിക്കവാറും പേരും ഇന്നത്തെ കാലത്ത് ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശകരമാണ്. മുഖം മിനുക്കല്‍ തന്നെ പ്രധാന ലക്ഷ്യം. എന്നാല്‍ ഡയറ്റിലൂടെ മാത്രം ചര്‍മ്മത്തെ ഭംഗിയാക്കാനാകുമെങ്കില്‍ അതല്ലേ ഏറ്റവും ഉത്തമം. അങ്ങനെയാണെങ്കില്‍ നിര്‍ബന്ധമായും ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ട ചില ഘടകങ്ങളുണ്ട്. അത്തരത്തിലുള്ള പത്ത് സാധനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്...

യോഗര്‍ട്ടാണ് ഇതിലെ പ്രധാന ഘടകം. ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നത് ഒഴിവാക്കാന്‍ യോഗര്‍ട്ട് സഹായപ്രദമാണ്. അതുപോലെ മുഖക്കുരു, കരുവാളിപ്പ് പോലുള്ള ചര്‍മ്മരോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.

രണ്ട്...

മിക്ക വീടുകളിലും നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് മുട്ട. മുട്ടയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.

 

 

ചര്‍മ്മത്തിന്റെ സ്വഭാവം മെച്ചപ്പെടുത്താനാണ് ഇത് സഹായകമാവുക. മുട്ടയിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് ചര്‍മ്മത്തില്‍ നനവ് നിലനിര്‍ത്താനും സഹായിക്കും.

മൂന്ന്...

ചര്‍മ്മത്തിന് തിളക്കമേകാന്‍ പലരും ഉപയോഗിക്കാറുള്ള ഒരു പഴമാണ് പപ്പായ. വളരെ ശരിയാണ് ഈ നിഗമനം. പപ്പായയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-എയും 'പപ്പെയ്ന്‍' എന്ന ഘടകവും ചര്‍മ്മത്തിന് തിളക്കമേകാന്‍ സഹായിക്കുന്നു.

നാല്...

ലെറ്റൂസ് എന്ന ഇലയും ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, സി എന്നിവ ചര്‍മ്മത്തിന് ആരോഗ്യവും ഒപ്പം തന്നെ തിളക്കവും നിദാനം ചെയ്യും.

അഞ്ച്...

വാള്‍നട്ട്, ബദാം, ഹേസില്‍നട്ട് എന്നിങ്ങനെയുള്ള നട്ട്‌സ് കഴിക്കുന്നതും ചര്‍മ്മത്തിന് വളരെ നല്ലതാണ്.

 

 

കോപ്പര്‍, സിങ്ക് പോലുള്ള ധാതുക്കളും വിറ്റാമിന്‍-എ, സി, ഇ പോലുള്ള ഘടകങ്ങളും ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യും.

ആറ്...

എല്ലാ വീടുകളിലും പതിവായി വാങ്ങിയുപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തിന് തിളക്കമേകാന്‍ തക്കാളി കൊണ്ട് ഫേഷ്യല്‍ ചെയ്യുന്നവരുണ്ട്. ഇതും വളരെ ശരിയായ അറിവാണ്. തക്കാളിയിലുള്‌ല ആന്റി ഓക്‌സിഡന്റുകള്‍, ചര്‍മ്മത്തിലുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കും. അതുപോലെ പ്രായം തോന്നിക്കുന്ന പ്രശ്‌നവും ഇതിന് പരിഹരിക്കാനാകും.

ഏഴ്...

ഇന്ന് ഡയറ്റിന്റെ കാര്യത്തില്‍ അല്‍പമെങ്കിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍ പതിവായി കഴിക്കുന്ന ഒന്നാണ് ബ്രൊക്കോളി. ഇതും ചര്‍മ്മത്തിന് വളരെ നല്ലതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളുമടങ്ങിയിരിക്കുന്ന ബ്രൊക്കോളി ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനാണ് സഹായിക്കുക. ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

എട്ട്...

എല്ലാ അടുക്കളകളിലും നിര്‍ബന്ധമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. പാചകത്തിനുള്ള ഒരു ചേരുവ എന്നതിലധികം ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിങ്ങനെയുള്ള അണുക്കള്‍ക്കെതിരെ പോരാടാനാണ് വെളുത്തുള്ളി പ്രധാനമായും സഹായിക്കുന്നത്.

ഒമ്പത്...

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ മിക്കവാറും പതിവായി കഴിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഇത് ചര്‍മ്മത്തിനും ഉപകാരപ്പെടുന്ന ഒന്നാണ്.

 

 

ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്ന പ്രശ്‌നം പരിഹരിക്കാനാണ് പ്രധാനമായും ഗ്രീന്‍ ടീ ഉപയോഗപ്പെടുന്നത്.

പത്ത്...

ഏറ്റവും ഒടുവിലായി ഡയറ്റില്‍ നിങ്ങളുള്‍പ്പെടുത്തേണ്ട ഘടകം മഞ്ഞളാണ്. വെളുത്തുള്ളിയുടെ കാര്യം സൂചിപ്പിച്ചത് പോലെ തന്നെ, പാചകത്തിനുള്ള ചേരുവ എന്നതിലധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് മഞ്ഞളും. ചര്‍മ്മരോഗങ്ങളെ തടയാനാണ് ഇത് പ്രധാനമായും സഹായിക്കുന്നത്. മുഖക്കുരു മുഖത്തെ പാടുകള്‍ എന്നിവ കുറയ്ക്കാനും ഇത് ഗുണകരമാണ്.