മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പിന്തുടരുക, വാക്‌സിന്‍ ഉറപ്പാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തന്നെയാണ് ഒമിക്രോണിനെ ചെറുക്കാനും ഈ ഘട്ടത്തില്‍ ചെയ്യാനാവുക. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കാര്യമായ ജാഗ്രത നാമിപ്പോള്‍ പാലിച്ചേ മതിയാകൂ
കൊവിഡ് 19 രോഗം ( Covid 19 ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ) . ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ടത്. ഇതിന് ശേഷം ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു.
നേരത്തേ അതിശക്തമായ കൊവിഡ് തരംഗങ്ങള്‍ക്ക് പല രാജ്യങ്ങളിലും കാരണമായ 'ഡെല്‍റ്റ' എന്ന വകഭേദത്തെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താനാകുമെന്നതാണ് ഒമിക്രോണിന്റെ പ്രത്യേകത. 'ഡെല്‍റ്റ' സൃഷ്ടിച്ച പ്രതിസന്ധി തന്നെ താങ്ങാന്‍ വിവിധ രാജ്യങ്ങളിലെ ആരോഗ്യമേഖലയ്ക്ക് സാധിച്ചിരുന്നില്ല. അങ്ങനെയെങ്കില്‍ ഒമിക്രോണ്‍ വ്യാപകമായാലുള്ള സാഹചര്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് മുതല്‍ തന്നെ ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ധരും ഇക്കാര്യം നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ വേണ്ടത്ര ശ്രദ്ധയോ കരുതലോ നാമിപ്പോഴും പുലര്‍ത്തുന്നില്ലെന്നതാണ് സത്യം.
ഇപ്പോഴിതാ ഇന്ത്യയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഒമിക്രോണ്‍ കേസുകള്‍ തന്നെ രാജ്യത്ത് അറുന്നൂറിലധികം സ്ഥിരീകരിച്ചുകഴിഞ്ഞിരിക്കുന്നു. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ തുറന്നുവന്നേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡെല്‍റ്റയെ അപേക്ഷിച്ച് രോഗതീവ്രത കുറവാണ് ഒമിക്രോമിനെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. എന്നാലിക്കാര്യത്തില്‍ ആധികാരികമായി ഒരു നിഗമനത്തിലെത്തുക നിലവില്‍ സാധ്യമല്ല. എങ്കിലും ലക്ഷണങ്ങളുടെ കാര്യത്തിലും മറ്റും ലഭ്യമായ വിവരങ്ങള്‍ ഏവരും പങ്കുവയ്ക്കുകയാണ്.
അത്തരത്തില്‍ യുകെയില്‍ കൊവിഡ് ലക്ഷണങ്ങളെ കുറിച്ച് പഠിക്കുകയും വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന 'സൂ കൊവിഡ്' എന്ന ആപ്പ് ഒമിക്രോണ്‍ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരണഗതിയില്‍ ചെറിയ പനി, തൊണ്ടവേദന, ജലദോഷം, തുമ്മല്‍, കാര്യമായ ശരീരവേദന, തളര്‍ച്ച, രാത്രിയില്‍ അമിതമായി വിയര്‍ക്കുക എന്നിവയെല്ലാമാണ് ഒമിക്രോണ്‍ ലക്ഷണങ്ങളായി ആപ്പ് ചൂണ്ടിക്കാട്ടുന്നത്.
ഇവയെല്ലാം തന്നെ നേരത്തേ കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഇടം നേടിയ പ്രശ്‌നങ്ങളാണ്. ഇതിന് പുറമെ ചര്‍മ്മത്തിലും ചില സൂചനകള്‍ ഒമിക്രോണ്‍ ബാധയില്‍ കാണാമെന്നാണ് ആപ്പ് നല്‍കുന്ന വിവരം.
കൊവിഡ് ബാധിതരില്‍ ചിലരില്‍ ചര്‍മ്മത്തില്‍ പാടുകള്‍, ചെറിയ കുരുക്കള്‍ എന്നിവ കാണാമെന്ന് നേരത്തേ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒമിക്രോണ്‍ കേസുകളില്‍ കുറെക്കൂടി വ്യാപകമാണെന്നാണ് ആപ്പ് പറയുന്നത്.
ചിലര്‍ക്ക് ചര്‍മ്മത്തില്‍ വെറുതെ പാടുകള്‍ പോലെ മാത്രം വരാം. ചിലരില്‍ കൈവിരലുകളിലും കാല്‍വിരലുകളിലുമെല്ലാം ചെറിയ കുരുക്കള്‍ വരാം. ഇവയില്‍ ചിലതില്‍ ചൊറിച്ചിലോ വേദനയോ അനുഭവപ്പെടാം. ഒരു വിഭാഗം പേരില്‍ ചര്‍മ്മത്തില്‍ വരുന്ന പാടുകൡും ചൊറിച്ചില്‍ വരാമത്രേ.

ഇത് അധികവും കൈമുട്ടിലോ, കാല്‍മുട്ടിലോ, കൈകളുടെ പിറകുവശത്തോ, പാദങ്ങളിലോ ആകാമെന്നും ആപ്പ് പറയുന്നു. ഇക്കാര്യങ്ങളൊന്നും തന്നെ നിലവില്‍ ആധികാരികമായി ഉറപ്പിക്കപ്പെട്ടതല്ല. ഒമിക്രോണ്‍ സംബന്ധിച്ച് വിവിധ വശങ്ങളെ കുറിച്ച് ഗവേഷകര്‍ ഇപ്പോഴും പഠനത്തിലാണെന്നതാണ് സത്യം.
മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പിന്തുടരുക, വാക്‌സിന്‍ ഉറപ്പാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തന്നെയാണ് ഒമിക്രോണിനെ ചെറുക്കാനും ഈ ഘട്ടത്തില്‍ ചെയ്യാനാവുക. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കാര്യമായ ജാഗ്രത നാമിപ്പോള്‍ പാലിച്ചേ മതിയാകൂ.
Also Read:- ഒമിക്രോണിനെതിരെ വാക്സിൻ ഫലപ്രദമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ
