2025 സെപ്റ്റംബർ 30-ന് ദി ലാൻസെറ്റ് ഡിസ്കവറി സയൻസിന്റെ ഭാഗമായ ഇബയോമെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, തലച്ചോറിന്റെ അകാല വാർദ്ധക്യത്തിന് ഒരു കാരണം ഉറക്കക്കുറവാണെന്ന് പറയുന്നു.
രാത്രി വളരെ വൈകി ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിന്‍റെ വാർദ്ധക്യത്തെ വേഗത്തിലാക്കുന്നു എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ഇത് ഡിമെൻഷ്യ വരാനുള്ള സാധ്യതയെ കൂട്ടുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 2025 സെപ്റ്റംബർ 30-ന് ദി ലാൻസെറ്റ് ഡിസ്കവറി സയൻസിന്റെ ഭാഗമായ ഇബയോമെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, തലച്ചോറിന്റെ അകാല വാർദ്ധക്യത്തിന് ഒരു കാരണം ഉറക്കക്കുറവാണെന്ന് പറയുന്നു.
ആവശ്യത്തിന് ഉറങ്ങാത്തവർക്ക് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തലച്ചോറിന് അകാല വാർദ്ധക്യം സംഭവിക്കാനുള്ള സാധ്യതയുണ്ടത്രേ. 27,000-ത്തിലധികം മുതിർന്നവരിലാണ് ഗവേഷകർ ഈ പഠനം നടത്തിയത്.
രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
1. രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം തിരഞ്ഞെടുക്കുക. പതിവായി ആ കൃത്യസമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുക. കൃത്യ സമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
2. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം അവസാനിപ്പിക്കുക.
3. രാത്രി ഉറങ്ങുന്നതിന് തൊട്ടു മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നതും ഉറക്ക തടസത്തിന് കാരണമാകാം. അതിനാല്‍ ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് ഭക്ഷണം മിതമായി കഴിക്കാന്‍ ശ്രമിക്കുക.
4. പകല്‍ ഉറങ്ങാതിരിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിച്ചേക്കാം.
5. സ്ട്രെസ് ഉറക്കം തടസപ്പെടുത്താം. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികളെ സ്വീകരിക്കുക.
6. കാപ്പിയുടെ ഉപയോഗം ഉറക്കം കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. അതിനാല്‍ കഫൈന്‍ ഉപയോഗം കുറയ്ക്കാം. വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ഒഴിവാക്കുക.
7. ഒരു ഗ്ലാസ് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.
8. നേന്ത്രപ്പം, കിവി, മത്തന്‍ വിത്ത്, ബദാം തുടങ്ങി ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
